മലപ്പുറം: മങ്കട മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി മഞ്ഞളാംകുഴി അലിക്കുവേണ്ടി നടത്തുന്ന മെഗാ സ്റ്റാറ്റസ് ചലഞ്ചും വിവാദത്തിലേക്ക്. തവനൂർ, താനൂർ മണ്ഡലങ്ങളിൽ യു.ഡി.എഫ്. സ്ഥാനാർഥികൾക്കുവേണ്ടി വിദേശയാത്രയും പണവും വാഗ്ദാനം ചെയ്തത് വിവാദമായിരുന്നു. മഞ്ഞളാംകുഴി അലിയുടെ പോസ്റ്ററുകൾക്കും റീലുകൾക്കും കൂടുതൽ കാഴ്ചക്കാരെ ഉണ്ടാക്കുന്നവർക്കാണ് പണം വാഗ്ദാനം ചെയ്തിട്ടുള്ളത്. ദിനംപ്രതി 5000 രൂപയാണ് നൽകുക. കൂടാതെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് 25000 രൂപ വിലവരുന്ന ആൻഡ്രോയ്ഡ് ഫോണും പ്രഖ്യാപിച്ചിട്ടുണ്ട്. മങ്കട മണ്ഡലം ഗ്ലോബൽ കെ.എം.സി.സി. കമ്മിറ്റിയാണ് വോട്ടർമാർക്കായി ഏപ്രിൽ ഒന്നുമുതൽ ഏഴുവരെ ചലഞ്ച് സംഘടിപ്പിക്കുന്നത്.

To advertise here,

ഇത് 1951-ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നു കാണിച്ച് മങ്കട നിയോജകമണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി കുന്നത്ത് മുഹമ്മദിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് അഡ്വ. ടി.കെ. റഷീദലി സംസ്ഥാന ചീഫ് ഇലക്ഷൻ കമ്മിഷണർക്കും മങ്കട മണ്ഡലം റിട്ടേണിങ് ഓഫീസർക്കും പരാതി നൽകി.

കഴിഞ്ഞ ദിവസങ്ങളിൽ തവനൂർ യു.ഡി.എഫ്. സ്ഥാനാർഥി വി.എസ്. ജോയിക്കുവേണ്ടി മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവഹാജി വിദേശയാത്ര വാഗ്ദാനം ചെയ്ത സംഭവത്തിൽ തിരൂർ പോലീസ് കേസെടുത്തിരുന്നു. അതിനുശേഷം താനൂർ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥിക്കുവേണ്ടി ലീഗ് സെക്രട്ടേറിയറ്റംഗം കെ.എൻ. മുത്തുക്കോയത്തങ്ങൾ ബൂത്ത് കമ്മിറ്റികൾക്ക് പണം വാഗ്ദാനം ചെയ്തതും വിവാദമായി. അതിന്റെ തുടർച്ചയായാണ് പുതിയ സംഭവം.