പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യെ തെളിവെടുപ്പിനായി തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലിലെത്തിച്ചു. ശേഷം അടൂർ മുണ്ടപ്പള്ളിയിലെ രാഹുലിന്റെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തിയേക്കും. പ്രതിയുമായി പത്തനംതിട്ട എ.ആർ. ക്യാമ്പിൽനിന്ന് പുലർച്ചെ 5.30-നാണ് പോലീസ് സംഘം പുറപ്പെട്ടത്. വ്യാഴാഴ്ച ഉച്ചവരെയാണ് രാഹുലിന്റെ അറസ്റ്റ് കാലാവധി. ഇതിനകംതന്നെ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പ്രത്യേക അന്വേഷണസംഘം ശ്രമിക്കുന്നത്. അതേസമയം രാഹുൽ അന്വേഷണസംഘവുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം.
പാലക്കാട്ടെ ഹോട്ടൽമുറിയിൽനിന്ന് പിടിച്ചെടുത്ത ഫോണിന്റെ ലോക്ക് ഇതുവരെ രാഹുൽ പറഞ്ഞുകൊടുത്തിട്ടില്ല. രാഹുൽ യഥാർഥത്തിൽ താമസിച്ചിരുന്ന വസതിയിൽനിന്ന് മറ്റൊരു ഫോൺ കണ്ടെത്തിയിരുന്നു. അതിൽ രാഹുലിന്റെയും മറ്റു രാഷ്ട്രീയക്കാർക്കൊപ്പം നിൽക്കുന്നതുമായ ചിത്രങ്ങൾ മാത്രമേയുള്ളൂ. ലാപ്‌ടോപ്പ് എവിടെയെന്നതിലും രാഹുൽ വിശദീകരണം നൽകിയിട്ടില്ല. ഇത് വീട്ടിലുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്.
രാഹുൽ മാങ്കൂട്ടത്തിലിനെ 15-ന് ഉച്ചവരെ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് കസ്റ്റഡിയിൽ വിട്ടിരുന്നു. 16-ന് ജാമ്യാപേക്ഷ പരിഗണിക്കും.ചൊവ്വാഴ്ച രാഹുലിനായി ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കസ്റ്റഡി അപേക്ഷ മാത്രമാണ് പരിഗണിച്ചത്. ക്രമപ്രകാരമുള്ള അറസ്റ്റ് നടപടികളല്ല ഉണ്ടായതെന്ന് രാഹുലിന്റെ അഭിഭാഷകൻ അഭിലാഷ് ചന്ദ്രൻ വാദിച്ചു. അറസ്റ്റ് മെമ്മോയിലടക്കം രാഹുൽ ഒപ്പിടാത്തത് അന്വേഷണത്തോട് സഹകരിക്കാതിരിക്കുന്നതിന്റെ ഭാഗമാണെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജി. ദേവി ചൂണ്ടിക്കാട്ടി.
കാനഡയിൽ ജോലി ചെയ്യുന്ന 31-കാരിയുടെ പരാതിയിലാണ് രാഹുലിനെ ശനിയാഴ്ച രാത്രി പാലക്കാട്ടുനിന്ന് അറസ്റ്റ് ചെയ്തത്. തുടർന്ന് പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റി.
Content Highlights: MLA Rahul Mamkootathil's Rape Case: Evidence Gathering Underway at Thiruvalla Hotel
Published: 14 Jan 2026, 06:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented