തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനേക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് വീണ്ടും ഒഴിഞ്ഞുമാറി നടനും മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാര്‍. തന്നില്‍ ഔഷധഗുണമൊന്നും ഇല്ലെന്നും തന്നെ വെറുതേ വിട്ടേക്കൂ എന്നും പറഞ്ഞ ഗണേഷ് കുമാര്‍, ഇക്കാര്യത്തില്‍ അഭിപ്രായം പറയില്ലെന്നും വ്യക്തമാക്കി. ചട്ടമ്പിസ്വാമിയുടെ ജന്മദിനത്തോടനുബന്ധിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

'ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് കേരളത്തിന്റെ സാംസ്‌കാരികമന്ത്രിയാണ്. അദ്ദേഹം നിങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ തരുന്നുണ്ട്. ഞാന്‍ ഗതാഗത മന്ത്രിയാണ്. കഴിഞ്ഞ 23 വര്‍ഷമായി നിങ്ങള്‍ (മാധ്യമപ്രവര്‍ത്തകര്‍) എന്നെ വേട്ടയാടുകയാണ്. എന്നെ വിട്ടേക്കൂ. എന്നില്‍ ഔഷധമൂല്യമില്ല. എന്നെ ഉപദ്രവിക്കരുത് എന്റെ പുറകേ നടക്കണ്ട. ഞാന്‍ ഇതിനേപ്പറ്റി അഭിപ്രായം പറയില്ല. നല്ലതും പറയില്ല, ചീത്തയും പറയില്ല. അത് ശരിയല്ല. ഇതിനകത്ത് ചോദ്യങ്ങള്‍ വേണ്ട', ഗണേഷ് കുമാര്‍ പറഞ്ഞു. 

ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ക്കെതിരെയുള്ള ആരോപണത്തില്‍ പ്രാഥമിക അന്വേഷണം നടത്തമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സിദ്ദിഖ് എന്നിവര്‍ക്കെതിരായ ആരോപണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. പരാതിക്കാരെ വിളിച്ച് മൊഴി രേഖപ്പെടുത്താനാണ് പോലീസ് ശ്രമം. ഇവര്‍ക്ക് പരാതിയുണ്ടെന്ന് അറിയിച്ചാല്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകും.

വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഞായറാഴ്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തിനായിരിക്കും അന്വേഷണ ചുമതല. എ.ഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. ഡി.ഐ.ജി. എസ്. അജീത ബീഗം, എസ്.പി. മെറിന്‍ ജോസഫ്, എ.ഐ.ജി. ജി. പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്റെ, എ.ഐ.ജി. അജിത്ത് വി., എസ്.പി. എസ്. മധുസൂദനന്‍ എന്നിവരാണ് സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍.