തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യും സഞ്ചരിച്ച കാര്‍ കുറുകെയിട്ട് കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞതായി പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. മേയറും ഡ്രൈവറുമായി വാക്കേറ്റമുണ്ടായതിനു പിന്നാലെ സ്ഥലത്തെത്തിയ കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളിലാണ് ബസ് തടഞ്ഞുവെന്ന പരാമര്‍ശമുള്ളത്. കെ.എസ്.ആര്‍.ടി.സി. കണ്‍ട്രോള്‍ റൂമിലെ രേഖകളിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്.

To advertise here,

ഇത്തരം സംഭവങ്ങളില്‍ സാധാരണ കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പോലീസില്‍ പരാതി നല്‍കാറുണ്ട്. എന്നാല്‍, തടഞ്ഞത് ഉന്നതരാണെന്നു വന്നതോടെ കെ.എസ്.ആര്‍.ടി.സി. പിന്മാറി.

സംഭവമറിഞ്ഞ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ സ്ഥലത്തെത്തുമ്പോള്‍ ബസില്‍ കണ്ടക്ടര്‍ സുബിന്‍ മാത്രമാണുണ്ടായിരുന്നത്. ഡ്രൈവറെ പോലീസ് കൊണ്ടുപോയിരുന്നു. പാളയം സാഫല്യം കോംപ്ലക്‌സിനു സമീപത്തെ സിഗ്‌നലിനു മുന്നില്‍വെച്ചാണ് കാര്‍ ബസിനു കുറുകെ നിര്‍ത്തിയതെന്ന് നിരീക്ഷണക്യാമറ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സീബ്രാലൈനിനു മുകളില്‍ ബസ് കടന്നുപോകാന്‍ കഴിയാത്ത വിധത്തിലാണ് കാര്‍ നിര്‍ത്തിയത്. മറ്റു വാഹനങ്ങള്‍ക്കു തടസ്സമുണ്ടാകുന്ന വിധത്തില്‍ വാഹനം നിര്‍ത്തുന്നത് ഡ്രൈവിങ് റെഗുലേഷന്റെ ലംഘനമാണ്. ബസിനെ പിന്തുടര്‍ന്നതിലും തടഞ്ഞതിലും അപകടകരമായ ഡ്രൈവിങ് കണ്ടെത്തിയാല്‍ കാറോടിച്ചയാളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാം. സീബ്രാലൈനിലേക്കു കടന്നുകയറി വാഹനം നിര്‍ത്തുന്നതും കുറ്റകരമാണ്.

ആദ്യം അറിയിക്കേണ്ടത് പോലീസിനെ

തിരുവനന്തപുരം: പൊതുസ്ഥലത്തെ ലൈംഗികാതിക്രമമാണെങ്കിലും പോലീസിനെ ആദ്യം വിവരമറിയിക്കണം. പ്രതി രക്ഷപ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ മാത്രമേ തടയാന്‍ ശ്രമിക്കാവൂ. പോലീസ് കണ്‍ട്രോള്‍ റൂമിന് ഒരു കിലോമീറ്റര്‍ അകലെവെച്ചാണ് സംഭവം നടക്കുന്നത്. നഗരത്തിനുള്ളില്‍ എവിടെയും അഞ്ചു മിനിറ്റിനുള്ളില്‍ എത്താവുന്ന വിധത്തില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

ഉടന്‍തന്നെ പോലീസിന് വാഹനം പരിശോധിക്കാമായിരുന്നു. സ്വയം വാഹനം തടഞ്ഞുനിര്‍ത്തി നിയമം നടപ്പാക്കാനുള്ള അധികാരം ജനപ്രതിനിധികള്‍ക്കു നല്‍കിയിട്ടില്ല. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ് വാഹനം തടഞ്ഞു പരിശോധിക്കാന്‍ അധികാരം.

ബസ് തടഞ്ഞാല്‍ ക്രിമിനല്‍ കുറ്റം, കെ.എസ്.ആര്‍.ടി.സി. ചെയ്യേണ്ടത്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞാല്‍ ക്രിമിനല്‍ കേസ് ഉറപ്പാണ്. ജീവനക്കാരെ ആക്രമിക്കുകയോ ബസിനു കേടുപാടുണ്ടാക്കുകയോ ചെയ്താല്‍ ജാമ്യമില്ലാ കുറ്റമാകും.

ഔദ്യോഗിക കൃത്യനിര്‍വഹണം തടയുക, ബസ് മുടക്കിയതു വഴി സാമ്പത്തികനഷ്ടം ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളെല്ലാം ചുമത്തും. ജീവനക്കാര്‍ക്ക് നേരിട്ട് പോലീസില്‍ പരാതി നല്‍കാം. ട്രിപ്പ് പൂര്‍ത്തിയാക്കിയില്ലെങ്കിലോ ബസിന് നാശനഷ്ടമുണ്ടെങ്കിലോ ഡിപ്പോ മേധാവി പരാതിപ്പെടണം.