കൊച്ചി: കുപ്രസിദ്ധ മാവോവാദി  നേതാവ് സന്തോഷ് തമിഴ്നാട്ടിലെ ഹോസൂരിൽ നിന്ന് അറസ്റ്റിലായി. രവി, സന്തോഷ് കോയമ്പത്തൂർ, രാജ എന്നീ പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ സഹായത്തോടെയും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുമാണ് കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

To advertise here,

2013 മുതൽ മാവോവാദി സാന്നിധ്യം ഉണ്ടായിരുന്ന കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തി മേഖലയിലെ മാവോവാദി പ്രവർത്തനങ്ങളിൽ സന്തോഷ് പ്രധാന കണ്ണിയായിരുന്നു. കൂടാതെ  2013 മുതൽ ഈ പ്രദേശങ്ങളിൽ നടന്ന സായുധവിപ്ലവ പ്രവർത്തനങ്ങളിലും ഇയാൾ സജീവമായിരുന്നു. നാടുകാണി, കബനി സ്ക്വാഡുകളിൽ പ്രവർത്തിച്ച  സന്തോഷ്, കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഏകദേശം 45-ഓളം യു.എ.പിഎ കേസുകളിൽ പ്രതിയാണ്.

2024 ജൂലൈയിൽ സന്തോഷ് മാവോവാദികളായ സി.പി മൊയ്തീൻ, പി.കെ സോമൻ, മനോജ് പി.എം എന്നിവരോടൊപ്പം കേരള വനപ്രദേശത്തെ പൊലീസ് നിരീക്ഷണ വലയത്തില്‍നിന്ന് രക്ഷപ്പെട്ടു. തുടർന്നുള്ള നിരന്തരമായ ശ്രമങ്ങളുടെ ഫലമായി സി.പി മൊയ്തീൻ, പി.കെ സോമൻ, മനോജ് പി.എം എന്നിവരെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തെങ്കിലും സന്തോഷ് കേരളത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.

2013 മുതൽ കഴിഞ്ഞ 12 വർഷമായി കേരള പൊലീസ്, കേരള എ.ടി.എസ്, കേരള SOG, തമിഴ്നാട്, കർണാടക തുടങ്ങിയ മറ്റ് സംസ്ഥാന ഏജൻസികൾ എന്നിവ ചേർന്ന് നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി കേരളത്തിൽ പ്രവർത്തിച്ചു വന്നിരുന്ന എല്ലാ മാവോവാദികളെയും അറസ്റ്റ് ചെയ്യുന്നതിനോ കീഴടക്കുന്നതിനോ സാധിച്ചിതായും എ.ടി.എസ് എസ്.പി സുനിൽ എം.എൽ ഐ.പി.എസ് അറിയിച്ചു. തുടർച്ചയായ ഇന്റലിജൻസ് ശേഖരണം, തന്ത്രപരമായ ഓപ്പറേഷനുകൾ, അന്തർസംസ്ഥാന സഹകരണം എന്നിവയിലൂടെയാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.