തിരുവനന്തപുരം: അച്ഛനെ മുറുകെപ്പിടിച്ച് രണ്ടര വയസ്സുകാരി ശിവനേത്ര വാവിട്ടുകരയുകയായിരുന്നു. എന്നാൽ, ഒരിക്കലും ഉണരാത്ത ഉറക്കത്തിലായിരുന്നു ശിവപ്രിയ. ദിവസങ്ങൾ മാത്രം പ്രായമുള്ള ശിവപ്രിയയുടെ ഇളയ മകൻ ബൃഹദീശ്വരനും അടുത്ത മുറിയിൽ തളർന്നുറങ്ങുന്നുണ്ടായിരുന്നു. അമ്മയുടെ ചൂടേറ്റ് താരാട്ടുകേട്ടുറങ്ങേണ്ട കൈക്കുഞ്ഞിന് ചുറ്റമുയർന്നത് അടക്കിപ്പിടിച്ച തേങ്ങലുകൾ.
പ്രസവചികിത്സയ്ക്കിടെ മരിച്ച കരിക്കകം സ്വദേശി ശിവപ്രിയയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അന്ത്യയാത്ര നൽകാനെത്തിയവർക്ക് കണ്ടുനിൽക്കാനാകാത്ത അവസ്ഥയായിരുന്നു വീട്ടിലേത്.
രണ്ടു കുഞ്ഞുങ്ങളെ താലോലിച്ചു കൊതിതീരുംമുൻപ് വിടപറയേണ്ടിവന്ന ശിവപ്രിയയെയോർത്ത് ഉറ്റവർ കണ്ണീരൊഴുക്കി. ഭാര്യയുടെ മൃതദേഹത്തിനരികിൽ മൂത്ത മകളെ ചേർത്തണച്ച് മനുവും നിസ്സഹായനായി. ഇടയ്ക്കിടെ മകളോട്, ‘കണ്ണു തുറന്നു നോക്ക് മക്കളേ... അമ്മയെ ഇനി കാണാൻ പറ്റില്ലാ’യെന്നു പറഞ്ഞ് മനു വിതുമ്പി. ആൾക്കൂട്ടവും നിലവിളിയും കേട്ട് ഭയന്ന് ശിവനേത്ര അച്ഛനെ ചേർത്തുപിടിച്ച് വാവിട്ട് കരഞ്ഞു. ദിവസങ്ങൾക്കു മുൻപ് കുഞ്ഞു മോൻ ജനിച്ച സന്തോഷത്തിലായിരുന്നു കുടുംബം. എന്നാൽ, വിധി മറ്റൊന്നാകുമെന്ന് ആരും കരുതിയിരുന്നില്ല.
മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം ഉച്ചയ്ക്ക് മൂന്നോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ശിവപ്രിയയെ കാണാനായി നാട്ടുകാരുൾപ്പെടെ നിരവധിപ്പേരാണ് വീട്ടിലും സമീപത്തുമായി കാത്തുനിന്നത്. വൈകീട്ട് നാലോടെ മൃതദേഹം മുട്ടത്തറ മോക്ഷകവാടത്തിൽ സംസ്കരിച്ചു.
ഞായറാഴ്ച രാവിലെയാണ് ശിവപ്രിയ മരിച്ചത്. ഒക്ടോബർ 20-നാണ് ശിവപ്രിയയെ പ്രസവത്തിനായി എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 22-ന് സാധാരണ പ്രസവം നടന്നു. 24-ന് ഡിസ്ചാർജ് ലഭിച്ച് വീട്ടിലേക്കു പോയെങ്കിലും രണ്ടു ദിവസം കഴിഞ്ഞ് പനി ബാധിച്ച് വീണ്ടും എസ്എടിയിലെത്തുകയായിരുന്നു. ആരോഗ്യം മോശമായതിനെ തുടർന്ന് അടുത്ത ദിവസം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ശിവപ്രിയയുടെ മരണം: അന്വേഷിക്കാൻ സമിതി
തിരുവനന്തപുരം: ശിവപ്രിയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതി രൂപവത്കരിച്ചു. സമിതിയിൽ നാല് വകുപ്പ് മേധാവികളാണുള്ളത്. ആലപ്പുഴ മെഡിക്കൽ കോേളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സംഗീതയാണ് സമിതിയുടെ അധ്യക്ഷ. ആലപ്പുഴ മെഡിക്കൽ കോേളജിലെ ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. ലത, സർജറി വിഭാഗം മേധാവി ഡോ. സജികുമാർ, കോട്ടയം മെഡിക്കൽ കോളജിലെ ഇൻഫക്ഷ്യസ് ഡിസീസ് മേധാവി ജൂബി ജോൺ എന്നിവരാണ് മറ്റംഗങ്ങൾ. വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കും.
Content Highlights: Tragic loss of Shivapriya after childbirth leaves her two young children without a mother. Family mourns deeply. Learn more about the heartbreaking incident.
Published: 11 Nov 2025, 06:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented