എടവണ്ണ (മലപ്പുറം): പാമ്പിനെയും കീശയിലിട്ട് അങ്ങാടിയിലൂടെ കൂളായി നടന്ന അതിഥിത്തൊഴിലാളിയായ യുവാവ് നാട്ടുകാരെ പേടിപ്പിച്ചു. പലതവണ പാന്റ്‌സിന്റെ കീശയിലിട്ടും എടുത്തും ഷോ കാണിച്ച ഇയാൾക്ക് അവസാനം കടിയേൽക്കുകയുംചെയ്തു. വ്യാഴാഴ്‌ച രാവിലെ പതിനൊന്നോടെ എടവണ്ണ ഒതായി അങ്ങാടിയിലായിരുന്നു സംഭവം. ഇവിടെ വാടകയ്ക്കു താമസിക്കുകയാണ് ഇയാൾ. വിഷപ്പാമ്പിനെയും കീശയിലിട്ട് തുടരെ തുടരെ അങ്ങാടി ചുറ്റിയ ഇയാളെ ഒടുവിൽ നാട്ടുകാർ കഠിനമായി ശാസിച്ച്‌ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

To advertise here,

ലഹരിയിലാണെന്നും അടി കൊള്ളാത്തതിന്റെ കേടാണെന്നുമൊക്കെ പറഞ്ഞു കുറേപ്പേരെത്തി. ‘വേറെ പണിയൊന്നുമില്ല ചേട്ടാ...’ എന്നും പറഞ്ഞ് അയാൾ പിന്നെയും ആളുകൾക്കിടയിലൂടെ നടക്കാൻ തുടങ്ങി. കീശയിൽ കൈയിടവേ കടിയേറ്റതിന്റെ വേദന ഒരുവേള ഇയാളുടെ മുഖത്തു പ്രകടമായി. ഇതിനിടെ പാമ്പുകടിയേറ്റാലുള്ള പ്രശ്നങ്ങൾ ഓരോന്നായി ഓരോരുത്തരായിവന്നു വിവരിക്കാനും തുടങ്ങി. ഇതോടെ ഇയാൾക്ക് പേടിയുടെ ലക്ഷണം തുടങ്ങി. കൈവിരലുകൾക്കിടയിലെ കടിയേറ്റ പാടുകൾ ആളുകളെ കാണിക്കാൻ തുടങ്ങി. പിന്നെ പാമ്പിനെയെടുത്ത് ഒരു പ്ലാസ്റ്റിക് കവറിലാക്കി. തൊട്ടടുത്തുള്ള ആശുപത്രിയിലേക്കു നടന്നു. ഇതിനിടെ പേടികൂടി ഇയാൾക്ക് ബോധവും പോയി. അതൊക്കെ പുള്ളിയുടെ അഭിനയമാണെന്ന് ചിലർ പ്രതികരിച്ചു.

മദ്യത്തിന്റെയോ മറ്റോ ലഹരിയിലാണ് ഇയാളുടെ പ്രകടനമെന്ന് നാട്ടുകാർ പറയുന്നു. മൃതപ്രാണനിലയിലുള്ള അണലി വർഗത്തിൽപെട്ട പാമ്പായിരുന്നു ഇയാൾ കീശയിൽ കൊണ്ടുനടന്നിരുന്നതെന്ന് ഒതായി ആശുപത്രി ജീവനക്കാർ പറയുന്നു. എങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആംബുലൻസിൽ വിട്ടു. ഇയാൾ അപകടനില തരണംചെയ്തുവെന്ന് ഡോക്ടർമാർ പറഞ്ഞു.