തൃപ്പൂണിത്തുറ: കൊല്ലത്തെ വിദ്യാര്‍ഥിയുടെ മരണവിവരം അറിഞ്ഞിട്ടും പാര്‍ട്ടി പരിപാടിയില്‍ സൂംബാനൃത്തം ചെയ്ത മന്ത്രി ജെ. ചിഞ്ചുറാണിയുടെ പ്രവൃത്തി വിവാദത്തില്‍. സ്വന്തം ജില്ലയില്‍ ഒരു കുട്ടി ദാരുണമായ സാഹചര്യത്തില്‍ മരിച്ചിട്ടും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുകയും സൂംബാ നൃത്തത്തിന്റെ ഭാഗമാവുകയും ചെയ്തതാണ് വിവാദമായിരിക്കുന്നത്. ഇതേ പരിപാടിയിലാണ് മന്ത്രി മരിച്ച കുട്ടിക്കെതിരെ വിവാദപ്രസ്താവനകളും നടത്തിയത്.
തൃപ്പൂണിത്തുറയില്‍ നടന്ന സിപിഐയുടെ വനിതാ സംഗമവേദിയിലായിരുന്നു മന്ത്രി ചിഞ്ചുറാണിയുടെ വിവാദപ്രസംഗവും നൃത്തവും. പരിപാടി ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിലാണ് മന്ത്രി കുട്ടിക്കെതിരായ വിവാദ പ്രസ്താവനകള്‍ നടത്തിയത്. സംഭവത്തെ ലഘൂകരിച്ചുകൊണ്ടുള്ള പ്രസ്താവനകളായിരുന്നു മന്ത്രി നടത്തിയത്.
വിദ്യാര്‍ഥിയുടെമേല്‍ പഴിചാരിക്കൊണ്ടും അധ്യാപകരെ ന്യായീകരിച്ചുകൊണ്ടും നടത്തിയ പ്രസംഗം വൈകാതെ വിവാദമായിരുന്നു. കുട്ടിയുടെ മരണത്തില്‍ വിഷമമുണ്ടെങ്കിലും അവന്റെ പ്രവൃത്തിയാണ് അപകടത്തിലേക്ക് നയിച്ചത് എന്നായിരുന്നു മന്ത്രിയുടെ വാദം. ഈ പ്രസംഗത്തിന് ശേഷമാണ് മന്ത്രി പരിപാടിയുടെ ഭാഗമായുള്ള സൂംബാനൃത്തത്തില് പങ്കെടുത്തത്.
മറ്റ് വനിതാ നേതാക്കള്‍ക്കൊപ്പം സന്തോഷവതിയായി പാട്ടിന് ചുവടുവെക്കുന്ന മന്ത്രിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അല്പനേരത്തേക്കല്ല, മറിച്ച് പാട്ട് തീരുന്നതുവരെയും മന്ത്രിയും മറ്റ് നേതാക്കളും സൂംബാനൃത്തം കളിക്കുന്നതായാണ് വീഡിയോയില്‍ കാണാനാവുക. മന്ത്രിയുടെ പ്രവൃത്തി വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്.
അത്യന്തം വിവേകശൂന്യമായ പ്രവര്‍ത്തിയാണ് മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് പ്രധാന ആരോപണം. ജില്ലയ്ക്ക് പുറത്തുനിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും മരിച്ച മിഥുന്റെ വീട്ടിലെത്തുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്ത അവസരത്തിലാണ് കൊല്ലം ജില്ലയില്‍ നിന്നുതന്നെയുള്ള മന്ത്രി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത്.
അതേസമയം, എറണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് വിവരം അറിഞ്ഞതെന്നും തിരികെ വരുമ്പോള്‍ മിഥുന്റെ വീട്ടില്‍ കയറാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും മന്ത്രി ചിഞ്ചുറാണി പ്രതികരിച്ചു.
സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അന്വേഷണം നടത്തി കുറ്റക്കാരായവരെ കണ്ടെത്തി ശിക്ഷിക്കും. എറണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് ദാരുണമായ സംഭവത്തിന്റെ വിവരം അറിഞ്ഞത്. പരിപാടിയില്‍ പങ്കെടുത്ത് തിരികെ വരുമ്പോള്‍ മിഥുന്റെ വീട്ടില്‍ ഇറങ്ങണമെന്നായിരുന്നു തീരുമാനം. പരിപാടി ആരംഭിച്ചുപോയിരുന്നത് കൊണ്ടാണ് മാറ്റിവെക്കാന്‍ കഴിയാഞ്ഞതും അതില്‍ പങ്കെടുക്കേണ്ടി വന്നതും, മന്ത്രി പറഞ്ഞു.
Content Highlights: minister j chinchu rani zoomba dance at thrippunithura student death kollam
Published: 17 Jul 2025, 08:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented