തൃശ്ശൂർ: എം.പി. വീരേന്ദ്രകുമാർ ഉണ്ടായിരുന്നതിനാലാണ് ഇത്രയും ശാസ്ത്രബോധമുള്ള തലമുറയായി നമുക്ക് മാറാൻ കഴിഞ്ഞതെന്ന് എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു. നമ്മുടെ വെള്ളത്തെ, പ്രകൃതിയെ, അതിജീവനത്തെ, നിലനിൽപ്പിനെക്കുറിച്ച് വളരെ ശാസ്ത്രീയമായി പഠിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം നടത്തിയ സമരങ്ങൾ അഗാധമായി പഠിച്ച് നടത്തിയവയായിരുന്നു - മാതൃഭൂമി ചെയർമാനും മാനേജിങ്ങ് ഡയറക്ടറും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ നവതി ജന്മസ്മൃതി ദിനത്തിന്റെ ഭാഗമായി തപാൽ വിഭാഗം പുറത്തിറക്കുന്ന സ്റ്റാമ്പിന്റെ പ്രകാശനവേളയിൽ സംസാരിക്കുകയായിരുന്നു സാറാ ജോസഫ്. തൃശ്ശൂർ മാതൃഭൂമി ബുക്സിൽ നടന്ന ചടങ്ങിൽ തപാൽ വകുപ്പ് സീനിയർസൂപ്രണ്ട് എ. സുബ്രഹ്‌മണ്യം സാറാ ജോസഫിന് സ്റ്റാമ്പ്‌ നൽകി പ്രകാശനം ചെയ്തു.

To advertise here,

കൊക്കോകോള കമ്പനി ഓടിപ്പോയത് ഒരേയൊരു രാജ്യത്തു നിന്നാണ് അത് ഇന്ത്യയാണ്. കൊച്ചുകേരളത്തിലെ പ്ലാച്ചിമട എന്ന കുഞ്ഞുപ്രദേശത്ത് നിന്ന് എല്ലാം ഉപേക്ഷിച്ച് അവർക്ക് ഓടിപ്പോകേണ്ടിവന്നു. ശുദ്ധജലം ഊറ്റിയെടുക്കുന്ന നാനാവിധ കമ്പനികൾ ലോകമെമ്പാടും പ്രവർത്തിക്കുന്ന ചരിത്രം നമ്മെ പഠിപ്പിച്ചുകൊണ്ടാണ് വീരേന്ദ്രകുമാർ ആ സമരത്തെ നയിച്ചത്. ഫാസിസത്തിനെതിരെ ശക്തമായ നിലപാട് വളരെ വ്യക്തമായി വിശദീകരണങ്ങളോടെ നമ്മുടെ മുന്നിൽ വെച്ച അദ്ദേഹത്തെപ്പോലുള്ള എഴുത്തുകാരില്ലെന്നും സാറാ ജോസഫ് കൂട്ടിച്ചേർത്തു.

വീരേന്ദ്രകുമാർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ, 90 വയസ്സായ ആ മനുഷ്യൻ ഡൽഹിയിൽ സമരം ചെയ്യുന്ന കുട്ടികളുടെ കൂടെ ഉണ്ടാകുമായിരുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച മാതൃഭൂമി എഡിറ്റർ (ഡെയ്ലി ആന്റ് ഡിജിറ്റൽ) മനോജ് കെ. ദാസ് പറഞ്ഞു. നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ, ഷാജു പുതൂർ, ചാവക്കാട് പോസ്റ്റ്മാസ്റ്റർ എൻ. നന്ദകിഷോർ, മാതൃഭൂമി തൃശ്ശൂർ റീജിയണൽ മാനേജർ വിനോദ് പി. നാരായൺ എന്നിവർ സംസാരിച്ചു