പൊൻകുന്നം: രണ്ടുദിവസമായി പ്രദേശത്ത് അലഞ്ഞുതിരിഞ്ഞിരുന്ന ഇതരസംസ്ഥാനക്കാരനായ യുവാവ് പോലീസിന്റെയും നാട്ടുകാരുടെയും മുന്നിൽ തൂങ്ങിമരിച്ചു. ഹിന്ദി സംസാരിക്കുന്ന 30 വയസ്സ് തോന്നിക്കുന്നയാൾ മരത്തിൽ കയറിയത് കണ്ട് അനുനയിപ്പിക്കുന്നതിനിടെ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

To advertise here,

പൊൻകുന്നം, ചിറക്കടവ് മേഖലയിൽ പല വീടുകളുടെയും പരിസരത്ത് അലഞ്ഞുതിരിഞ്ഞ് കാണപ്പെട്ട യുവാവ് ടൗണിന് സമീപം നാനോസിറ്റിയിൽ മരത്തിന് മുകളിൽ കയറിയതുകണ്ട് പ്രദേശവാസികൾ പോലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് അഗ്നിരക്ഷാസേനയെ അറിയിച്ചു. അവരെത്താൻ കാത്തുനിൽക്കേ കൈയിലുണ്ടായിരുന്ന തോർത്തുകൊണ്ട് കുരുക്കിട്ട് ഇയാൾ മരത്തിൽ 35 അടിയോളം ഉയരത്തിൽ തൂങ്ങുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം താഴെയിറക്കിയത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഇയാളുടെ പേരോ കൂടുതൽ വിവരങ്ങളോ ലഭ്യമായിട്ടില്ല. പെരുമാറ്റത്തിൽനിന്ന് മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)