പയ്യോളി: മുലപ്പാല്‍ നുകര്‍ന്ന് ഉമ്മയുടെ മാറിടത്തില്‍ മയങ്ങിപ്പോയ ഒന്നരവയസ്സുള്ള എസ്താന്‍ അബ്ദുള്ള ഉറക്കമുണരുമ്പോള്‍ ഉമ്മയില്ല. കുഞ്ഞിയുറക്കംപോലെ ശാന്തമായി തോന്നിയ കടലിലേക്ക് നടന്നുനീങ്ങിയ കല്‍പറ്റ തരുവണ ആറുവാള്‍ പാട്ടശ്ശേരി അനീസ (35) കടല്‍ പെട്ടെന്ന് പ്രക്ഷുബ്ധമായപ്പോള്‍ കാലിടറി വീഴുകയായിരുന്നു.

To advertise here,

ഉമ്മയെ കടലെടുത്തപ്പോള്‍ എസ്താന്‍ ടെമ്പോട്രാവലറിലെ സീറ്റില്‍ പുറത്തെ ബഹളങ്ങളൊന്നുമറിയാതെ ശാന്തമായി ഉറങ്ങുകയായിരുന്നു. പിന്നീട് ഏതാനുംനേരം അവിടെയെങ്ങും കരളലിയിക്കുന്ന കാഴ്ചയായിരുന്നു. കൂടെയുള്ള നാലുസുഹൃത്തുക്കള്‍ നഷ്ടപ്പെട്ടിട്ടും കുഞ്ഞ് ഉണരാതിരിക്കാന്‍ ഒന്നുറക്കെ നിലവിളിക്കാന്‍പോലും കഴിയാത്ത സ്ഥിതിയിലായയിരുന്നു യാത്രാസംഘത്തിലുള്ളവര്‍. വേദന കടിച്ചമര്‍ത്തി ഉറങ്ങുന്ന കുഞ്ഞിന് ചുറ്റുമിരുന്ന് അവര്‍ ഓരോരുത്തരും വിങ്ങിപ്പൊട്ടി.

അനീസയും എസ്താനും മാത്രമേ വീട്ടില്‍നിന്ന് വന്നിരുന്നുള്ളൂ. അതിനാല്‍ കുഞ്ഞ് ഉണരുന്നതിനുമുന്‍പ് ബന്ധുക്കളെ ഏല്‍പ്പിക്കാനായിരുന്നു പിന്നീടുള്ള ശ്രമം. കല്‍പറ്റയില്‍നിന്ന് ബന്ധുക്കളെത്താന്‍ സമയമെടുക്കും. സുഹൃത്തുകളുടെ ചേതനയറ്റ ശരീരത്തിനു മുന്നില്‍നിന്ന് നാട്ടിലേക്ക് തിരിക്കാനും സംഘാംഗങ്ങള്‍ക്ക് ആവുന്നില്ല. ഒടുവില്‍ വഴിയില്‍ കാണുന്നിടത്തുവെച്ച് കുഞ്ഞിനെ ബന്ധുകള്‍ക്ക് കൈമാറാമെന്ന ധാരണയില്‍ യാത്രാസംഘാംഗങ്ങള്‍ തിക്കോടിയില്‍നിന്നും കുഞ്ഞിന്റെ ബന്ധുക്കള്‍ കല്‍പറ്റയില്‍നിന്നും യാത്രതിരിച്ചു.

ഉമ്മയുടെ അമിഞ്ഞപ്പാല്‍ നുണഞ്ഞ് ഉറങ്ങിപ്പോയ കുഞ്ഞ്, ബന്ധുക്കളുടെ കൈകളിലേക്ക് കൈമാറുന്നതുവരെ ഉണരരുത് എന്നതായിരുന്നു വാഹനം പുറപ്പെടുമ്പോള്‍ ഏവരുടെയും പ്രാര്‍ഥന.