
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാർ കേരളത്തിലെ ബാറുകൾ പൂട്ടിയെന്നത് വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കഥ മാത്രമാണെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി രാജേഷ്. സൈബർ പോരാളികൾ പറഞ്ഞുനടക്കുന്ന ഇത്തരം കള്ളങ്ങൾ മുഖ്യമന്ത്രി സഭയിൽ പറയുന്ന നിലവാരത്തിലേക്ക് കാര്യങ്ങൾ എത്തിയത് കഷ്ടമാണെന്നും അദ്ദേഹം വിമർശിച്ചു.
ഉമ്മൻ ചാണ്ടിയുടെ കാലത്ത് സംസ്ഥാനത്ത് 748 ബാർ ഹോട്ടലുകൾ പ്രവർത്തിച്ചിരുന്നു. അക്കാലത്ത് അബ്കാരി നയത്തിൽ പെട്ടെന്ന് മാറ്റം വരുത്താൻ കാരണം ബാർ കോഴ ആരോപണവും വി.എം സുധീരനുമായുള്ള കടുത്ത രാഷ്ട്രീയ പോരാട്ടവുമായിരുന്നു. ഫൈവ് സ്റ്റാർ ക്ലാസിഫിക്കേഷൻ ഉള്ള 29 ബാർ ലൈസൻസുകൾ ഒഴികെയുള്ളവ അന്ന് റദ്ദാക്കിയത് വെറും വാശിയുടെ പുറത്തായിരുന്നെന്നും അത് സുധീരനെ തോൽപ്പിക്കാൻ ഗത്യന്തരമില്ലാതെ ചെയ്ത കാര്യമാണെന്നും എംബി രാജേഷ് ആരോപിച്ചു.
ബാർ ലൈസൻസുകൾ റദ്ദാക്കി എങ്കിലും ആ സ്ഥാപനങ്ങൾക്കൊന്നും മദ്യവിൽപന നിർത്തേണ്ടി വന്നില്ല എന്നതാണ് യാഥാർത്ഥ്യമെന്നും രാജേഷ് പറഞ്ഞു. ലൈസൻസ് നഷ്ടപ്പെട്ട എല്ലാ ബാറുകൾക്കും ബിയർ-വൈൻ പാർലറുകൾ അനുവദിച്ചുകൊണ്ട് അന്നത്തെ സർക്കാർ അഴിമതി ആരോപണത്തിൽ നിന്ന് തടിയൂരുകയായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിയുമ്പോൾ കേരളത്തിൽ 813 ബിയർ വൈൻ പാർലറുകളും 306 ബെവ്‌കോ ഔട്ട്‌ലെറ്റുകളും സജീവമായി പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് ഗവൺമെന്റ് വന്നപ്പോൾ ചെയ്തത് ഉമ്മൻ ചാണ്ടിയുടെ കാലത്ത് ബിയർ വൈൻ പാർലറുകളാക്കി മാറ്റിയ ബാറുകൾക്ക് അവർ ത്രീ സ്റ്റാർ ക്ലാസിഫിക്കേഷൻ കൈവരിച്ചപ്പോൾ ലൈസൻസ് പുതുക്കി നൽകുക മാത്രമായിരുന്നു. ഇത് ഒരു നിയമപരമായ ബാധ്യതയായിരുന്നു എന്നും അല്ലാതെ പുതിയ ബാറുകൾ വാരിക്കോരി നൽകിയതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്ത് വർഷം മുൻപ് 813 മദ്യശാലകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 896 എണ്ണം മാത്രമാണുള്ളതെന്നും അദ്ദേഹം കണക്കുകൾ സഹിതം വിവരിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള 'അന്ന് എല്ലാം പൂട്ടി, ഇപ്പോൾ എല്ലാം തുറന്നു' എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ബാറുകളുടെ എണ്ണം 28 ൽ നിന്ന് 900ത്തിലധികം ആക്കി മാറ്റിയവരാണ് തങ്ങളോട് മദ്യം വ്യാപിപ്പിക്കരുതെന്ന് പറയുന്നതെന്നായിരുന്നു മുഖ്യമന്ത്രി വിഡി സതീശൻ സഭയിൽ പറഞ്ഞത്. കേരളത്തിൽ മദ്യം ഒഴുക്കിയ ഒരു സർക്കാരിന്റെ പ്രതിനിധികൾ വന്നാണ് മദ്യം വ്യാപിപ്പിക്കരുത്, മദ്യം വിഷമാണെന്ന് ഉപദേശിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.
Content Highlights: MB Rajesh clarifies facts on Kerala's bar license history, debunking claims about the Oommen Chandy era.
Published: 25 Jun 2026, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented