കോഴിക്കോട്: ശതാബ്ദിയിലെത്തിയ മാതൃഭൂമിക്ക് മേയ് 28 സവിശേഷ പ്രാധാന്യമുള്ള ദിവസമാണ്. നൂറുവര്‍ഷം മുന്‍പ് ഇതേദിവസമാണ് മാതൃഭൂമിയുടെ ആദ്യ ഡയറക്ടര്‍ബോര്‍ഡ് യോഗം ചേര്‍ന്നത്. സ്ഥാപകപത്രാധിപരായ കെ.പി. കേശവമേനോന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന ഇതേയോഗത്തില്‍വെച്ചാണ് ആദ്യ മാനേജിങ് ഡയറക്ടറായി കെ. മാധവന്‍ നായരെ നിശ്ചയിക്കുന്നതും സ്ഥാപക പബ്ലിഷര്‍ കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന് കമ്പനിയുടെ ആദ്യ ഓഹരികള്‍ നല്‍കുന്നതും.

To advertise here,

വര്‍ഷങ്ങള്‍ക്കിപ്പുറം ശതാബ്ദി ആഘോഷിക്കുമ്പോള്‍ മേയ് 28 മാതൃഭൂമിക്ക് വേദനാജനകമായ ഒരുവേര്‍പാടിന്റെ സ്മരണദിനം കൂടിയായി. കൂടുതല്‍ക്കാലം ചെയര്‍മാനും എം.ഡി.യും ആയിരിക്കുകയും മാതൃഭൂമിയെ ആധുനികതയിലേക്കു കൈപിടിച്ചു നടത്തുകയുംചെയ്ത എം.പി. വീരേന്ദ്രകുമാര്‍ രണ്ടുവര്‍ഷം മുന്‍പ് ഇതേ ദിവസമാണ് വിടപറഞ്ഞത്.

രണ്ട് ഓര്‍മകളും സംഗമിക്കുന്ന ചടങ്ങില്‍ മാതൃഭൂമി അതിന്റെ മഹാശില്പികള്‍ക്ക് ആദരമര്‍പ്പിക്കുന്നു. ഒപ്പം, വര്‍ത്തമാനകാലത്ത് നാം ജാഗ്രതയോടെ കാണേണ്ടതും വീരേന്ദ്രകുമാര്‍ നിരന്തരം ഉദ്ബോധിപ്പിച്ചിരുന്ന വിഷയവുമായ പരിസ്ഥിതിയുടെ പലതലങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുകയും ചെയ്യുന്നു.

28-ന്, ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം കവടിയാറിലെ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടി രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് ഉദ്ഘാടനം ചെയ്യും. എക്കാലത്തും പരിസ്ഥിതിനാശവുമായി ബന്ധപ്പെട്ട ആകുലതകള്‍ പങ്കുവെക്കുകയും അവയെ കാലത്തിനുമുമ്പേ ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട് മാതൃഭൂമി.

പ്ലാച്ചിമടയിലെ സമരവും സ്‌കൂള്‍കുട്ടികളെ പരിസ്ഥിതിയുടെ കാവലാളാക്കുന്ന സീഡും മാതൃഭൂമിയുടെ പാരിസ്ഥിതികജാഗ്രതയ്ക്ക് ഉദാഹരണമാണ്. അതുകൊണ്ടുതന്നെ മാതൃഭൂമിയുടെ ശതാബ്ദിവര്‍ഷത്തിലെ ഈ സ്മൃതിസംഗമത്തിലും പരിസ്ഥിതി ചര്‍ച്ചയാകുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട മൂന്ന് വിഷയങ്ങളാണ് ചടങ്ങില്‍ അവതരിപ്പിക്കുക. 'കേരളവികസനവും പരിസ്ഥിതിയും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നത് ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ്. 'വികസനവും പരിസ്ഥിതിയും' എന്ന വിഷയത്തില്‍ വന്ദന ശിവ സംസാരിക്കും.

'മാതൃഭൂമിയും പരിസ്ഥിതിയും' എന്ന വിഷയത്തില്‍ മാതൃഭൂമി എം.ഡി. എം.വി. ശ്രേയാംസ് കുമാര്‍ പ്രഭാഷണം നടത്തും. കവി വി. മധുസൂദനന്‍ നായര്‍, എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരണപ്രഭാഷണം നടത്തും. മാതൃഭൂമി ജോയന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ് സ്വാഗതംപറയുന്ന ചടങ്ങില്‍ മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ അധ്യക്ഷത വഹിക്കും.

മാതൃഭൂമി ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് എം.എസ്. ദേവിക നന്ദിപറയും.