കണ്ണൂർ :ക്വട്ടേഷൻ-സ്വർണക്കടത്ത് സംഘങ്ങൾക്കെതിരേ മനു തോമസിന് ബി.ജെ.പി.യിൽനിന്ന് പോരാടാമെന്ന് ബി.ജെ.പി. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനു തോമസ് ഉന്നയിച്ചത് വളരെ ഗൗരവമായ കാര്യമാണ്. ക്വട്ടേഷൻ-സ്വർണക്കടത്ത് സംഘങ്ങൾക്കു പിന്നിൽ സി.പി.എമ്മിന്റെ കണ്ണൂർ ലോബിയുടെ ചിലരുണ്ട്. കേന്ദ്ര ഏജൻസി അക്കാര്യം അന്വേഷിക്കണം. കണ്ണൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തിന് സി.പി.എമ്മിലെ ഒരു ലോബിയുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. അതുകൊണ്ട് മനു തോമസ് പിണറായി വിജയനും ജയരാജനും കത്തെഴുതിയിട്ട് കാര്യമില്ല. ക്വട്ടേഷൻ സംഘത്തിനെതിരേയുള്ള പോരാട്ടം ആത്മാർഥമാണെങ്കിൽ ബി.ജെ.പി.യിലേക്ക് സ്വാഗതമെന്നും പാർട്ടിയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം. നേതാക്കളുടെ ക്വട്ടേഷൻ ബന്ധങ്ങൾ സി.ബി.ഐ. അന്വേഷിക്കണം -മാർട്ടിൻ ജോർജ്
സ്വർണക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി സി.പി.എം. നേതാക്കൾക്കുള്ള ബന്ധങ്ങളെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളിൽ സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്. ഇക്കാര്യം ഉന്നയിച്ച് ശനിയാഴ്ച കളക്ടറേറ്റിനുമുന്നിൽ ധർണ നടത്തും.
സി.പി.എം. നേതാവായ എം. ഷാജിറിന്റെ സ്വർണക്കടത്ത് ക്വട്ടേഷൻസംഘങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് പാർട്ടിക്കകത്ത് പരാതിനൽകിയതിന്റെ പേരിൽ ഒറ്റപ്പെടുകയും പാർട്ടിയിൽനിന്ന് പുറത്താകുകയും ചെയ്ത മുൻ സി.പി.എം. ജില്ലാകമ്മിറ്റിയംഗം മനു തോമസിന്റെ വെളിപ്പെടുത്തലുകൾ അങ്ങേയറ്റം ഗൗരവതരമാണ്. മനു തോമസിനെ ഇല്ലാതാക്കുമെന്ന പരസ്യമായ ഭീഷണിയാണ് ആകാശ് തില്ലങ്കേരിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
മനു തോമസിന് പോലീസ് സംരക്ഷണം നൽകണം. അത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ജില്ലയിലെ മുതിർന്ന നേതാവായ പി. ജയരാജനെതിരേ മനു തോമസ് ഉന്നയിച്ച ആരോപണങ്ങൾ ഗൗരവത്തിലെടുക്കണം. ആരോപണവിധേയനായ ആളെയാണ് യുവജന കമ്മിഷൻ ചെയർമാനാക്കിയത്. ക്വട്ടേഷൻസംഘങ്ങളും സ്വർണക്കടത്തുകാരുമൊക്കെ സി.പി.എമ്മിനെ നിയന്ത്രിക്കുന്നസ്ഥിതിയിലേക്ക് കാര്യങ്ങളെത്തി നിൽക്കുന്നു.
ക്വാറിമാഫിയയുടെ പിണിയാളുകളെ സി.പി.എം. ഏരിയാ സെക്രട്ടറിമാരാക്കിയതും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് ബിസിനസ് നടത്തുന്നതുമൊക്കെ മനു തോമസ് തുറന്നുപറയുമ്പോൾ കൃത്യമായ മറുപടിനൽകാൻ സി.പി.എം. നേതൃത്വത്തിനു സാധിക്കുന്നില്ലെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
ഷുഹൈബ് വധക്കേസ്:പി.ജയരാജന്റെ പങ്ക് അന്വേഷിക്കണം -യൂത്ത് കോൺഗ്രസ്
കണ്ണൂർ : സി.പി.എം. വിട്ട മനു തോമസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബ് എടയന്നൂരിന്റെ കൊലപാതകത്തിലെ സി.പി.എം. സംസ്ഥാന സമിതിയംഗം പി.ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ആവശ്യപ്പെട്ടു. ഒഞ്ചിയത്തെയും എടയന്നൂരിലേയും കൊലപാതകങ്ങൾ പാർട്ടി സ്പോൺസേഡാണെന്നും കൂടുതൽ പറയിപ്പിക്കരുതെന്നും അത് രണ്ടും വിപ്ലവമല്ല, വൈകൃതമായിരുന്നുവെന്നും മുൻ ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.
യുവജന കമ്മിഷൻ ചെയർമാൻ എം.ഷാജറിനെതിരെ ഉയർന്ന ആരോപണങ്ങൾ അതി ഗുരുതരമാണ്. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങൾക്ക് ഒത്താശ ചെയ്ത് കമ്മിഷൻ അടിക്കുന്ന ചെയർമാനായി യുവജന കമ്മിഷൻ ചെയർമാൻ മാറിയിരിക്കുന്നു. ഷാജിറിന്റെ പങ്കിൽ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും വിജിൽ മോഹനൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സി.പി.എം. ക്വട്ടേഷൻ സംഘങ്ങളുടെയും ക്വാറി മാഫിയകളുടെയും പിടിയിൽ -മുസ്‍ലിം ലീഗ്
കണ്ണൂർ : ക്വട്ടേഷൻ സംഘങ്ങളും സ്വർണക്കടത്തുകാരുമൊക്കെ സി.പി.എമ്മിനെ നിയന്ത്രിക്കുന്ന സ്ഥിതിയാണെന്ന് മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽകരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ളയും പ്രസ്താവനയിൽ പറഞ്ഞു. ആകാശ് തില്ലങ്കേരിയടക്കമുള്ള ക്വട്ടേഷൻ സംഘങ്ങളുടെ വരുതിയിലാണ് സി.പി.എം. നേതൃത്വം.
സി.പി.എം. ജില്ലാ കമ്മിറ്റിയംഗമായിരുന്ന മനു തോമസിന്റെ വെളിപ്പെടുത്തലുകൾ അങ്ങേയറ്റം ഗൗരവകരമാണ്. സ്വർണക്കടത്ത് സംബന്ധിച്ച മനു തോമസിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറിയാണ് വിശദീകരണം നൽകേണ്ടത്. മനു തോമസിന്റെ വെളിപ്പെടുത്തലുകൾ എത്തിനിൽക്കുന്നത് സി.പി.എം. നേതാവ് പി.ജയരാജനെതിരെയാണ്. അതിന് കൃത്യമായ മറുപടി നൽകാൻ സി.പി.എം. നേതൃത്വത്തിന് ബാധ്യതയുണ്ട്. എന്നാൽ മറുപടി പറയാതെ ആകാശ് തില്ലങ്കേരിയെപ്പോലുള്ള ക്രിമിനലുകളെവച്ച് മനു തോമസിനെതിരെ കൊലവിളി നടത്തുകയാണ് സി.പി.എം. സി.പി.എം. ക്രിമിനൽവത്കരണവും സർക്കാർ ഭരണകൂടഭീകരതയും കേരളത്തെ കുട്ടിച്ചോറാക്കി -പ്രസ്താവനയിൽ പറഞ്ഞു.
Content Highlights: manu thomas welcomed by bjp ap abdullakkutty
Published: 28 Jun 2024, 08:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented