
മരട്(എറണാകുളം): മരടിൽ സി.പി.എം. പ്രവർത്തകർ നശിപ്പിച്ചശേഷം അവരുടെതന്നെ ചെലവിൽ പുനഃസ്ഥാപിച്ച മുഖ്യമന്ത്രിയുടെ ഫ്‌ലെക്‌സ് ബോർഡ് നഗരസഭാ സെക്രട്ടറി ഇടപെട്ട് നീക്കി. തിങ്കളാഴ്ച രാവിലെയാണിത് നീക്കിയത്. പൊതുസ്ഥലങ്ങളിലെ ഫ്‌ലെക്‌സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് നീക്കംചെയ്തതെന്ന് നഗരസഭാ സെക്രട്ടറി ഇ. നാസിം പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് കൊട്ടാരം ജങ്ഷനിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്ഥാപിച്ചിരുന്ന 'കേരളത്തിന്റെ ജനപക്ഷ മുഖ്യമന്ത്രിക്ക് സ്‌നേഹാഭിവാദ്യങ്ങൾ' എന്നെഴുതിയ മുഖ്യമന്ത്രിയുടെ ചിത്രമടങ്ങിയ ഫ്‌ലെക്‌സ് ബോർഡാണ് സി.പി.എം. പ്രവർത്തകർ നശിപ്പിച്ചത്. പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി. പരിശോധനയിൽ പ്രതിഷേധിച്ച് മേയ് 27-ന് സി.പി.എം. നടത്തിയ പ്രകടനത്തിനിടെയാണിത്. നശിപ്പിച്ചത്.സംഭവത്തിൽ ലോക്കൽ സെക്രട്ടറിയടക്കം 10 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി മരട് പോലീസ് കേസെടുത്തതോടെ ഇവർ ഒളിവിൽ പോയി. തുടർന്നു നടന്ന സമവായ ചർച്ചയിലെ ധാരണ പ്രകാരമാണ് സി.പി.എമ്മിന്റെ ചെലവിൽ ബോർഡ് പുനഃസ്ഥാപിച്ചത്.
കോൺഗ്രസ് നേതൃത്വത്തിൽ യു.ഡി.എഫ്.ആണ് നഗരസഭ ഭരിക്കുന്നത്. മുൻകൂട്ടി ചോദിക്കാതെയാണ് സെക്രട്ടറി ഫ്‌ലെക്‌സ് നീക്കം ചെയ്തതെന്നും ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്ന് പിന്നീട് വിശദീകരണം നൽകിയെന്നും നഗരസഭ ചെയർപേഴ്‌സൺ അജിത നന്ദകുമാർ പറഞ്ഞു.
ബോർഡ് നീക്കിയതിന് പിന്നിൽ സെക്രട്ടറിയും സി.പി.എമ്മുമായുള്ള ധാരണയെന്ന് ആരോപണം
ബോർഡ്‌നീക്കം ചെയ്തതിനെതിരേ കോൺഗ്രസ് നേതാവും നഗരസഭാ മുൻ ചെയർപേഴ്‌സണുമായ ആന്റണി ആശാംപറമ്പിൽ രംഗത്തുവന്നു. നഗരസഭ സെക്രട്ടറിയുടെ നടപടി സി.പി.എമ്മുമായുള്ള ധാരണയുടെ ഭാഗമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ആന്റണി ആശാംപറമ്പിൽ ആരോപിച്ചു. സെക്രട്ടറിക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതിശൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി എന്നിവർക്ക് അദ്ദേഹം പരാതി നൽകി.
Content Highlights: Maradu Municipal Secretary removed a flex board of the CM citing High Court directives., The board was originally installed by Congress and damaged by CPM workers., CPM workers were forced to pay for the board's restoration following police intervention., Congress leaders allege a secret pact between the Secretary and CPM., Formal complaints have been lodged with the CM and Local Self Government Minister.
Published: 02 Jun 2026, 07:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented