ആണവശാസ്ത്രജ്ഞൻ, ഇടതുപക്ഷ ചിന്തകൻ, വൈജ്ഞാനിക സാഹിത്യകാരൻ, കേരളത്തിലെ ശാസ്ത്രപ്രചാരണത്തിന്റെ വഴികാട്ടി എന്നിങ്ങനെ ബഹുമുഖ വിശേഷണങ്ങൾക്ക് ഉടമയാണ് എം.പി. പരമേശ്വരൻ. മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പി.എച്ച്.ഡി പൂർത്തിയാക്കിയ അദ്ദേഹം, എഴുപതുകളിലാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ നിരയിലേക്ക് എത്തുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ളിലെ പ്രായോഗികവും സൈദ്ധാന്തികവുമായ മാറ്റങ്ങളെക്കുറിച്ച് ആശയപരമായ സംവാദങ്ങൾ ഉയർത്തിയ അദ്ദേഹത്തിന്, ‘നാലാം ലോക’ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സിപിഎമ്മിൽനിന്ന് പുറത്തുപോകേണ്ടിവന്നു.
തൃശൂർ ജില്ലയിലെ കിരാലൂരിൽ 1935-ൽ ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിലാണ് എം.പി. പരമേശ്വരൻ ജനിച്ചത്. എം.പി. പരമേശ്വരൻ നമ്പൂതിരി' എന്നായിരുന്നു സ്കൂൾ രേഖകളിലെ പേര്. പിൽക്കാലത്ത് അദ്ദേഹം ജാതി വാൽ ഒഴിവാക്കുകയായിരുന്നു. കോളേജിൽ എത്തിയതോടെയാണ് ജാതിവാൽ ഔദ്യോഗികമായി ഒഴിവാക്കിയതെന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ഉള്ളിൽ ഒരിക്കലും ജാതിബോധം ഇല്ലാത്തതിനാൽ ആ തീരുമാനത്തിനു പിന്നിൽ വലിയൊരു വിപ്ലവലക്ഷ്യം ഉണ്ടായിരുന്നുവെന്ന് പറയാനാവില്ല. ജാതിപ്പേര് ഉപേക്ഷിക്കുക എന്നത് സ്വാഭാവികമായ തീരുമാനം മാത്രമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
തൃശൂർ നമ്പൂതിരി വിദ്യാലയത്തിലായിരുന്നു എം.പി. പരമേശ്വരന്റെ പ്രാഥമികവിദ്യാഭ്യാസം. സി.എം.എസ് ഹൈസ്കൂൾ, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിൽ തുടർ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദം നേടി. മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽനിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പി.എച്ച്.ഡി നേടിയ അദ്ദേഹം 1957 മുതൽ 1975 വരെ ബാർകിൽ ശാസ്ത്രജ്ഞനായിരുന്നു. പക്ഷേ, ലബോറട്ടറികളിലെ ജോലിയുടെ സുരക്ഷിതത്വത്തേക്കാൾ മനുഷ്യർക്കിടയിലെ മാറ്റങ്ങളെ കാണാൻ കൊതിച്ച ഒരാളായിരുന്നു അദ്ദേഹം. ശാസ്ത്രം പരീക്ഷണശാലകളിൽ ഒതുങ്ങേണ്ടതല്ലെന്നും അത് സമൂഹത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കേണ്ടതാണെന്നും അദ്ദേഹം വിശ്വസിച്ചു.
ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ (ബാർക്ക്) ശാസ്ത്രജ്ഞനായി ജോലി ചെയ്യുമ്പോഴും അദ്ദേഹത്തിന്റെ മനസ്സ് സാധാരണക്കാരുടെ പ്രശ്നങ്ങളിലായിരുന്നു. ഗഹനമായ മാർക്സിസ്റ്റ് വിഷയങ്ങളെ അങ്ങേയറ്റം ലളിതമായ ഭാഷയിൽ സാധാരണക്കാരിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഒടുവിൽ ബാർക്കിലെ ജോലി വേണ്ടെന്നുവെച്ച് അദ്ദേഹം മുഴുവൻ സമയ പൊതുപ്രവർത്തകനായി. ഇതിനെ അദ്ദേഹം ‘ത്യാഗം’ എന്ന് വിളിക്കാൻ ഇഷ്ടപ്പെട്ടില്ല. തന്റെ മാനസികമായ സംതൃപ്തിക്കായി നടത്തിയ ഒരു ‘കൈമാറ്റം’ മാത്രമായിരുന്നു അത്. ശാസ്ത്രവും രാഷ്ട്രീയവും ഒരുപോലെ തന്റെ ജീവിതത്തോട് ചേർത്തുവെച്ച അദ്ദേഹം, കേരളത്തിലെ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ നട്ടെല്ലായി മാറി.
നാലാം ലോക സിദ്ധാന്തത്തെക്കുറിച്ചുള്ള ആശയങ്ങൾ എഴുതാനും സംസാരിക്കാനും തുടങ്ങിയതോടെയാണ് എം.പി. പരമേശ്വരൻ പാർട്ടിക്ക് അനാഭിമതനാകുന്നതും പാർട്ടിയിൽനിന്ന് പുറത്താക്കപ്പെടുന്നതും. 1994 മുതൽ അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് എഴുതി തുടങ്ങിയിരുന്നു. അദ്ദേഹം അവതരിപ്പിച്ച ‘നാലാം ലോകം’ എന്ന ആശയം സി.പി.എമ്മിലും കേരളത്തിലെ ഇടതുപക്ഷത്തിനിടയിലും വലിയ ചർച്ചകൾ തുറന്നിട്ടു. കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളിൽ അത് വലിയ കൊടുങ്കാറ്റുകൾ സൃഷ്ടിച്ചു. മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയ്ക്കും മാർക്സിസ്റ്റ് തത്ത്വശാസ്ത്രത്തിൽ ഊന്നിയുള്ള സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾക്കും അപ്പുറമുള്ള കാഴ്ചപ്പാടുകളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
ഭൂമിയിലെ വിഭവങ്ങൾ പരിമിതമാണെന്നും അതിനാൽ മനുഷ്യൻ തന്റെ ആഗ്രഹങ്ങളെ പരിമിതപ്പെടുത്തണമെന്നും അദ്ദേഹം വാദിച്ചു. പ്രാദേശികമായ സമ്പദ്വ്യവസ്ഥ, ഉത്പന്നങ്ങളുടെ നീതിയുക്തമായ പങ്കിടൽ, പരിസ്ഥിതി സൗഹൃദപരമായ വികസനം എന്നിവയായിരുന്നു നാലാം ലോകത്തിന്റെ അടിസ്ഥാനം. ആഡംബരങ്ങൾക്ക് പിന്നാലെ പോകുന്ന മുതലാളിത്ത വികസന മാതൃകകൾ പ്രായോഗികമല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് ആശയത്തിന് സമാനമായി ചെറിയ യൂണിറ്റുകളുടെ പ്രവർത്തനത്തിനാണ് അദ്ദേഹം പ്രാധാന്യം നൽകിയത്. സോഷ്യലിസത്തിന്റെ അടുത്ത ഘട്ടമായാണ് അദ്ദേഹം ഇതിനെ കണ്ടത്. പക്ഷേ, പരമ്പരാഗത മാർക്സിസ്റ്റ് രീതികളിൽ നിന്നുള്ള വ്യതിയാനമായി ഇത് വിലയിരുത്തപ്പെട്ടു.
‘നാലാം ലോകം’ എന്ന ആശയം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾക്ക് വിരുദ്ധമാണെന്ന് പാർട്ടി വിധിച്ചു. കൂടാതെ അക്കാലത്ത് പാർട്ടിക്കുള്ളിൽ നിലനിന്നിരുന്ന ഗ്രൂപ്പ് തർക്കങ്ങളും വിദേശസഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങളുമായുള്ള അദ്ദേഹത്തിന്റെ സഹകരണവും പ്രശ്നങ്ങൾ വഷളാക്കി. ഇതിന്റെ ഫലമായി 2004-ൽ അദ്ദേഹത്തെ സി.പി.എമ്മിൽനിന്ന് പുറത്താക്കി. പാർട്ടിക്ക് പുറത്തായെങ്കിലും അദ്ദേഹം തന്റെ കർമ്മപഥത്തിൽ നിന്ന് പിന്തിരിഞ്ഞില്ല. ശാസ്ത്ര സാഹിത്യ പരിഷത്തിലൂടെയും സാക്ഷരതാ പ്രസ്ഥാനങ്ങളിലൂടെയും അദ്ദേഹം തന്റെ പ്രവർത്തനം തുടർന്നു. ലാളിത്യം നിറഞ്ഞ ജീവിതവും പദവികളോടുള്ള വിരക്തിയും അദ്ദേഹത്തെ വേറിട്ടുനിർത്തി.
Content Highlights: MP Parameswaran was a multifaceted personality who transitioned from a nuclear scientist at BARC to a dedicated public intellectual, shaping Kerala's science propagation, literacy movements, and sparking significant political discourse through his 'Fourth World' theory.
Published: 11 Aug 2026, 03:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented