‌തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനുള്ള എൻഎസ്എസ് പിന്തുണയിൽ മൂന്നാംഭരണത്തിലേക്ക് പ്രതീക്ഷയർപ്പിച്ച് സിപിഎം. മൂന്നാം ടേമിലേക്കുള്ള യാത്രയിൽ സമൂഹത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പിന്തുണ ലഭിക്കുന്നുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മൂന്നാംഭരണം പുതിയ അധ്യായമായിരിക്കും. അയ്യപ്പന്റെ മാത്രമല്ല, എല്ലാവരുടെയും കടാക്ഷം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

പാർട്ടി എന്നും വിശ്വാസികൾക്കൊപ്പമാണ്. അയ്യപ്പസംഗമം തിരഞ്ഞെടുപ്പ് ചർച്ചയാവുമെന്നു കരുതുന്നില്ല. എല്ലാ വിശ്വാസികളെയും ക്ഷണിക്കും. യഥാർഥ വിശ്വാസികൾ വർഗീയവാദികളല്ല. വർഗീയവാദികൾക്ക് വിശ്വാസവുമില്ല. ഭരണാധികാരത്തിലേക്കു കടക്കാൻ വിശ്വാസം ഒരു ആയുധമായി ഉപയോഗിക്കുകയാണ് വർഗീയവാദികൾ. വർഗീയവാദികൾക്കെതിരായ പോരാട്ടത്തിൽ നല്ല പങ്കുവഹിക്കേണ്ടവരാണ് വിശ്വാസികളെന്നും ഗോവിന്ദൻ പറഞ്ഞു.

സംഗമത്തെപ്പറ്റി ബിജെപി വിമർശനമുന്നിയിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി.

രാഹുലിനെ വിടാതെ സിപിഎം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തിലുറച്ച് സിപിഎം. അതേസമയം, രാഹുലിന്റെ രാജിക്കായി സിപിഎം ഒറ്റയ്ക്കു സമരം നടത്താൻ ആലോചിക്കുന്നില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രാഹുലിനെക്കുറിച്ച് കേട്ടതിനേക്കാൾ കൂടുതൽ കേൾക്കാനുണ്ട്. സസ്പെൻഷൻ‍ ഒത്തുകളിയാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.