പിറവം: മൊസാംബിക്കിൽ ബോട്ട് മുങ്ങി കാണാതായവരിൽ അഞ്ചുപേരുടെ കൂടി മൃതദേഹങ്ങൾ കണ്ടുകിട്ടി. മുങ്ങിയ ബോട്ടിൽ കുടുങ്ങിയ നിലയിലായിരുന്ന മൃതദേഹങ്ങൾ മുങ്ങൽ വിദഗ്ധരാണ് പുറത്തെടുത്തത്. കാണാതായ പിറവം വെളിയനാട് പോത്തംകുടിലിൽ ഇന്ദ്രജിത്ത് സന്തോഷ് (22) അടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് കണ്ടുകിട്ടിയത്. ശരീരത്തിലെ ടാറ്റു അടയാളങ്ങളാണ് ഇന്ദ്രജിത്തിനെ തിരിച്ചറിയാൻ സഹായിച്ചത്. ബെയ്‌റ തുറമുഖത്തെത്തിച്ച് മൃതദേഹങ്ങൾ പരിശോധനകൾ പൂർത്തിയാക്കി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ദ്രജിത്തിന്റെ മൃതദേഹം ഏജൻസി വഴി വേഗം നാട്ടിലെത്തിക്കാനാണ് നീക്കം. ഇക്കഴിഞ്ഞ 16-ന് പുലർച്ചെയാണ് മൊസാംബിക്കിൽ ബെയ്‌റ തുറമുഖത്തിനടുത്ത് ബോട്ട് മുങ്ങിയത്. തുറമുഖത്തു നിന്ന് 31 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരുന്ന സീ-ക്വസ്റ്റ് കപ്പലിലേക്ക് ജോലിക്കാരും ഇൻസ്പെക്ഷൻ ടീമുമടക്കമുള്ള യാത്രക്കാരുമായി പോയ ബോട്ട് കപ്പലിനടുത്തെത്തിയപ്പോൾ മുങ്ങുകയായിരുന്നു. 21 യാത്രക്കാരിൽ ആറ് ഇന്ത്യക്കാരും ആറ് മൊസാംബിക്കുകാരുമടക്കം 12 പേർ രക്ഷപ്പെട്ടു. നാലുപേരുടെ മൃതദേഹം കണ്ടുകിട്ടി.
മരിച്ച കൊല്ലം ചവറ തേവലക്കര നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചിരുന്നു. ഇന്ദ്രജിത്ത് അടക്കമുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പ്രതികൂല കാലാവസ്ഥമൂലം നീണ്ടുപോയി.
വെളിയനാട് പോത്തംകുടിലിൽ കെ.എൻ. സന്തോഷിന്റെയും ഷീനയുടെയും മൂന്ന് മക്കളിൽ മൂത്തയാളാണ് ഇന്ദ്രജിത്ത്. സഹോദരങ്ങൾ : അഭിജിത്ത്, ശ്രീജിത്ത്. ഷാർജ ആസ്ഥാനമായുള്ള ഏരീസ് മറൈൻ എൻജിനിയറിങ് സർവീസിൽ ജോലിക്കാരാണ് സന്തോഷും മകൻ ഇന്ദ്രജിത്തും. മെക്കാനിക്കൽ ഡിപ്ലോമ പാസായ ഇന്ദ്രജിത്ത് ഒൻപത് മാസം മുൻപാണ് ജോലിക്ക് ചേർന്നത്.
Content Highlights: Five more bodies recovered from Mozambique boat tragedy, including 22-year-old Indrajith from Piravam. Search for others continues.
Published: 31 Oct 2025, 07:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented