ചേര്‍ത്തല: പ്രകൃതിചികിത്സകന്‍ തണ്ണീര്‍മുക്കം പഞ്ചായത്ത് 19-ാം വാര്‍ഡില്‍ മരുത്തോര്‍വട്ടം ബിന്ദുനിവാസില്‍ മോഹനന്‍ വൈദ്യര്‍(65) തിരുവനന്തപുരത്തെ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോര്‍ട്ടത്തിനും കോവിഡ് പരിശോധനയ്ക്കുമായി മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. രാവിലെമുതല്‍ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞു.

കൊട്ടാരക്കര സ്വദേശിയായ മോഹനന്‍ വൈദ്യര്‍ 20 വര്‍ഷമായി ചേര്‍ത്തലയിലായിരുന്നു താമസം. അദ്ഭുതചികിത്സകള്‍ നടത്തിയെന്ന അവകാശവാദങ്ങളുടെ പേരില്‍ ഒട്ടേറെത്തവണ വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്.

പ്രൊപിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ചിരുന്ന ഒന്നരവയസ്സുണ്ടായിരുന്ന കുട്ടിയെ അശാസ്ത്രീയചികിത്സനല്‍കി മരണത്തിനിടയാക്കി എന്ന സംഭവത്തില്‍ മോഹനന്‍ വൈദ്യരുടെ പേരില്‍ പോലീസ് നരഹത്യയ്ക്ക് കേസെടുത്തിരുന്നു. നിപ വൈറസ് ആരോഗ്യവകുപ്പിന്റെയും മരുന്നുകമ്പനികളുടെയും ഗൂഢാലോചനയാണെന്നു സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും കേസുണ്ട്. കൊറോണ വൈറസ്ബാധയ്ക്ക് വ്യാജചികിത്സ നല്‍കിയതിന് വൈദ്യരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിനെ ചികിത്സ നടത്തുന്നതില്‍നിന്ന് ആരോഗ്യവകുപ്പ് വിലക്കി.

ഭാര്യ: ലത. മക്കള്‍: രാജീവ്, ബിന്ദു. മരുമകന്‍: പ്രശാന്ത്. ഞായറാഴ്ച കോവിഡ് പരിശോധനയ്ക്കുശേഷം ചേര്‍ത്തലയിലെ വീട്ടിലെത്തിച്ച് ശവസംസ്‌കാരം നടത്തും

Content Highlights: Mohanan vaidyar found dead at relatives house in thiruvananthapuram