തൃശ്ശൂര്‍: എറണാകുളം-തൃശ്ശൂര്‍ ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. യാത്രക്കാര്‍ കൊടുംദുരിതത്തില്‍. മണ്ണുത്തി-ഇടപ്പള്ളി പാതയില്‍ രൂപപ്പെട്ട ഗതാഗതക്കുരുക്ക് 12-ാം മണിക്കൂറിലേക്ക് കടക്കുകയാണ്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച കുരുക്കിന് ഇനിയും അവസാനമായില്ല. 

To advertise here,

ദൂരെനിന്നെത്തിയ ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെയാണ് കുടുങ്ങിക്കിടക്കുന്നത്. കനത്തമഴ പെയ്യുന്നതും സാഹചര്യം മോശമാക്കുന്നുണ്ട്. വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിലുള്ളത്. ഇന്ധനനഷ്ട പ്രതിസന്ധിയും ഡ്രൈവര്‍മാര്‍ നേരിടുന്നു. വിമാനത്താവളത്തിലേയ്ക്കുള്ളവരും ആശുപത്രി ആവശ്യങ്ങള്‍ക്കുവേണ്ടിയും മരണച്ചടങ്ങുകളില്‍ പങ്കെടുക്കാനും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി പുറപ്പെട്ടവരും ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കുന്നുണ്ട്.

വെള്ളിയാഴ്ച രാത്രി മുരിങ്ങൂരില്‍ അടിപ്പാത നിര്‍മാണം നടക്കുന്ന ഭാഗത്ത്, സര്‍വീസ് റോഡില്‍ മരംകയറ്റിവന്ന ഒരു ലോറി കുഴിയില്‍ വീണശേഷം മറിഞ്ഞിരുന്നു. തടിക്കഷണങ്ങള്‍ റോഡിലേക്ക് വീഴുകയും ചെയ്തതോടെ രാത്രി എട്ടുമണി മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ വരെ ഗതാഗത തടസ്സം നേരിട്ടിരുന്നു. പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നായിരുന്നു ഈ തടിക്കഷണങ്ങള്‍ നീക്കം ചെയ്തത്. 

പട്ടാമ്പിയില്‍നിന്നും പെരുമ്പാവൂര്‍ക്ക് പോവുകയായിരുന്നു ലോറി. ലോറിയിലുണ്ടായിരുന്നവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. സര്‍വീസ് റോഡില്‍ വാഹനങ്ങള്‍ ഓടി വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. അതിനടുത്താണ് റോഡില്‍ അരികുചേര്‍ന്ന് മറിഞ്ഞത്. സ്ഥിരമായി ആളുകള്‍ നടന്നുപോകുന്ന ഭാഗത്തേക്കാണ് മറിഞ്ഞത്. അപകടം നടക്കുമ്പോള്‍ ആരും ഉണ്ടായിരുന്നില്ല. ലോറി അപകടത്തിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാവുകയായിരുന്നു.

ചാലക്കുടി ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന റോഡിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. റോഡിന്റെ മോശം അവസ്ഥയും അടിപ്പാത നിര്‍മാണം നടക്കുന്ന ഭാഗത്ത് മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതുമാണ് സാഹചര്യം വഷളാക്കുന്നത്. മേൽപ്പാതയുടെയും അടിപ്പാതകളുടെയും നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ യാത്രയ്ക്കായി ആശ്രയിക്കുന്നത് സർവീസ് റോഡുകളെയാണ്. എന്നാൽ, ഈ സർവീസ് റോഡുകളുടെ അവസ്ഥ വളരെ മോശമായതും ഗതാഗതക്കുരുക്കിന് വഴിവെക്കുന്നുണ്ട്. കുണ്ടും കുഴിയും നിറഞ്ഞതാണ് പല സർവീസ് റോഡുകളും.