മാവേലിക്കര: നഗരമധ്യത്തിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ കടകളും അമേരിക്കൻ ജങ്‌ഷൻ എന്ന വസ്ത്രവ്യാപാരസ്ഥാപനവും കുത്തിത്തുറന്ന് മോഷണംനടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടിമോഷ്ടാക്കൾ മാവേലിക്കര പോലീസിന്റെ പിടിയിലായി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. വസ്ത്രശാലയുടെ മുൻവശത്തെ ഷട്ടറും ഗ്ലാസ് വാതിലും പൊളിച്ച് അകത്തുകയറി പണവും തുണിത്തരങ്ങളും മോഷ്ടിക്കുകയായിരുന്നു.

To advertise here,

ചെങ്ങന്നൂർ ഡിവൈ.എസ്.പി. എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇരുചക്രവാഹനത്തിലെത്തിയ മൂന്നുപേരാണ് മോഷണംനടത്തിയതെന്നു മനസ്സിലാക്കി. ഇവർ മോഷണത്തിനായി ഉപയോഗിച്ച ഇരുചക്രവാഹനം കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിൽ തിരുവല്ല കുറ്റൂർ ജങ്ഷനു സമീപത്തുനിന്നു ചെങ്ങന്നൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടർ അഞ്ചാംതീയതി വൈകുന്നേരം മോഷണംപോയതാണെന്നു കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് പന്തളം സ്വദേശികളായ പ്രായപൂർത്തിയാകാത്ത മൂന്നുമോഷ്ടാക്കളെ തിരിച്ചറിഞ്ഞു പിടികൂടിയത്.

വസ്ത്രശാല കൂടാതെ, മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ കടകളിലും മോഷണം നടത്തിയത് തങ്ങളാണെന്നു പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ബൈക്ക് മോഷണവും ചെറുകിടമോഷണങ്ങളും ഇവർ നേരത്തേയും ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മാവേലിക്കര ഇൻസ്പെക്ടർ സി. ശ്രീജിത്ത്, എസ്.ഐ. ജി. മധുസൂദനൻ, എ.എസ്.ഐ. എം. പ്രസന്നകുമാരി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, രതീഷ്, അരുൺ ഭാസ്‌കർ, സിവിൽ പോലീസ് ഓഫീസർമാരായ ബോധിൻകൃഷ്ണ, ആർ. ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. മൂവരെയും ചേർത്തലയിലെ ജുവനൈൽ ഹോമിലേക്കു മാറ്റി.