കാസർകോട്: എയിംസിനെച്ചൊല്ലി ബിജെപി നേതാക്കളുടെ വാക്പോരിന് പിന്നാലെ കോൺഗ്രസ്, ബിജെപി നേതാക്കൾ തമ്മിലും പ്രസ്താവനകളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും പോര്. എയിംസ് കോഴിക്കോട് കിനാലൂരിലാണ് വേണ്ടതെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. എന്നാൽ കാസർകോട്ടും ആലപ്പുഴയിലും തൃശ്ശൂരിലും തിരുവനന്തപുരത്തുമൊക്കെ വേണമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. അതുവേണ്ട കേരളത്തിൽ മതിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇതിനിടെ എയിംസ് കാസർകോട്ടുതന്നെ വേണമെന്ന ആവശ്യമുയർത്തി രാജ്മോഹൻ ഉണ്ണിത്താൻ എംപിയും രംഗത്തുവന്നു.
‘എയിംസ് എത്തിച്ചാൽ കാസർകോട് ബിജെപി ജില്ലാ പ്രസിഡന്റിന് ഒരുപവൻ തൂക്കമുള്ള സ്വർണമോതിരം സമ്മാനം നൽകു’മെന്ന് ഒരു ന്യൂസ് ചാനലിനോട് അദ്ദേഹം പറയുകയും ഇക്കാര്യം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് ഇൻസ്റ്റഗ്രാമിൽ മറുപടി നൽകിയാണ് ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി പ്രതികരിച്ചത്. ‘എംപിയായി കാസർകോടിന്റെ വികസനവും ആരോഗ്യമേഖലയിൽ മാറ്റവും കൊണ്ടുവരാൻ സാധിക്കാത്ത രാജ്മോഹൻ ഉണ്ണിച്ചായ്ക്ക് ഒരു മുളംകയർ ഞാൻ വാങ്ങിത്തരാം’ എന്നാണ് അശ്വിനി കുറിച്ചത്.
ബിജെപി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ വെള്ളിയാഴ്ച വീണ്ടും പ്രതികരിച്ചു. ‘എയിംസ് വരണമെങ്കിൽ അതിന് സ്ഥലം കൊടുക്കേണ്ട ജോലി സംസ്ഥാന സർക്കാരിനാണ്. ജില്ലാഭരണകൂടത്തിന്റെ കൈയിൽ ഏറ്റവും കൂടുതൽ സ്ഥലമുള്ളത് കാസർകോട്ടാണ്. ഇവിടെ ഭൂമിക്ക് യാതൊരു പ്രശ്നവുമില്ല. ബിജെപിയിൽ ചിലയാളുകൾ ഈയടുത്ത കാലത്ത് രാഷ്ട്രീയത്തിലേക്ക് വന്ന് ഉന്നതസ്ഥാനത്ത് എത്തി. അവർക്ക് ഇതിനെക്കുറിച്ച് വിവരമില്ലാത്തതതുകൊണ്ട് ചില കാര്യങ്ങൾ പറയുന്നു എന്നതൊഴിച്ചാൽ കാസർകോട്ടുതന്നെ എയിംസ് വേണമെന്ന കാര്യത്തിൽ അടിയുറച്ച് നിൽക്കുന്നു’ -ഉണ്ണിത്താൻ പറഞ്ഞു.
ജില്ലയിൽ എയിംസ് സ്ഥാപിക്കാൻ സാധിച്ചില്ലെങ്കിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി രാജിവെക്കണമെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് അശ്വിൻ കൊല്ലയിൽ ആവശ്യപ്പെട്ടു. സ്വന്തം മണ്ഡലത്തിലെ എയിംസ് ആവശ്യത്തിൽപോലും കൃത്യമായി നിലപാടെടുക്കാൻ എംപിക്ക് കഴിയുന്നില്ല. എയിംസിന്റെ പേരിൽ സ്വർണം വാഗ്ദാനംചെയ്ത് ജില്ലാ പ്രസിഡന്റിന്റെ സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമമാണ് എംപിയുടെ ഭാഗത്തുനിന്നുണ്ടായത് -അശ്വിനി പ്രസ്താവനയിൽ പറഞ്ഞു.
Content Highlights: MP Rajmohan unnithan and BJP District on AIIMS kasargode
Published: 27 Sept 2025, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented