പത്ത് വർഷം മുൻപ് തളിരിട്ട പ്രണയം ഒടുവിൽ പൂവണിഞ്ഞു. ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും ഔദ്യോഗികമായി വിവാഹിതരായി. 2016-ൽ സ്‌പെയിനിലെ മാഡ്രിഡിലുള്ള പ്രശസ്തമായ ഗൂച്ചി സ്റ്റോറിൽ വെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന ഇതിഹാസതാരത്തിന്റെ ഹൃദയം കീഴടക്കിയ പെൺകുട്ടി, ജോർജിന റോഡ്രിഗസ്. ആദ്യകാഴ്ചയിൽ മൊട്ടിട്ട പ്രണയം പൂവണിയുന്നത് 2026-ൽ. ആരായിരുന്നു ജോർജിന റോഡ്രിഗസ്? ഒരു സിനിമാക്കഥയെപ്പോലും വെല്ലുന്ന തരത്തിലായിരുന്നു ഗൂച്ചി സ്‌റ്റോറിലെ ഒരു സാധാരണ സെയിൽസ് അസിസ്റ്റന്റ് ഗേൾ ഒറ്റ ഫ്‌ളിപ്പിൽ കോടികളുടെ സാമ്രാജ്യത്തിലേയ്ക്ക് നടന്നുകയറിയത്. റൊണാൾഡോ ജോർജിനയെ ആദ്യം കണ്ടുമുട്ടുമ്പോൾ ജോർജിന ഒരു സാധാരണ സെയിൽസ് അസിസ്റ്റന്റായിരുന്നു, റൊണാൾഡോ ആകട്ടെ അവിടെ വസ്ത്രങ്ങളും മറ്റും വാങ്ങാനെത്തിയ ഒരു വിഐപി കസ്റ്റമറും.
ആദ്യ കാഴ്ചയിൽ പ്രണയം തോന്നിയെങ്കിലും ഔദ്യോഗികമായ അതിരുകൾക്കിടയിൽ അവർക്കധികം സംസാരിക്കാൻ കഴിഞ്ഞില്ല. ദിവസങ്ങൾക്ക് ശേഷം മറ്റൊരു ഫാഷൻ ബ്രാൻഡിന്റെ ഈവന്റിൽ വെച്ച് ഇരുവരും വീണ്ടും കണ്ടുമുട്ടി. അവിടെ വെച്ച് ജോലിയുടെ സമ്മർദങ്ങളൊന്നുമില്ലാതെ മനസ്സ് തുറന്ന് സംസാരിക്കാൻ അവർക്ക് സാധിച്ചു. ആ കണ്ടുമുട്ടൽ പെട്ടെന്ന് തന്നെ വലിയൊരു പ്രണയത്തിന്റെ തുടക്കമായിരുന്നു. രാവിലെ ബസ്സിൽ കയറി ജോലിക്ക് പോയിരുന്ന തന്നെ വൈകുന്നേരം കൂട്ടിക്കൊണ്ടുപോകാൻ റൊണാൾഡോ തന്റെ കോടികൾ വിലമതിക്കുന്ന 'ബുഗാട്ടി കാറിലെത്തിയിരുന്ന ആ നാളുകൾ, ഒരു മാന്ത്രിക ലോകത്ത് ജീവിക്കുന്നത് പോലെയായിരുന്നുവെന്ന് ജോർജിന പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്. ഇന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ആരാധിക്കുന്ന ഫാഷൻ ഐക്കണും സക്‌സസ്ഫുൾ സംരംഭകയുമാണ് ജോർജിന. എന്നാൽ സെലിബ്രിറ്റി ജീവിതത്തിന്റെ വെള്ളിവെളിച്ചത്തിന് പിന്നിൽ കടുത്ത ദാരിദ്ര്യത്തോടും പ്രതിസന്ധികളോടും പൊരുതി ജയിച്ച ഒരു പെൺകുട്ടിയുടെ കണ്ണീരും നിശ്ചയദാർഢ്യവുമുണ്ട്. ജോർജിന റോഡ്രിഗസ് എങ്ങനെയാണ് ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയത്?
ബാല്യകാലവും അതിജീവനവും
1994 ജനുവരി 27-ന് അർജന്റീനയിലെ ബ്യൂണസ് ഐറസിലാണ് ജോർജിന റോഡ്രിഗസ് ജനിച്ചത്. അർജന്റീനക്കാരനായ പിതാവ് ജോർജ് റോഡ്രിഗസിന്റെയും സ്പാനിഷ് മാതാവിന്റെയും മകളായ ജോർജിനയ്ക്ക് വെറും ഒരു വയസ്സുള്ളപ്പോൾ കുടുംബം സ്‌പെയിനിലെ ഹാക്ക എന്ന ചെറിയ പട്ടണത്തിലേക്ക് ചേക്കേറി. ചെറുപ്പത്തിൽത്തന്നെ നൃത്തത്തിൽ വലിയ താല്പര്യം പ്രകടിപ്പിച്ച ജോർജിന നാലാം വയസ്സിൽ ബാലെ പരിശീലനം തുടങ്ങി. എന്നാൽ കുടുംബത്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ആ ആഗ്രഹം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. 2003-ൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ പിതാവ് പത്ത് വർഷത്തോളം ജയിലിലായത് കുടുംബത്തിന്റെ സ്ഥിതി കൂടുതൽ ദയനീയമാക്കി. എന്നാൽ തളരാൻ ജോർജ്ജിന തയ്യാറായിരുന്നില്ല. പതിനാറാം വയസ്സിൽ സ്വന്തം നാടായ ഹാക്കയിൽ വെയിട്രസായും പിന്നീട് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ കുട്ടികളെ നോക്കുന്ന ആയയായും ജോലി ചെയ്തു. തുടർന്ന് മോഡലിംഗിലും ഫാഷൻ രംഗത്തും തന്റേതായ വഴി കണ്ടെത്താൻ പതിനെട്ടാം വയസ്സിൽ അവൾ മാഡ്രിഡിലെത്തി. പകൽ സമയങ്ങളിൽ വസ്ത്രശാലകളിൽ സെയിൽഗേളായും വാരാന്ത്യങ്ങളിൽ ബാറുകളിൽ ജോലി ചെയ്തുമാണ് അവൾ നിത്യച്ചെലവിനുള്ള വഴി കണ്ടെത്തിയത്.
വിധിയെ മാറ്റിയെഴുതിയ ആ കണ്ടുമുട്ടലാണ് ജോർജിനയുടെ ജീവിതം മാറ്റിമറിച്ചത്. ഗൂച്ചി സ്റ്റോറിൽ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോഴാണ് റിയൽ ക്രിസ്റ്റ്യാനോയെ അവർ ആദ്യമായി കാണുന്നത് .ആ ആദ്യ കാഴ്ച തന്നെ മൊട്ടിട്ട പ്രണയം 2017-ൽ ഇരുവരും പരസ്യമാക്കി. ഒരു സാധാരണ സെയിൽസ്‌ഗേളിൽ നിന്ന് ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളറുടെ കാമുകിയായ മാറിയ ജോർജിനയെ മാധ്യമങ്ങൾ വലിയ ആഘോഷമാക്കി.
റൊണാൾഡോയുടെ വലിയ കുടുംബത്തിന്റെ സ്‌നേഹനിധിയായ അമ്മയായി ജോർജിന വേഗം മാറി. റൊണാൾഡോയുടെ മൂത്ത മകൻ ക്രിസ്റ്റ്യാനോ ജൂനിയർ, വാടകഗർഭധാരണത്തിലൂടെ ജനിച്ച ഇരട്ടക്കുട്ടികളായ ഈവ, മാറ്റിയോ എന്നിവരെ ജോർജീന പരിചരിച്ചു. 2017 നവംബറിൽ ഇരുവരുടെയും ആദ്യത്തെ മകൾ അലാന മാർട്ടിന പിറന്നു. 2022 ഏപ്രിലിൽ ഇരട്ടക്കുട്ടികളുടെ പ്രസവസമയത്ത് ആൺകുഞ്ഞ് മരണപ്പെട്ടത് ജോർജിനയെയും റൊണാൾഡോയെയും വലിയ ആഘാതത്തിലാഴ്ത്തിയെങ്കിലും, പെൺകുഞ്ഞായ ബെല്ല എസ്മെറാൾഡ അവർക്ക് ആശ്വാസമായി. റൊണാൾഡോയുടെ ഫുട്‌ബോൾ കരിയറിന്റെ ഭാഗമായി മാഡ്രിഡ്, ടൂറിൻ, മാഞ്ചസ്റ്റർ, നിലവിൽ സൗദി അറേബ്യയിലെ റിയാദ് എന്നിവിടങ്ങളിൽ കുടുംബത്തോടൊപ്പമാണ് ജോർജ്ജിനയുടെയും താമസം.
സ്വന്തം ബ്രാൻഡും കോടികളുടെ ബിസിനസ്സും
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളി എന്ന വിലാസത്തിൽ മാത്രം ഒതുങ്ങിനിൽക്കാൻ ജോർജിന ഒരിക്കലും ആഗ്രഹിച്ചില്ല. തന്റേതായ ശൈലിയും ബ്രാൻഡും കെട്ടിപ്പടുത്ത് ലോകത്തിലെ ഏറ്റവും വലിയ ഇൻഫ്‌ളുവൻസർമാരിൽ ഒരാളായി അവർ വളർന്നു. ഇൻസ്റ്റാഗ്രാമിൽ 70 ദശലക്ഷത്തിലധികം പിന്തുടർച്ചക്കാരുള്ള ജോർജ്ജിനയ്ക്ക് വാണിജ്യ സംരംഭങ്ങൾ, മോഡലിംഗ്, ഡിജിറ്റൽ ബ്രാൻഡിങ് ഫാഷൻ മാധ്യമ രംഗങ്ങളിൽ സ്വന്തമായി ശക്തമായ സ്ഥാനം ഉറപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഇവർ ആഗോള ഡിജിറ്റൽ ഇൻഫ്‌ളുവൻസിംഗ് മേഖലയിൽ മുൻനിരയിലാണ്. ഷ്വോൺ പോൾ ഗോട്ടിയെ, ഷോപ്പാഡ്, ഗെസ്, ഷാർലറ്റ് ടിൽബറി, കൽസെഡോണിയ തുടങ്ങി ലോകോത്തര ആഡംബര ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസഡറായി ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
വോഗ്, ഹാർപേഴ്സ് ബസാർ, എൽ തുടങ്ങിയ അന്താരാഷ്ട്ര ഫാഷൻ മാഗസിനുകളുടെ കവർ ഗേളായും ഇവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2022-ൽ നെറ്റ്ഫ്‌ളിക്‌സിൽ പുറത്തിറങ്ങിയ 'ഐ ആം ജോർജിന'എന്ന റിയാലിറ്റി ഡോക്യുസീരീസ് ഇവരുടെ ജനപ്രീതി ആഗോളതലത്തിൽ ഇരട്ടിയാക്കി. ഈ പരമ്പരയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായ ജോർജിന, ഒരു സാധാരണക്കാരിൽ നിന്ന് ആഡംബര ജീവിതത്തിലേക്ക് എത്തിയ തന്റെ ജീവിതയാത്രയും കുടുംബജീവിതവും ബിസിനസ്സ് ലോകവും പ്രേക്ഷകർക്ക് മുന്നിൽ തുറന്നുകാട്ടി. വ്യക്തിഗത ഇൻഫ്‌ളുവൻസിംഗിനപ്പുറം ബിസിനസ്സ് നിക്ഷേപങ്ങളിലും ജോർജിന സജീവമാണ്. 2019-ൽ മാഡ്രിഡ് ആസ്ഥാനമായി ആരംഭിച്ച 'ഇൻസ്പാരിയ' എന്ന ഹെയർ ട്രാൻസ്പ്ലാന്റ് ക്ലിനിക് ശൃംഖലയുടെ സംയുക്ത ഉടമസ്ഥതയിൽ ഇവർ പങ്കാളിയാണ്. കൂടാതെ ഫാഷൻ ബ്രാൻഡുകളുമായുള്ള കോർപ്പറേറ്റ് പങ്കാളിത്തത്തിലൂടെയും സ്വന്തം ക്ലോത്തിങ് ലൈനുകളിലൂടെയും അവർ തന്റേതായ സാമ്പത്തിക സാമ്രാജ്യം കെട്ടിപ്പടുത്തിട്ടുണ്ട്.
ജീവകാരുണ്യ പ്രവർത്തനങ്ങൾ
താൻ അനുഭവിച്ച ദാരിദ്ര്യവും കഷ്ടപ്പാടുകളും കൃത്യമായി അറിയാവുന്ന ജോർജിന എപ്പോഴും പാവപ്പെട്ടവരെയും രോഗികളായ കുട്ടികളെയും സഹായിക്കാൻ മുന്നിലുണ്ട്. സ്‌പെയിനിലെ 'നുവേവോ ഫ്യൂച്ചുറോ' എന്ന സന്നദ്ധ സംഘടനയിലൂടെ അനാഥരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ കുട്ടികൾക്ക് ഭക്ഷണവും പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും എത്തിക്കാൻ അവർ വർഷങ്ങളായി നേരിട്ട് പ്രവർത്തിക്കുന്നുണ്ട്. ന്യൂറോബ്ലാസ്റ്റോമ എന്ന അപൂർവ്വ അർബുദ രോഗം ബാധിച്ച തോമസ് എന്ന ഏഴ് വയസ്സുകാരന്റെ ചികിത്സയ്ക്കായി വലിയ തുക നൽകിയതും, ഒവീഡോയിൽ നിന്നുള്ള ജാവി എന്ന എട്ടുവയസ്സുകാരന്റെ അപൂർവ്വ ഞരമ്പ് രോഗ ചികിത്സയ്ക്കായി 140,000 യൂറോ നേരിട്ട് കൈമാറിയതും വാർത്തായിരുന്നു.
മാഡ്രിഡിലെ ഫുഡ് ബാങ്കുകൾക്ക് നൽകിയ സാമ്പത്തിക സഹായങ്ങളും കോവിഡ് കാലത്തെ സംഭാവനകളും വഴി സാമൂഹിക സേവനത്തിലും അവർ മാതൃകയായി. പ്രതിസന്ധികളിൽ നിന്നും സ്വന്തം അധ്വാനവും ആത്മവിശ്വാസവും കൊണ്ട് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വനിതകളിൽ ഒരാളായി ഉയർന്ന ജോർജിന റോഡ്രിഗസ് ഇന്ന് ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് വലിയൊരു പ്രചോദനമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിഴലിൽ ജീവിക്കുന്ന പങ്കാളിയായല്ല, മറിച്ച് സ്വന്തം കഴിവും ബിസിനസ്സ് ബുദ്ധിയും കൊണ്ട് സ്വയം നിർമ്മിച്ചെടുത്ത സാമ്രാജ്യത്തിലാണ് അവർ ഇന്ന് തിളങ്ങിനിൽക്കുന്നത്.
Content Highlights: Georgina Rodríguez met Cristiano Ronaldo in 2016 while working as a sales assistant at a Gucci store in Madrid., Overcame severe childhood poverty, working as a waitress and nanny before rising to fame., Built a massive digital presence with over 70 million Instagram followers and high-profile brand endorsements., Starred in the hit Netflix reality series 'I Am Georgina' and co-owns the Insparia hair transplant clinic., Actively involved in philanthropic work supporting vulnerable children and medical treatments.
Published: 12 Aug 2026, 11:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented