തിരുവനന്തപുരം: കേരളരാഷ്ട്രീയം ഇടംവലം കലങ്ങിമറിഞ്ഞ ‘മൂന്നാർ ഓപ്പറേഷ’ന്റെ ചുരുളഴിച്ച് ദൗത്യസംഘത്തലവൻ ‘പൂച്ച’ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ കെ. സുരേഷ്‌കുമാറിന്റെ പുസ്തകം പുറത്തിറങ്ങി. 2006-11ലെ എൽ.ഡി.എഫ്. ഭരണകാലത്ത് മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ചുമതലപ്പെടുത്തിയത് സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയായിരുന്നു.

To advertise here,

കൊമ്പനാനയെപ്പോലുള്ള വി.എസിനെ പാർട്ടി കൂച്ചുവിലങ്ങിട്ടതിനാലാണ് മൂന്നാർ ദൗത്യം ഇടയ്ക്കുവെച്ചു നിർത്തേണ്ടിവന്നതെന്ന് പ്രകാശനച്ചടങ്ങിൽ ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു. പത്തുവർഷത്തിനിടെ അവിടെ കൂണുകൾപോലെ വീണ്ടും റിസോർട്ടുകൾ വന്നെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ദൗത്യം പൂർണമായില്ലെങ്കിലും പരാജയമല്ലായിരുന്നെന്ന് വി.എസിന്റെ ഉദ്യോഗസ്ഥസംഘത്തിലുണ്ടായിരുന്ന ജോസഫ് സി. മാത്യു വാദിച്ചു. കൈയേറി കെട്ടിടം നിർമിച്ചാൽ, ഇച്ഛാശക്തിയുള്ള ഭരണാധികാരി വന്നാൽ തിരിച്ചെടുക്കുമെന്ന തിരിച്ചറിവ് മൂന്നാർ ദൗത്യമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

‘വി.എസിനൊപ്പം എന്റെ ദിനങ്ങൾ’ എന്ന പേരിലുള്ള പുസ്തകം കോൺഗ്രസ് നേതാവ് കെ. സുധാകരൻ എം.പി. ജസ്റ്റിസ് കമാൽ പാഷയ്ക്കുനൽകി പ്രകാശനം ചെയ്തു. താനും വി.എസും ഒരിക്കലും പരസ്പരപൂരകമായി പോയിട്ടില്ലാത്ത രാഷ്ട്രീയക്കാരാണെങ്കിലും അദ്ദേഹത്തോടൊപ്പമുള്ള ഒരു യാത്രയിൽ കാഴ്ചപ്പാട് മാറിയെന്ന് കെ. സുധാകരൻ പറഞ്ഞു.

അച്ഛന്റെ ഉപദേശമനുസരിച്ചാണ് പുസ്തകമെഴുതിയതെന്നും ഇടതുമന്ത്രിസഭയിലിരിക്കുമ്പോൾ ചില ബുദ്ധിമുട്ടുകൾ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞതു ശരിയായെന്നും സുരേഷ്‌കുമാർ പറഞ്ഞു. ഐ.എ.എസ്. ഉദ്യോഗസ്ഥരായ ബി. അശോക്, എൻ. പ്രശാന്ത്, വി.എസിന്റെ മുൻ സെക്രട്ടറി കെ.എം. ഷാജഹാൻ, പ്രസാധകൻ എ.വി. ശ്രീകുമാർ എന്നിവരും സംസാരിച്ചു.