തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കഴിഞ്ഞ അഞ്ചു വർഷം സംഘർഷമായിരുന്നെന്നും മര്യാദയ്ക്ക് കൗൺസിൽ നടത്താൻ ബിജെപി സമ്മതിച്ചില്ലെന്നും മന്ത്രി ശിവൻകുട്ടി. എന്നാൽ തങ്ങൾ അങ്ങനെ ആയിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനവിധി മാനിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക് വരുമെന്ന് പറയുന്നു. ഞങ്ങൾക്ക് ചിലത് പറയാനുണ്ട്. തെരുവുനായ ശല്യം ഒഴിവാക്കാനുള്ള കത്ത് മേയർ പ്രധാനമന്ത്രിക്ക് നൽകണം. ആ പ്രശ്‌നം പരിഹരിക്കാൻ ഇടപെടണം. മേയർ ഈ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

To advertise here,

കോൺഗ്രസ് ആർഎസ്എസിന്റെ റിക്രൂട്ട്‌മെന്റ് ഏജൻസി ആയി മാറിയെന്നും ശിവൻകുട്ടി വിമർശിച്ചു. കണക്കുകൾ കള്ളം പറയില്ല. പച്ചയായ വോട്ട് കച്ചവടമാണ് നടത്തുന്നത്. എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപിയുമായി കൂട്ടുകൂടാൻ കോൺഗ്രസിന് മടിയില്ല. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കാമെന്നു ബിജെപി പറയുന്നത് കോൺഗ്രസുകാരെ വിലക്ക് വാങ്ങാമെന്ന് കരുതിയാണെന്നും അദ്ദേഹം വിമർശിച്ചു. വി.കെ. പ്രശാന്തിന്റെ വിഷയത്തിൽ ബിജെപിക്ക് കുട പിടിച്ചത് ശബരിനാഥനും മുരളീധരനുമാണെന്നും ശിവൻകുട്ടി പറഞ്ഞു.

സിപിഐ യോഗത്തിൽ പിഎം ശ്രീയിൽ വിമർശനം ഉണ്ടായി എന്ന് വാർത്തകൾ മാധ്യമങ്ങൾ എന്ത് അർഥത്തിലാണ് കൊടുത്തതെന്നും മന്ത്രി ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ വലിയ വികാരം ഉണ്ടായി എന്ന് മാധ്യമങ്ങൾ പറയുന്നു. ഇതെല്ലാം മാധ്യമങ്ങളുടെ ഭാവനയാണെന്നും മന്ത്രി പറഞ്ഞു.

നഗരസഭയുടെ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിലും ശിവൻകുട്ടി പ്രതികരിച്ചു. നിയമവിരുദ്ധ കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ പുതിയ കോർപറേഷന് പരിശോധിക്കാം. പക്ഷെ സർക്കാരിന്റെ അധികാരവും കോർപ്പറേഷന്റെ അധികാരവും അറിഞ്ഞിരിക്കണം. ഒരുപാടു പ്രശ്‌നങ്ങൾ ഉള്ളപ്പോൾ ഒരു കെട്ടിടത്തിന്റെ വിഷയമാണോ വലിയ കാര്യമെന്നും അദ്ദേഹം ആരാഞ്ഞു.

അടുത്ത അധ്യയനവർഷത്തേക്കുള്ള ഒന്ന് മുതൽ 12 വരെയുള്ള പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം കേരളത്തിൽ പൂർത്തിയായെന്നും ശിവൻകുട്ടി പറഞ്ഞു. കേന്ദ്രം ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ഭരണഘടന ഉയർത്തി പിടിക്കുന്ന പാഠഭാഗങ്ങൾ കൂട്ടിച്ചേർക്കും. ബാക്ക് ബെഞ്ച് ഒഴിവാക്കുന്നത് സംബന്ധിച്ചും സ്‌കൂൾ ബാഗിന്റെ ഭാരത്തെ സംബന്ധിച്ചും റിപ്പോർട്ട് കിട്ടിയെന്നും അടുത്ത കരിക്കുലം കമ്മിറ്റിയിൽ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവധിക്കാലത്ത് സ്‌കൂളിൽ ക്ലാസ്സ് എടുക്കാൻ പാടില്ല. കുട്ടികൾ കളിക്കേണ്ട സമയത്ത് കളിക്കണമെന്നും മന്ത്രി പറഞ്ഞു.