കേരളത്തിൽ ക്രിസ്ത്യൻ, മുസ്ലീം മതവിഭാഗങ്ങളിൽപ്പെടുന്നവരെയാണ് സർക്കാർ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുന്നതെന്ന ആരോപണത്തോടെ ഒരു വീഡിയോ സമൂഹമാധ്യമമായ ‘എക്സി’ൽ പ്രചരിക്കുന്നുണ്ട്. കോൺഗ്രസിനെയും ഇടതുപക്ഷത്തെയും കടന്നാക്രമിച്ചുകൊണ്ടുള്ളതാണ് വീഡിയോ. വർഗീയ ദ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രചാരണം വ്യാജമാണ് എന്നതാണ് വാസ്തവം.
ഒട്ടേറെ നോർത്ത് ഇന്ത്യൻ ഹാൻറിലുകൾ സമാന ആരോപണത്തോടെ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കേരളത്തിൽ കോൺഗ്രസ് പിന്തുണയോടെയുള്ള ഇടത് സർക്കാറാണ് ഭരണം നടത്തുന്നതെന്ന സന്ദേശത്തിലെ വാദം തീർത്തും തെറ്റാണ്. മാത്രമല്ല, സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ക്രിസ്ത്യാൻ, മുസ്ലീം മതവിഭാഗങ്ങളിൽ നിന്നുള്ളവരെയാണ് പൂജാരിമാരായി നിയമിച്ചിരിക്കുന്നതെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്.
വൈറൽ വീഡിയോയിലേക്ക് വന്നാൽ, വലിയ ഒരു ഹാളിൽ നിലത്തിരിക്കുന്ന ഒട്ടേറെപ്പേർക്ക് നടുവിൽ നിന്നുകൊണ്ട് ഒരാൾ ഇസ്ലാമിക ഭക്തിഗാനം പാടുന്നതാണ് ദൃശ്യങ്ങളിൽ. പാടുന്ന വ്യക്തി കറുപ്പ് മുണ്ടുടുത്ത് അതിന് മുകളിൽ കാവിനിറത്തിലുള്ള വസ്ത്രം ചുറ്റിയിട്ടുണ്ട്. ചുറ്റും ഇരിക്കുന്നവരുടെ വേഷവും കറുത്ത മുണ്ടാണ്. ചിലർ പൂമാലകളും കഴുത്തിലണിഞ്ഞിട്ടുണ്ട്. അയ്യപ്പ ഭക്തരുടെ സംഘമാണിതെന്ന് ആദ്യകാഴ്ചയിൽതന്നെ തോന്നും.
വൈറലായ ഭക്തിഗാനാലാപനത്തിന്‍റെ കൂടുതൽ വ്യക്തതയും ദൈർഘ്യവുമുള്ള വീഡിയോ കണ്ടെത്തി. മല്ലി ഫോട്ടോഗ്രഫി എന്ന യൂട്യൂബ് ചാനലിൽ 2017 നവംബർ 19-ന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട് - ‘ചലസനി ഗാർഡൻസ് അയ്യപ്പ പടിപൂജ’ എന്നാണ്. ആന്ധ്രപ്രദേശിലെ ഏലൂരിലുള്ള ഒരു കൺവെൻഷൻ സെൻററാണ് ചലസനി ഗാർഡെൻസ് . വൈറൽ വീഡിയോയിൽ കാണുന്ന ഗായകനും പശ്ചാത്തലവുമെല്ലാം ചലസനി ഗാർഡൻസിൽ നടന്ന പൂജയിലെ ദൃശ്യങ്ങളുമായി യോജിക്കുന്നുണ്ട്. എന്നാൽ, ഇസ്ലാമിക ഭക്തിഗാനം പാടുന്ന ദൃശ്യങ്ങൾ മല്ലി ഫോട്ടോഗ്രി എന്ന ചാനലിൽ കണ്ടെത്താനായില്ല.
തുടർന്ന്, ഇസ്ലാമിക ഭക്തിഗാനം പാടുന്ന വീഡിയോ കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്തി. കീവേർഡ് സർച്ച് ചെയ്തതിൽനിന്നു എസ്ബിആർ ന്യൂസ് എന്ന യൂട്യൂബ് ചാനലിൽ 2019 ജൂലൈ 24-ന് പോസ്റ്റ് ചെയ്ത വീഡിയോ കണ്ടെത്തി. ‘ലാ ഇലാഹ ഇല്ലള്ള അയ്യപ്പ സ്വാമുള സോങ്’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൈറൽ പോസ്റ്റിൽ നൽകിയിരിക്കുന്ന ദൃശ്യങ്ങൾ ഈ വീഡിയോയിൽ നിന്നുള്ളത് തന്നെയാണെന്ന് പരിശോധനയിൽ വ്യക്തമായി.
2017ൽ ആന്ധ്രയിലെ ഏലൂരുലുള്ള ഒരു കൺവെൻഷൻ സെൻററിൽ നടന്ന അയ്യപ്പ ഭക്തരുടെ പരിപാടിയിൽ, അയ്യപ്പ ഭക്തിഗാനങ്ങൾക്കൊപ്പം വാവരെ പ്രകീർത്തിച്ചുകൊണ്ടുള്ള ഗാനവും ആലപിച്ചിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളിൽ നിന്ന് ചില ഭാഗങ്ങൾ മാത്രം എടുത്താണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ ഇസ്ലാമിക ഗാനം പാടി, പൂജാരിമാർ ഇതര മതസ്ഥരാണ് എന്നീ ആരോപണങ്ങളോടെ തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: Viral claims stating non-Hindus are appointed as priests in Kerala temples are completely false., The video showing a Muslim devotional song is actually from an Ayyappa puja event held in Eluru, Andhra Pradesh., Footage from 2017 events has been manipulated and taken out of context to spread communal polarization in Kerala.
Published: 15 Sept 2026, 02:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented