കൊച്ചി: എംഎസ്സി എൽസ-3 കപ്പൽ മുങ്ങിയ സംഭവത്തിൽ 1227.62 കോടി രൂപ കരുതൽ പണം ഹൈക്കോടതിയിൽ കെട്ടിവെച്ച് കപ്പൽ ഉടമകളായ മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനി (എംഎസ്സി). സംസ്ഥാന സർക്കാർ നൽകിയ നഷ്ടപരിഹാര ഹർജിയിലാണ് ഈ നടപടി. നഷ്ടപരിഹാരം 125 കോടി രൂപയായി കുറയ്ക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്പനി ഹൈക്കോടതിയിൽ മറ്റൊരു ഹർജി സമർപ്പിച്ചിട്ടുണ്ട്. ഹർജി വിധി പറയാനായി മാറ്റി. തുക കെട്ടിവെച്ചതിനെത്തുടർന്ന് വിഴിഞ്ഞത്ത് അറസ്റ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന എംഎസ്‌സി അക്വിറ്റേറ്റ-2 എന്ന കപ്പൽ വിട്ടയച്ചു.

To advertise here,

2025 മേയ് 24-നാണ് കൊച്ചി തീരത്തിന് സമീപം ലൈബീരിയൻ ചരക്കുകപ്പലായ എംഎസ്സി എൽസ-3 കപ്പൽ മുങ്ങി അപകടമുണ്ടാകുന്നത്. വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പൽ കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറുവെച്ചാണ് അപകടത്തിൽപ്പെട്ടത്. ചെരിവ് നിവർത്താനുള്ള ശ്രമം നടത്തിയെങ്കിലും പൂർണമായും മുങ്ങുകയായിരുന്നു. കപ്പലിൽനിന്ന് വീണ കണ്ടെയ്നറുകളും വിനാശകാരികളായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും സമുദ്രപരിസ്ഥിതിയിൽ പ്രത്യാഘാതം സൃഷ്ടിച്ചിരുന്നു.

പിന്നാലെ നഷ്ടപരിഹാരമായി 9531 കോടി രൂപ കപ്പൽ കമ്പനി നൽകണമെന്നായിരുന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇത്രയും തുക തങ്ങൾക്ക് നൽകാനാകില്ലെന്നാണ് കപ്പൽ കമ്പനി അന്ന് നിലപാടെടുത്തത്. കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പരിസ്ഥിതിനാശത്തിന് 1200 കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാന സർക്കാർ ഫയൽചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിൽ ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീമായിരുന്നു അന്ന് ഉത്തരവിട്ടിരുന്നത്.

കപ്പലപകടത്തെത്തുടർന്ന് പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും മത്സ്യത്തൊഴിലാളികൾക്കും ഉണ്ടായ നാശനഷ്ടം കണക്കിലെടുത്താണ് സർക്കാർ 9531 കോടി രൂപ നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ഹൈക്കോടതി, നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമാകുന്നത് വരെ എംഎസ്‌സി. കമ്പനിയുടെ മറ്റൊരു കപ്പലായ അക്വിറ്റേറ്റ 2 അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടിരുന്നു.