കല്പറ്റ: “ഇനി നമുക്ക് ടൗൺഷിപ്പിലെ വീട്ടിൽ കാണാമെന്ന് പറഞ്ഞ് കാത്തിരിപ്പാർന്നു ഉമ്മ, പക്ഷേ...” -കല്പറ്റ ടൗൺഷിപ്പിലെ വീട് താമസത്തിനൊരുങ്ങുന്നതിന്റെ സന്തോഷം വാക്കുകളിലൂടെ പൂർത്തിയാക്കാൻ‌ നൗഷാദിനായില്ല, ഉമ്മ കദീസയുടെ വിയോഗത്തിന്റെ വേദനകൾ നൗഷാദിന്റെ വാക്കുകളെ മുറിച്ചുകളഞ്ഞു. ടൗൺഷിപ്പിലെ വീട്ടിൽ എല്ലാവർക്കും ഒരുമിച്ചുകഴിയണമെന്ന ആഗ്രഹം ബാക്കിയാക്കി ഒരുമാസം മുൻപാണ് കദീസ ലോകത്തുനിന്ന് വിടവാങ്ങിയത്.

To advertise here,

ഒരുകുടുംബംപോലെ കഴിഞ്ഞ മുണ്ടക്കൈ-ചൂരൽമല ഗ്രാമങ്ങൾ ഉരുളിലൊഴുകിപ്പോയപ്പോൾ ജീവൻമാത്രം തിരികെ കിട്ടിയവർ പല ദിക്കുകളിലേക്ക് ചിതറി. എന്ന‌ുംകണ്ടിരുന്നവർ വല്ലപ്പോഴും കാണുന്നവരായി.

സംസാരം ഫോൺവിളികളിൽ ഒതുങ്ങി. ടൗൺഷിപ്പ് വരുമ്പോൾ പഴയപോലെ ഒരിടത്ത് താമസിക്കാമല്ലോയെന്ന പ്രതീക്ഷയിലായിരുന്നു കദീസയും. പക്ഷേ, ആ ഒത്തുചേരലിന് കാത്തുനിൽക്കാൻ വിധി അവരെ അനുവദിച്ചില്ല. മാർച്ച് 26-നായിരുന്നു കദീസയുടെ മരണം.

ഉമ്മയുടെ ആഗ്രഹം ഇനി ഒരിക്കലും സഫലമാവില്ലല്ലോ എന്നോർക്കുമ്പോൾ നൗഷാദിന് സങ്കടം സഹിക്കാൻ പറ്റുന്നില്ല. ചൊവ്വാഴ്ച വീടിന്റെ പരിശോധനയ്ക്കെത്തിയപ്പോൾ ഉമ്മയും ഒപ്പമുണ്ടായിരുന്നെങ്കിലെന്ന് ഏറെ ആഗ്രഹിച്ചുപോയെന്നും നൗഷാദ് പറഞ്ഞു.

മുണ്ടക്കൈ സ്വദേശിയായ പൂങ്കുഴിയിൽ നൗഷാദും കുടുംബവും ഉരുൾപൊട്ടലിന്റെ മണിക്കൂറുകൾക്കുമുൻപേ മാറിത്താമസിച്ചതുകൊണ്ടുമാത്രം ജീവൻ തിരികെക്കിട്ടിയവരാണ്. ബന്ധുക്കളും സുഹൃത്തുക്കളുമായ പലരും ഇന്ന് ഇവരുടെ കൂടെയില്ല. ടൗൺഷിപ്പിലെ ക്ലസ്റ്റർ എ-യിലാണ് നൗഷാദിന് വീട് ലഭിച്ചിരിക്കുന്നത്.

ചേർത്തുപിടിച്ച എല്ലാവരോടും ഹൃദയംനിറഞ്ഞ നന്ദിയുണ്ടെന്നും പുതിയ ജീവിതമാണ് ടൗൺഷിപ്പിൽ തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.