മലപ്പുറം: നിലമ്പൂര്‍ വനം നോര്‍ത്ത് ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ച കേസില്‍ അറസ്റ്റിലായ പി.വി. അന്‍വര്‍ എം.എ.എ. ജയില്‍ മോചിതനായി. നിലമ്പൂര്‍ കോടതി നേരത്തേ അന്‍വറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ ഉത്തരവ് ഇ- മെയില്‍ വഴി തവനൂര്‍ ജയിലില്‍ ലഭിച്ചതിന് പിന്നാലെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിനെ തുടർന്ന് രാത്രി 8.30 ഓടെ എം.എല്‍.എ. പുറത്തിറങ്ങിയത്.

To advertise here,

ഡി.എം.കെ. പ്രവര്‍ത്തകര്‍ മാലയിട്ടും പൊന്നാട അണിയിച്ചും ലഡ്ഡു നല്‍കിയും ഇളനീര്‍ നല്‍കിയും അന്‍വറിനെ സ്വീകരിച്ചു. പ്രവര്‍ത്തകരില്‍ ഒരാള്‍ അന്‍വറിനെ പച്ച പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത്. അനുയായികളുടെ മുദ്രാവാക്യം വിളികള്‍ക്കിടെയിലൂടെയാണ് അദ്ദേഹം ജയിലിന്റെ ഗേറ്റ് കടന്നുവന്നത്.

ഞായറാഴ്ച രാത്രി ഒമ്പതരയോടെ എടവണ്ണ ഓതായിയിലെ വീടുവളഞ്ഞാണ് എം.എല്‍.എയെ പോലീസ് അറസ്റ്റുചെയ്തത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലും പൊതുമുതല്‍ നശിപ്പിച്ചതിന് 35,000 രൂപ കെട്ടിവെയ്ക്കണമെന്ന ഉപാധിയിലുമാണ് അന്‍വറിന് കോടതി ജാമ്യം അനുവദിച്ചത്. ഒന്നിടവിട്ട ബുധനാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.

ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് അന്‍വറിന്റെ നേതൃത്വത്തിലെത്തിയ ഡി.എം.കെ. പ്രവര്‍ത്തകര്‍ ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ചത്. പൂട്ടുതകര്‍ത്ത് ഉള്ളില്‍ക്കയറി സാധനസാമഗ്രികള്‍ നശിപ്പിച്ചതിന്റെ പേരില്‍ എം.എല്‍.എ.യെ ഒന്നാംപ്രതിയാക്കിയാണ് കേസെടുത്തത്.