
കല്‍പറ്റ: മുട്ടില്‍മരം മുറിക്കേസില്‍ പിടിച്ചെടുത്ത മരങ്ങള്‍ കണ്ടുകെട്ടിയതിനെതിരായ ഇടക്കാല സ്റ്റേ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും നീങ്ങിയില്ല. വനംവകുപ്പിന്റെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്കാണ് കാരണമെന്നാണ് വിമര്‍ശനം. 27 കേസുകളാണ് വയനാട് ജില്ലാ സെഷന്‍സ് കോടതിയില്‍ മൊത്തത്തിലുള്ളത്. അതില്‍ കീഴ്ക്കോടതിയിലുള്ള രേഖകള്‍ മുഴുവനും എത്തിച്ച് നല്‍കിയിട്ടുമില്ല.
മുട്ടില്‍ മേഖലയില്‍നിന്ന് മുറിച്ചുകടത്തിയ 104 ഈട്ടി മരങ്ങള്‍ വനംവകുപ്പ് കണ്ടുകെട്ടിയതിനെതിരേ 2022 ജൂണിലാണ് റോജി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ജില്ലാഅഡീഷണല്‍ സെഷന്‍സ് കോടതിയില്‍നിന്ന് ഇടക്കാല സ്റ്റേനേടിയത്. ഓരോതവണ കേസ് പരിഗണിക്കുമ്പോഴും വാദം പറയാതെ നീളുകയാണ്. കേസ് തിങ്കളാഴ്ചത്തേക്ക് വീണ്ടും പരിഗണനയ്ക്ക് വെച്ച കോടതി അന്ന് നിര്‍ബന്ധമായും വാദംപറയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വനംവകുപ്പിന്റെ കുപ്പാടിയിലെ ഡിപ്പോയിലാണ് പിടിച്ചെടുത്ത മരങ്ങള്‍ മൂന്നുവര്‍ഷമായി സൂക്ഷിച്ചിരിക്കുന്നത്. ഇനിയും ലേലം നടത്തിയില്ലെങ്കില്‍ മരങ്ങള്‍ നശിച്ച് സര്‍ക്കാരിന് സാന്പപത്തിക നഷ്ടമുണ്ടാവും. റവന്യൂവകുപ്പിന്റെ ഉത്തരവനുസരിച്ചാണ് മരങ്ങള്‍ മുറിച്ചതെന്നും അതിനാല്‍ അത് തങ്ങളുടേതാണെന്നുമാണ് പ്രതികള്‍ അവകാശപ്പെടുന്നത്. 570 വര്‍ഷംവരെ പഴക്കമുള്ള മരങ്ങളാണ് ഇവര്‍ മുറിച്ചുകടത്തിയതെന്നാണ് ഡി.എന്‍.എ. റിപ്പോര്‍ട്ടില്‍ വ്യക്തമായത്.
പട്ടയഭൂമിയിലുള്ളവയായതിനാല്‍ മരങ്ങളെല്ലാം സര്‍ക്കാരിലേക്ക് നിക്ഷിപ്തവുമാണ്. സ്റ്റേനീക്കിയാല്‍ പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടികളുമായി വനംവകുപ്പിന് മുന്നോട്ടുപോവാം. ഇതിനുപകരം ലേലത്തിന് അനുമതി തേടി പുതിയ ഹര്‍ജിയാണ് വനംവകുപ്പ് നല്‍കിയത്. സ്റ്റേ നീക്കംചെയ്താല്‍ മറ്റൊരു ഹര്‍ജിയുടെ ആവശ്യമില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. എന്നാല്‍, വനംവകുപ്പല്ല സ്റ്റേനേടിയ ഹര്‍ജിക്കാരാണ് പുതിയ ആവശ്യങ്ങളുമായി വന്ന് അനാവശ്യ തടസ്സങ്ങളുണ്ടാക്കി കേസ് നീട്ടിക്കൊണ്ടുപോവുന്നതെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ പറയുന്നത്. വാദം പറയേണ്ടതും ഹര്‍ജിക്കാരാണ് അല്ലാതെ വനംവകുപ്പല്ല.
കഴിഞ്ഞതവണ എറണാകുളത്ത് നിന്നുള്ള അഭിഭാഷകന് എത്താന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് റോജി അഗസ്റ്റിന്റെ അഭിഭാഷകന്‍ അധികസമയം ചോദിക്കുകയായിരുന്നു. അതുകൊണ്ടാണ് കോടതി വീണ്ടും സമയം അനുവദിച്ചത്.
അതിനിടെ കോടതി കേസില്‍ അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. അതിന്റെ റിപ്പോര്‍ട്ട് നല്‍കലുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ വേറെയുമുണ്ടായെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറയുന്നു.
ഇതോടൊപ്പം പ്രതികള്‍ക്കെതിരേ ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരം പിഴയീടാക്കാനുള്ള റവന്യുവകുപ്പിന്റെ നടപടികളും നിലച്ചിരിക്കുകയാണ്.
Content Highlights: muttil tree felling case
Published: 24 Mar 2024, 08:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented