കോട്ടയം: സഹോദരിക്കുസമീപം അദ്ദേഹം ഇരുന്നു. പ്രത്യാശയുടെ ഗീതം ആ ചുണ്ടില്‍നിന്ന് വിറയാര്‍ന്ന ശബ്ദത്തില്‍ ഉയര്‍ന്നു. മേരി റോയിക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയ സഹോദരന്‍ ജോര്‍ജ് ഐസക്കിന്റെ ഗീതത്തില്‍ പള്ളിക്കൂടത്തിന്റെ കണ്ണും നിറഞ്ഞു.

To advertise here,

പോരാട്ടങ്ങളില്ലാത്ത ലോകത്തേക്ക് സഹോദരിയെ യാത്രയാക്കാനെത്തിയ ജോര്‍ജ് പ്രാര്‍ഥിക്കവേ, അന്ത്യയാത്രയ്ക്കുള്ള വാഹനവുമെത്തി.കഴിഞ്ഞദിവസം അന്തരിച്ച സാമൂഹികപ്രവര്‍ത്തക മേരി റോയിയുടെ(89) സംസ്‌കാരം, അവര്‍ സ്ഥാപിച്ച പള്ളിക്കൂടം സ്‌കൂളിന്റെ വളപ്പിലാണ് മതാചാരമില്ലാതെ നടന്നത്. മകളും ബുക്കര്‍ പുരസ്‌കാരജേത്രിയുമായ അരുന്ധതി റോയ് തലയ്ക്കലും, മകന്‍ ലളിത് റോയ് കാല്‍ക്കലും ചിതയ്ക്ക് തീപകര്‍ന്നു. മേരി റോയ് എന്നും വിശ്രമിച്ചിരുന്ന സ്ഥലത്തിരുന്ന് ജോര്‍ജും ഇതിനെല്ലാം സാക്ഷിയായി.

അപ്പന്റെ സ്വത്തിന്റെ പകുതി ലഭിക്കാന്‍വേണ്ടിയാണ് മേരി റോയ് സഹോദരനുമായി കേസ് നടത്തിയത്. എന്നാല്‍, നാലുവര്‍ഷംമുമ്പ് ജോര്‍ജിനെ മേരി റോയ് ഫോണില്‍ വിളിച്ചതോടെ കാലുഷ്യത്തിന്റെ മഞ്ഞുരുകിയിരുന്നു. ജോര്‍ജിനെതിരേയല്ല, മറിച്ച് സ്ത്രീകളെ രണ്ടാമതാക്കുന്ന നിയമത്തിനെതിരേയാണ് താന്‍ പോരാടിയതെന്ന് മേരി വിശദീകരിക്കുകയും ചെയ്തു. രാവിലെ 11 മണിയോടെ സ്‌കൂളിലേക്ക് ഭാര്യ സൂസിയുടെ കൈപിടിച്ചാണ്, പ്രായത്തിന്റെ അവശതകള്‍ മാറ്റിവെച്ച് ജോര്‍ജ് എത്തിയത്. അരുന്ധതി മുറ്റത്തേക്ക് ഓടിയെത്തി അമ്മാവനെ വരവേറ്റു.

''അമ്മയുടെ വലിയ ശത്രുവായി ലോകം കണ്ടത് ഈ അമ്മാവനെയാണ്. വലിയ ശത്രു ഏറ്റവും വലിയ മിത്രവുമാണ്. ആശയങ്ങള്‍ക്കുവേണ്ടി നടത്തിയ പോരിനപ്പുറം, സ്‌നേഹത്തിന്റെ വലിയൊരിടം ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നു. അത് അവര്‍ക്കും ഞങ്ങള്‍ക്കും അറിയാം.'' അരുന്ധതിയുടെ വാക്കുകള്‍ ഹാളില്‍ നിറഞ്ഞു. അമ്മയ്ക്കുവേണ്ടി അദ്ദേഹം ഇപ്പോള്‍ ഗീതമാലപിക്കുമെന്നറിയിച്ച് അരുന്ധതിതന്നെ മൈക്ക് അദ്ദേഹത്തിന് കൈമാറി.

12 മണിക്ക് പോലീസ്സംഘം അഭിവാദ്യമര്‍പ്പിച്ചതോടെ മേരി റോയിയുടെ ഭൗതികശരീരം അവര്‍ക്കേറെ പ്രിയപ്പെട്ട പള്ളിക്കൂടംകുന്നില്‍ എരിഞ്ഞടങ്ങി.