
കോഴിക്കോട്: ക്രിസ്മസ് ദിനത്തിലെ കെയ്ക്ക് മുറിയില്‍ സമസ്ത ഇ.കെ. സുന്നി വിഭാഗത്തിലെ ലീഗ് വിരുദ്ധരുടെ എതിര്‍പ്പിന് പിന്നാലെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ കാന്തപുരം വിഭാഗവും. മറ്റ് മതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് ഇസ്ലാമികമായി ശരിയല്ലെന്നും അപകടം ചെയ്യുമെന്നും എ.പി. സമസ്ത മുശാവറ അംഗം അബ്ദുള്‍ ജലീല്‍ സഖാഫി പറഞ്ഞു. മറ്റുസമുദായക്കാരുടെ ആചാരങ്ങളില്‍ പങ്കെടുക്കുന്നത് തെറ്റാണെന്ന് എസ്.കെ.എസ്.എസ്.എഫ്. നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.
'മതസൗഹാര്‍ദത്തിന്റെ ഭാഗമായി മറ്റ് മതക്കാരോട് മനുഷ്യരെന്ന നിലയ്ക്ക് ഇടപെടാം. സൗജന്യങ്ങളും സഹായങ്ങളും സഹകരണവുമാവാം. അവര്‍ക്ക് ഭക്ഷണം നല്‍കാം, വസ്ത്രം നല്‍കാം, രോഗചികിത്സയ്ക്ക് സഹായിക്കാം. ഇടപാടില്‍ സഹകരിക്കാം, വ്യക്തിപരമായ വേദികളില്‍ പങ്കെടുക്കാം. അതേസമയം, നൂറ് ശതമാനം ഇസ്ലാമിക വിരുദ്ധമായ മറ്റ് മതക്കാരുടെ മതപരമായ ആചാര- ആഘോഷ അനുഷ്ടാനങ്ങളിലും അവരുടെ ആരാധാനാലയങ്ങളുടെ നിര്‍മാണത്തിനും ദൈവികമായ പ്രതിഷ്ഠകളിലും ഖാസിമാരും മുസ്ലിം പണ്ഡിതരും പങ്കെടുക്കുന്നത് ശരിയല്ല. അത് ഇസ്ലാമികമായി വളരെ അപകടം ചെയ്യും', എന്നായിരുന്നു അബ്ദുള്‍ ജലീല്‍ സഖാഫിയുടെ വാക്കുകള്‍.
ഹമീദ് ഫൈസിയുടെ വിമര്‍ശനത്തിന് പിന്നാലെ സാദിഖലി തങ്ങള്‍ക്ക് പിന്തുണയുമായി എസ്.എസ്.എഫ്. നേതാവ് അബ്ദുസമദ് പൂക്കോട്ടൂരും ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും പി.എം.എ. സലാമും രംഗത്തെത്തിയിരുന്നു. കെയ്ക്ക് ആചാരത്തിന്റെ ഭാഗമായി കഴിച്ചാല്‍ തെറ്റാണെന്നും സൗഹൃദപരമായി കഴിച്ചാല്‍ കുഴപ്പമില്ലെന്നുമായിരുന്നു അബ്ദുസമദ് പൂക്കോട്ടൂരിന്റെ വാദം.
നിരന്തരം ആരോപണം ഉന്നയിക്കുന്നതിന്റെ ലക്ഷ്യം വേറെയാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. വര്‍ഗീയതകൊണ്ട് കേരളത്തിൽ ആരും ക്ലച്ചുപിടിക്കുമെന്ന് കരുതേണ്ട. പൊതുസമൂഹത്തെ കൂട്ടുപിടിച്ച് മാത്രമേ മുസ്ലിം ലീഗ് മുന്നോട്ടുപോകൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക തട്ടിപ്പുകേസുകളില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമായാണ് ലീഗ് നേതാക്കളെ കുറ്റം പറയുന്നതെന്നായിരുന്നു പി.എം.എ. സലാമിന്റെ പ്രതികരണം.
ക്രിസ്മസിനോട് അനുബന്ധിച്ച് സാദിഖലി തങ്ങള്‍ കോഴിക്കോട് ബിഷപ് വര്‍ഗീസ് ചക്കാലക്കലിനെ സന്ദര്‍ശിച്ചിരുന്നു. മലാപ്പറമ്പിലെ ബിഷപ് ഹൗസിലെത്തിയ തങ്ങള്‍ സമ്മാനങ്ങള്‍ കൈമാറുകയും കെയ്ക്ക് മുറിച്ച് പങ്കിടുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. എം.കെ. മുനീര്‍ അടക്കമുള്ള നേതാക്കളും സാദിഖലി തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.
Content Highlights: Controversy erupts after Muslim League leaders participate in Christmas cake cutting ceremony
Published: 12 Jan 2025, 11:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented