തിരുവനന്തപുരം: എം.ടി. വാസുദേവന്‍ നായരെ അനുസ്മരിച്ച് കേരള സാംസ്‌കാരിക വകുപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. നമുക്ക് എം.ടി ആരായിരുന്നു എന്ന് ചിന്തിക്കാനുള്ള ഘട്ടമാണിതെന്നും എം.ടിയുമായി സഹകരിച്ച ഒരുപാട് നിമിഷങ്ങള്‍ ഓര്‍മച്ചിത്രങ്ങളായി മനസ്സില്‍ തെളിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടില്‍ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച നിമിഷങ്ങളും അദ്ദേഹം കാട്ടിയ സ്‌നേഹവും പരിഗണനയുമെല്ലാം മനസ്സില്‍ വന്നുനിറയുന്നുവെന്നും അവയെല്ലാം വലിയൊരു ധന്യതയായി മനസ്സില്‍ സൂക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

To advertise here,

''മുഖ്യമന്ത്രിയായി ഇരിക്കേതന്നെ എം.ടിയെ പലവട്ടം കണ്ടിട്ടുണ്ട്. വ്യക്തിപരമായി ഏതെങ്കിലും കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും പറയാനുണ്ടായിരുന്നില്ല. പറയാനുള്ളതൊക്കെ മലയാളഭാഷയെക്കുറിച്ചും തുഞ്ചന്‍ പറമ്പിനെക്കുറിച്ചും കോഴിക്കോട്ട് വരേണ്ടതായിട്ടുള്ള ചില കാര്യങ്ങളെക്കുറിച്ചുമായിരുന്നു. മലയാളഭാഷയോട് എന്തൊരു സ്‌നേഹമായിരുന്നു അദ്ദേഹത്തിന്. പുതുതലമുറകള്‍ക്ക് നല്ല മലയാളം നഷ്ടമാവുന്നതിനെക്കുറിച്ച് എന്തൊരു ഉത്കണ്ഠയായിരുന്നു. തുഞ്ചന്‍ പറമ്പാവട്ടെ അദ്ദേഹത്തിന് സ്വന്തം ഹൃദയം തന്നെയായിരുന്നു. ഇതേക്കുറിച്ചൊക്കെ പറഞ്ഞുകഴിഞ്ഞിട്ടുവേണ്ടേ മറ്റെന്തെങ്കിലും പറയാന്‍? ഇതൊന്നും എം.ടിക്ക് പറഞ്ഞവസാനിപ്പിക്കാന്‍ കഴിയുന്ന കാര്യങ്ങളായിരുന്നില്ല.

മലയാളഭാഷാ പ്രതിജ്ഞ നമുക്കായി തയ്യാറിക്കിത്തന്നു അദ്ദേഹം. തുഞ്ചന്‍ പറമ്പിനെ ലോകത്തെങ്ങുമുള്ള സാഹിത്യകാരന്മാരുടെ തീര്‍ഥാടന കേന്ദ്രമാക്കി മാറ്റിയ വ്യക്തിയാണ്. അതിനൊക്കെ കൈയും മെയ്യും മറന്ന് പ്രവര്‍ത്തിച്ച ആളുമാണ്. എം.ടി അസുഖബാധിതനാണെന്ന് അറിഞ്ഞിരുന്നു. ഗുരുതരാവസ്ഥയിലായി. എന്നാല്‍ മുമ്പത്തെപ്പോലെ ഇപ്പോഴും ആ ഘട്ടങ്ങളെല്ലാം മറികടന്ന് എം.ടിക്ക് ഒരു രണ്ടാമൂഴം കൂടി ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു. ആ പ്രതീക്ഷ സഫലമായില്ല. മരണത്തെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ വലിയ കാഴ്ചപ്പാടുകള്‍ എഴുത്തിലൂടെ അവതരിപ്പിച്ച വ്യക്തിയാണ് എം.ടി. ജനനം മുതല്‍ നമുക്കൊപ്പം നടക്കുന്ന നിഴലാണ് മരണമെന്നും അത് ഒരുനാള്‍ നമുക്കുനേരെ തിരിഞ്ഞുനില്‍ക്കുമെന്നും അദ്ദേഹം എഴുതുകയുണ്ടായി. മരണത്തെ സാമാന്യവത്ക്കരിച്ചുകൊണ്ട് ഇങ്ങനെ എഴുതിയ എഴുത്തുകാരന്റെ മരണം ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയുന്നില്ല.

നമ്മുടെ സാഹിത്യത്തില്‍, നമ്മുടെ സിനിമകളില്‍, നമ്മുടെ സാമൂഹിക മണ്ഡലത്തില്‍ എല്ലാം എം.ടി അദൃശ്യ സാന്നിധ്യമായി തുടര്‍ന്നും നിലകൊള്ളും. എം.ടി സാഹിത്യത്തില്‍ ചെയ്തത് കൃത്യമായും തന്റെ ജീവിത കാലഘട്ടത്തെ സര്‍ഗാത്മകമായി അടയാളപ്പെടുത്തുകയാണ്. നാടുവാഴിത്തത്തിന്റെ, മരുമക്കത്തായത്തിന്റെയൊക്കെ തകര്‍ച്ച, അത് വ്യക്തിബന്ധങ്ങളിലും സമൂഹ ബന്ധങ്ങളിലുമൊക്കെ വരുത്തിയ മാറ്റത്തെ എഴുത്തിലൂടെ അടയാളപ്പെടുത്തി. നാലുകെട്ട് പോലെയുള്ള കൃതികള്‍ ഉദാഹരണങ്ങള്‍. അതേപോലെ ജീവിതദുരന്തങ്ങളില്‍ ദൈവംപോലും അഭയമാവുന്നില്ല എന്ന ബോധത്തില്‍ നിന്നുണ്ടാവുന്ന ഉത്കണ്ഠകളെയും അടയാളപ്പെടുത്തി.

കാലത്തിനുനേര്‍ക്ക് തിരിച്ചുപിടിച്ച മനസ്സായിരുന്നു എം.ടിക്ക് സാഹിത്യലോകം. തൊട്ടതൊക്കെ പൊന്നാക്കിയ എഴുത്തുകാരനാണ്. ചതിയന്‍ ചന്തു എന്നൊരാള്‍ മലയാളത്തില്‍ ഇല്ലാതായത് അദ്ദേഹത്തിന്റെ 'ഒരു വടക്കന്‍ വീരഗാഥ'  ഉണ്ടായതുകൊണ്ടാണ്. ചന്തു ചതിയനല്ലെന്നും ചതിക്കപ്പെട്ടവനാണെന്നും എം.ടി പറഞ്ഞുവെച്ചപ്പോള്‍ കാലങ്ങളായി നിലനിന്നിരുന്ന ഒരു ചെളി ചന്തുവില്‍നിന്ന് മാറ്റപ്പെടുകയായിരുന്നു. അത്ര ശക്തവും സര്‍ഗാത്മകവുമായിരുന്നു ആ എഴുത്ത്.''- മുഖ്യമന്ത്രി അനുസ്മരിച്ചു. 

സര്‍വശക്തനായി കരുതപ്പെട്ടുപോന്ന ഭീമന്‍ രണ്ടാമൂഴക്കാരന്‍ മാത്രമായിരുന്നു എന്ന് നാം തിരിച്ചറിഞ്ഞത് എം.ടിയുടെ മൗലിക രചനയിലൂടെയാണെന്നും മഞ്ഞ്, കാലം തുടങ്ങിയ കൃതികള്‍ മലയാളിക്ക് മനസ്സില്‍നിന്നു മാറ്റിനിര്‍ത്താനാവാത്തതാണെന്നും മുഖ്യമന്ത്രി ഓര്‍മിച്ചു. സാഹിത്യകൃതികള്‍ കൊണ്ടുമാത്രമല്ല, മനുഷ്യസ്‌നേഹപരമായ നിലപാടുകള്‍ കൊണ്ടുകൂടിയാണ് എം.ടി ജനമനസ്സുകളില്‍ പതിഞ്ഞുനില്‍ക്കുന്നത്‌. തുഞ്ചന്‍ പറമ്പിനെ വര്‍ഗീയ ദുഃസ്വാധീനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ എത്ര വലിയ സമ്മര്‍ദ്ദമാണ് ഒരു ഘട്ടത്തില്‍ എം.ടിക്കുമേല്‍ ഉണ്ടായത്.  ജീവന് ഭീഷണിപോലും ഉണ്ടായിട്ടും എം.ടി തരിമ്പും വിട്ടുവീഴ്ചകാട്ടാതെ മതനിരപേക്ഷതയെ തുഞ്ചന്‍ പറമ്പിന്റെ ജീവനാക്കി നിലനിര്‍ത്തി. മതേതര കേരളം അതിന് എന്നും എം.ടിയോട് നന്ദിയുള്ളതായിരിക്കും. സാഹിത്യരചനയിലൂടെ സമൂഹത്തെ പുരോഗമോന്മുഖമായി മുന്നോട്ടുനയിക്കുന്നതില്‍ എന്നും ജാഗ്രത പുലര്‍ത്തിയ എഴുത്തുകാരനായിരുന്നു എം.ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പള്ളിവാളും കാല്‍ച്ചിലമ്പും എന്ന കഥ സിനിമയായി മാറിയപ്പോള്‍ തനിക്കു പറയാനുള്ള ഉത്പതിഷ്ണുത്വം നിറഞ്ഞ കാഴ്ചപ്പാടുകള്‍ സധൈര്യം അദ്ദേഹം മുന്നോട്ടുവെച്ചു. 'ഇന്നാണെങ്കില്‍ നിര്‍മാല്യം പോലൊരു ചിത്രമെടുക്കാന്‍ എനിക്ക് കഴിഞ്ഞേക്കില്ല' എന്ന് ഒരിക്കല്‍ അദ്ദേഹം നടത്തിയ പ്രസ്താവന മാറിവരുന്ന ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കുനേരെ പിടിച്ച കണ്ണാടി കൂടിയായിരുന്നു എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

മനുഷ്യസ്‌നേഹവും പുരോഗമനവും ഐക്യവും സമൂഹത്തിന് അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ആ ആശയങ്ങള്‍ തന്റെ എഴുത്തുകളില്‍ സര്‍ഗാത്മകമായി ചേര്‍ത്തു. ഓരോ കാലഘട്ടത്തിലും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലുണ്ടാവുന്ന മൂല്യച്യുതികള്‍ക്കെതിരെ രംഗത്തുവരികയും ചെയ്ത എഴുത്തുകാരനായിരുന്നു എം.ടി. ചെറുക്കേണ്ടതിനെ ചെറുക്കാനും സ്വീകരിക്കേണ്ടതിനെ സ്വീകരിക്കാനും കഴിയുന്ന വിധത്തില്‍ സമൂഹത്തെ പാകപ്പെടുത്തുന്നതിന് അദ്ദേഹം എഴുത്തിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. മലയാളം ലോകസാഹിത്യത്തിനു നല്‍കിയ അപൂര്‍വപ്രതിഭകളില്‍ ഒരാളാണ് എം.ടി. ഏതെങ്കിലും ഒരു കള്ളിയില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല എം.ടിയുടെ പ്രതിഭയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രഗത്ഭനായ പത്രാധിപര്‍, മികച്ച സംവിധായകന്‍ എന്നീ നിലകളിലും അദ്ദേഹം കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ തനതായ മുദ്ര 
പതിപ്പിച്ചു. ഓരോ ഭാഷയിലും നിരവധി സാഹിത്യകാരന്മാരുണ്ടാവാറുണ്ട്. എന്നാല്‍ സാഹിത്യപ്രേമികളുടെ ബുക് ഷെല്‍ഫുകളില്‍ നിര്‍ബന്ധമായും ഇടംപിടിക്കുന്ന, നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട അപൂര്‍വം പ്രതിഭകളേ ഉണ്ടാവാറുള്ളൂ. മലയാളത്തിന്റെ കാര്യമെടുത്താല്‍ ആ സ്ഥാനം എം.ടിക്കുകൂടി അവകാശപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചങ്ങമ്പുഴയ്ക്കുശേഷം മലയാളി ഇത്രയേറെ വായിച്ച മറ്റൊരു സാഹിത്യകാരനുണ്ടാവില്ലെന്നും തന്റെ കര്‍മമണ്ഡലങ്ങളിലെല്ലാം തിളങ്ങുന്ന മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് എം.ടി. പലതലമുറകളില്‍പ്പെട്ട അനേകം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക വഴി മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും മുതല്‍ക്കൂട്ടാവാന്‍ എം.ടി കാരണമായി. എം.ടി ഒരു പാഠപുസ്തകമാണ്. ആ ജീവിതത്തിലെ ഒരോ ഏടും ഇഴയിട്ട് പരിശോധിക്കുന്നത് സാഹിത്യപഠിതാക്കള്‍ക്ക് ഉപകാരപ്രദമായ ഒന്നാണ്. സാഹിത്യരംഗത്തേക്ക് കടന്നുവരുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകമാണ് കാഥികന്റെ പണിപ്പുരയെന്നും മുഖ്യമന്ത്രി അനുസ്മരണ സമ്മേളനം ഉദ്ഘാടനെ ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.