ജീവിതപങ്കാളിയെ തേടുന്ന സിംഗിള്സിനും ഇവര് സ്വാഗതമോതുന്നുണ്ട്

ജീവിതവഴിയിൽ എപ്പോഴോ പിരിഞ്ഞുപോയ മുൻ പ്രണയിതാവിനെ വീണ്ടും കണ്ടുമുട്ടുക എന്നത് ഒരല്പം അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമായിരിക്കും. എന്നാൽ വിയറ്റ്നാമിലെ മലയോര ഗ്രാമമായ ഹാ ഗിയാങ് പ്രവിശ്യയിലെത്തിയാൽ കഥ മാറും. കാരണം, വർഷത്തിലൊരിക്കൽ പഴയ പ്രണയിതാക്കൾക്ക് മാത്രമായി ഇവിടെയൊരു 'പ്രണയ വിപണി' തുറക്കും. പേര് ഖൗ വായ് ലവ് മാർക്കറ്റ് (Khau Vai Love Market). പരമ്പരാഗത വസ്ത്രമണിഞ്ഞെത്തുന്നവരെ സ്വീകരിക്കാൻ നാടോടിഗാനങ്ങളും നാടോടി നൃത്തങ്ങളും അവിടെ അരങ്ങേറും. പ്രാദേശിക വിഭവങ്ങൾ അവിടെ വിളമ്പും.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ദുരന്ത പ്രണയകഥയിൽ നിന്നാണ് ഈ അപൂർവ്വ ആചാരത്തിന്റെ തുടക്കം. നുങ് വർഗ്ഗക്കാരനായ ബാ എന്ന യുവാവും ഗിയായ് വർഗ്ഗക്കാരിയായ ഉത് എന്ന പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ വ്യത്യസ്ത ഗോത്രങ്ങളിൽപ്പെട്ടവരായതിനാൽ ഇരു കുടുംബങ്ങളും ഈ ബന്ധത്തെ ശക്തിയായി എതിർത്തു. ഗോത്രങ്ങൾ തമ്മിലുള്ള രക്തച്ചൊരിച്ചിലും കലാപവും ഒഴിവാക്കാൻ ഒടുവിൽ ആ കാമുകീ-കാമുകന്മാർ ഒരു തീരുമാനത്തിലെത്തി; ജീവിതത്തിൽ ഒന്നാകാൻ കഴിയില്ലെങ്കിലും, വർഷത്തിലൊരിക്കൽ ഈ ഖൗ വായ് എന്ന സ്ഥലത്തുവെച്ച് പരസ്പരം കാണും.
ഈ വാഗ്ദാനമാണ് പിന്നീട് ഒരു ദേശത്തിന്റെ മുഴുവൻ സംസ്‌കാരമായി മാറിയത്. ചന്ദ്രമാസ കലണ്ടറിലെ മൂന്നാം മാസത്തിലെ 27-ാം നാളിലാണ,് സാധാരണയായി ഏപ്രിൽ-മേയ് മാസങ്ങളിൽ ഈ അപൂർവ്വ സംഗമം നടക്കുന്നത്. ഈ ദിവസം നിലവിലെ ജീവിതപങ്കാളികളുടെ പൂർണ്ണ സമ്മതത്തോടെയും പിന്തുണയോടെയുമാണ് പലരും തങ്ങളുടെ പഴയ പ്രണയിതാക്കളെ കാണാൻ എത്തുന്നത്. ഇവിടെ തർക്കങ്ങളോ പഴിചാരലുകളോ ഇല്ല; പകരം സൗഹൃദ സംഭാഷണങ്ങളും പഴയ ഓർമ്മകൾ പുതുക്കലും മാത്രം.
പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് ഗോത്രവർഗ്ഗക്കാർ ഒത്തുകൂടുന്ന ഈ ദിനത്തിൽ നാടൻ കലാരൂപങ്ങളും വിഭവസമൃദ്ധമായ ഭക്ഷണങ്ങളുമൊക്കെയായി വലിയൊരു പൈതൃകോത്സവം തന്നെയാണ് അരങ്ങേറുന്നത്. ജീവിതപങ്കാളിയെ തേടുന്ന സിംഗിൾസിനും ഇവർ സ്വാഗതമോതുന്നുണ്ട്. പൂർവ പ്രണയിതാവിനെ കാണാനെത്തുന്നവർക്ക് പുറനേ ദമ്പതികളും ഇവിടെ എത്താറുണ്ട്. വിവാഹ ബന്ധത്തിന് പുതിയ ഊർജ്ജം പകരാൻ ആഗ്രഹിക്കുന്നവർക്കും ഈ കേന്ദ്രം സ്വാഗതമേകുന്നു.
2021-ൽ വിയറ്റ്നാം സാംസ്‌കാരിക മന്ത്രാലയം ഖൗ വായ് ലവ് മാർക്കറ്റിനെ കൾച്ചറൽ ഹെറിറ്റേജായി പ്രഖ്യാപിച്ചു. പ്രണയപ്പകകൾക്കും മനസ്സ് തകർത്ത ഓർമ്മകൾക്കും പകരം, പഴയകാലത്തെ മനോഹരമായ ഓർമയായി കണ്ട് ഇടപഴകാൻ ഈ ആചാരം മനുഷ്യരെ പഠിപ്പിക്കുന്നു.
Content Highlights: Khau Vai Love Market in Ha Giang, Vietnam, allows ex-lovers to meet once a year amicably., Rooted in a centuries-old tragic love story between youth from rival tribes., Officially recognized as a Vietnam Cultural Heritage site by the Ministry of Culture., Features traditional folk songs, dances, local cuisines, and welcomes singles and couples alike.
Published: 20 Aug 2026, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented