കോഴിക്കോട്: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ചൊവ്വാഴ്ച ബെയ്റൂത്തിൽ അഭിഷിക്തനാവുമ്പോൾ മലങ്കരസഭ പുതയുഗപ്പിറവിയിലേക്ക്. സഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നാലാം തലമുറക്കാരനാണ് മാർ ഗ്രീഗോറിയോസ്. സുറിയാനി സഭയുടെ 81-ാമത് കാനോനിക കാതോലിക്കയാണ് അദ്ദേഹം. ബെയ്റൂത്തിലെ പാത്രിയർക്കാ അരമനയിൽ വച്ച് പരിശുദ്ധ ഇന്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ വചനിപ്പ് പെരുന്നാൾ ദിവസത്തിലാണ് കാതോലിക്കയെ വാഴിക്കുന്നത്.
യാക്കോബായ സഭ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ നേതൃത്വം നല്കുന്ന പുതിയ ഇടയൻ 1974 മാർച്ച് 25 നാണ് 13-ാം വയസിൽ ശെമ്മാശപട്ടം സ്വീകരിക്കുന്നത്. അര നൂറ്റാണ്ടിനിപ്പുറം അതേ ദിനത്തിൽ കാതോലിക്കാ ബാവയാവുന്നു. സമാധാനത്തിനും സമവായത്തിനും ഒരുക്കമുള്ള തുറന്ന മനസാണ് സഭാ നൗകയുടെ പുതിയ അമരക്കാരൻ്റെ പ്രത്യേകത. പരുമല തിരുമേനിയുടേയും തൻ്റെ ഗുരുനാഥനായ പെരുമ്പള്ളി തിരുമേനിയുടേയും അതേ പേരുകാരനായ മാർ ഗ്രീഗോറിയോസ് തൻ്റെ പിൻഗാമിയാവണമെന്ന് കാലം ചെയ്ത ശ്രേഷ്ഠ ബാവ ആഗ്രഹിച്ചിരുന്നു.
പരുമല തിരുമേനിയെപ്പോലെ ജന്മനാ അന്ത്യോഖ്യാ സിംഹാസന ഭക്തനായ മാർ ഗ്രീഗോറിയോസ് ഇന്ത്യയിലെ അഞ്ച് പാത്രിയർക്കാ സന്ദർശനങ്ങൾക്ക് ഒരുക്കങ്ങൾ നടത്തുകയും നേതൃത്വം വഹിക്കുകയും ചെയ്തു. കാതോലിക്കേറ്റ് അസിസ്റ്റൻ്റായും മലങ്കര മെത്രാപോലീത്തയായും പാത്രിയർക്കീസ് ബാവ ഇദ്ദേഹത്തെ ഉയർത്തി. സഭാംഗങ്ങളുടെ പ്രാർത്ഥനകൾ ഏറ്റുവാങ്ങി പൗരോഹിത്യ ഉന്നതിയിലേക്ക് നടന്നുകയറുമ്പോൾ സത്യവിശ്വാസത്തെ മുറുകെ പിടിക്കുന്ന ഇടയശ്രേഷ്ഠനെയാണ് സഭക്ക് ലഭിക്കുന്നത്. പുതിയ കാലത്തിൻ്റെ പ്രശ്നങ്ങളെ നേരിടാനുള്ള കരുത്തുറ്റ ശ്രമങ്ങൾ 64-കാരനായ ഇടയനിൽ നിന്നുണ്ടാവുമെന്ന് പൊതു സമൂഹം പ്രതീക്ഷിക്കുന്നു.
സഭാ ശുശ്രൂഷയിൽ ഇത്രകാലം താങ്ങും തണലുമായി വഴിനടത്തിയ സർവ്വശക്തൻ്റെ കയ്യിൽ തന്നെത്തന്നെ ഏല്പിച്ച് മുന്നോട്ടു പോകാനാവുമെന്ന വിശ്വാസമാണ് മാർ ഗ്രീഗോറിയോസിൻ്റെ കരുത്ത്. ഇതര വിശ്വാസ സമൂഹങ്ങളുമായി നല്ല ബന്ധമുള്ളയാളാണ് പുതിയ കാതോലിക്ക. മറ്റു ക്രൈസ്തവ സഭകളുമായി അദ്ദേഹം എക്യുമെനിക്കൽ ബന്ധം ദൃഢമാക്കി. അജപാലന ദൗത്യത്തിനൊപ്പം കാരുണ്യത്തിൻ്റെ വഴികളിലൂടെയും മാർ ഗ്രീഗോറിയോസ് സഞ്ചരിക്കുന്നു. 76 വീട് നിർമ്മിച്ച് നൽകിയും 40 യുവതികൾക്ക് വിവാഹധനസഹായം നൽകിയും 1995 മുതൽ അദ്ദേഹം സേവന വഴിയിൽ പ്രവർത്തിക്കുന്നു.
കാതോലിക്ക എന്നാൽ :
കാതോലികം എന്ന വാക്കിന് പൊതുവായത് എന്നും സാർവലൗകികമായത് എന്നുമാണ് അർത്ഥം. സഭക്ക് പൊതുവായ മെത്രാപ്പോലീത്തയാണ് കാതോലിക്ക. പാത്രിയർക്കീസ് വാഴിക്കുന്ന കീഴ്സ്ഥാനി. എ.ഡി. 231ൽ ആദ്യമായി പാത്രിയർക്കീസ് തന്നെ സഹായിക്കാൻ വലിയ മെത്രാപ്പോലീത്തയെ വാഴിച്ചു. എ.ഡി. 629 ൽ ടൈഗ്രീസിൽ മപ്രിയാനമാരുടെ പരമ്പര ആരംഭിച്ചു. ബസേലിയോസ് എന്നത് കാതോലിക്കയുടെ സ്ഥിരനാമമാണ്.
മെത്രാപ്പോലീത്തമാരെ വാഴിക്കാനും പ്രാദേശിക സുന്നഹദോസിനെ നയിക്കാനും കാതോലിക്കക്ക് അധികാരമുണ്ട്. ശ്രേഷ്ഠബസേലിയോസ് ജോസഫ് ബാവാ കാനോനിക കാതോലിക്കയാവുന്നത് യാക്കോബായ അസോസിയേഷൻ ഐകകണ്ഠ്യേന തിരഞ്ഞെടുത്തതിന് ശേഷമാണ്.
Content Highlights: Joseph Mar Gregorios becomes the 81st Catholicos of the Jacobite Syrian Christian Church
Published: 25 Mar 2025, 11:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented