തിരുവനന്തപുരം: പി.വി. അൻവർ ആരോപണമുന്നയിച്ച മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരനെ മാറ്റിയതുൾപ്പടെ സംസ്ഥാനപോലീസിൽ അഴിച്ചുപണി. വിജിലൻസ് എറണാകുളം റെയ്‌ഞ്ച് എസ്.പി.യായിട്ടാണ് ശശിധരനെ മാറ്റിയത്. എ.ഐ.ജി. ആർ. വിശ്വനാഥിനെ മലപ്പുറം എസ്.പി.യായി നിയമിച്ചു. മലപ്പുറത്തെ എട്ട് ഡിവൈ.എസ്.പി.മാരെയും മാറ്റിയിരുന്നു.

To advertise here,

ക്രൈംബ്രാഞ്ച് ഐ.ജി. സി.എച്ച്. നാഗരാജുവിനെ ട്രാൻസ്പോർട്ട് കമ്മിഷണറായി നിയമിച്ചു. എ. അക്ബർ ചുമതലയേറ്റെടുക്കാത്തതിനെത്തുടർന്നാണിത്. അക്ബറിനെ എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജി.യാക്കി. കൊച്ചി കമ്മിഷണർ എസ്. ശ്യാംസുന്ദറിനെ ദക്ഷിണഖേലാ ഐ.ജി.യാക്കി. കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപ്പറേഷൻ ലിമിറ്റഡ് എം.ഡി.യുടെ അധികചുമതലയും അദ്ദേഹം വഹിക്കും.

ജെ. ജയനാഥാണ് പ്രൊട്ടക്‌ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് ഡി.ഐ.ജി. ഭീകരവിരുദ്ധ സ്ക്വാഡ് ഡി.ഐ.ജി. പുട്ട വിമലാദിത്യയെ കൊച്ചി സിറ്റി പോലീസ് കമ്മിഷണറാക്കി. ഭീകരവിരുദ്ധ സ്ക്വാഡ് ഡി.ഐ.ജി.യുടെ ചുമതലയുമുണ്ടാകും.

തൃശ്ശൂർ റെയ്‌ഞ്ച് ഡി.ഐ.ജി. തോംസൺ ജോസിന് എറണാകുളം റെയ്‌ഞ്ച് ഡി.ഐ.ജി.യുടെ ചുമതലകൂടി നൽകി. സൈബർ ഓപ്പറേഷൻസ് എസ്.പി. ഹരിശങ്കർ പോലീസ് ആസ്ഥാനത്ത് എ.ഐ.ജി.(പേഴ്‌സണൽ)യുടെ അധികചുമതല വഹിക്കും. വിജിലൻസ് എറണാകുളം റെയ്‌ഞ്ച് എസ്.പി. ജെ. ഹിമേന്ദ്രനാഥിനെ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി.യാക്കി.

എക്സൈസ് വിജിലൻസ് ഓഫീസർ കെ.വി. സന്തോഷിനെ മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി.യായും കോട്ടയം എസ്.പി. കെ.എൽ. ജോൺകുട്ടിയെ വിജിലൻസ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്ന് എസ്.പി.യായും നിയമിച്ചു. പി.വി. അൻവർ എം.എൽ.എ ആരോപണം ഉന്നയിച്ച എല്ലാ ഉദ്യോ​ഗസ്ഥരേയും മാറ്റിയെങ്കിലും എ.ഡി.ജി.പി. അജിത് കുമാർ തത്സ്ഥാനത്ത് തന്നെ തുടരുകയാണ്.