കൊച്ചി: മൂന്നാറില്‍ വ്യാജരേഖയുണ്ടാക്കി നിരവധി തട്ടിപ്പുകള്‍ നടത്തിയെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. പട്ടയവിതരണത്തിലെ വിവരശേഖരണത്തില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടുവെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ ആരും ഒന്നും പരിശോധിക്കുന്നില്ല. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കീഴില്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.

To advertise here,

ഇതുമായി ബന്ധപ്പെട്ട് കോടതിക്ക് പരിമിതികളുണ്ടെന്നും സര്‍ക്കാരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടതെന്നുമായിരുന്നു കോടതിയുടെ മറുപടി. ഇത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി നേരത്തെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. വ്യാജ പട്ടയങ്ങൾ നൽകിയ ഉദ്യോ​ഗസ്ഥർക്കെതിരെ സർക്കാർ എന്തുനടപടി എടുത്തെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചിരുന്നു. കേസിൽ സിബിഐയെ കക്ഷി ചേർക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

വ്യാജ പട്ടയങ്ങൾക്ക് പിന്നിൽ ഉദ്യോ​ഗസ്ഥ- മാഫിയ സംഘമുണ്ടെന്നും വലിയ അഴിമതി നടന്നിട്ടുണ്ടെങ്കിലും കേസുകളിൽ ഒന്നിലും അഴിമതി നിരോധന പ്രകാരമുള്ള കുറ്റം ചുമത്തിയില്ലെന്നും നേരത്തെ കോടതി പറഞ്ഞിരുന്നു. പല ഭൂമി കയ്യേറ്റ കേസുകളിലും സർക്കാരിന് തിരിച്ചടി ഉണ്ടായിട്ടും അതിൽ അപ്പീൽ പോലും നൽകാതെ സർക്കാർ മുന്നോട്ടുപോകുകയാണെന്നും ഡിവിഷൻ ബെഞ്ച് വിമർശിച്ചു.

മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങളുമായി ബന്ധപ്പെട്ട് മുൻ തഹസിൽദാർ എം.ഐ. രവീന്ദ്രനെതിരെ എന്തുനടപടി എടുത്തെന്നും കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളിൽ 42 കേസുകൾ ക്രൈംബ്രാഞ്ചും 24 എണ്ണം വിജിലൻസും ആണ് അന്വേഷിക്കുന്നത്. ഈ കേസുകളിലാണ് ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നത്.