കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തില്‍ ദേശീയപാതാ അതോറിറ്റിയുടെ അനുമതി ലഭ്യമാകാത്തതിനെത്തുടര്‍ന്ന് വഴിമുട്ടിയ മലാപ്പറമ്പുമുതല്‍ വെള്ളിമാടുകുന്ന് വരെയുള്ള ഭാഗത്തിന് നിര്‍മാണാനുമതി ഉടന്‍. അനുമതിയുടെ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി.

To advertise here,

മാനാഞ്ചിറമുതല്‍ വെള്ളിമാടുകുന്ന് വരെയുള്ള എട്ടുകിലോമീറ്റര്‍ റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കാനുള്ള പദ്ധതി വര്‍ഷങ്ങളായി വിവിധ കാരണങ്ങളാല്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഇതില്‍ മാനാഞ്ചിറമുതല്‍ മലാപ്പറമ്പുവരെയുള്ള ഭാഗം മാത്രമാണ് സംസ്ഥാനസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നത്.

കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത 766-ന്റെ ഭാഗമായ മലാപ്പറമ്പ്-വെള്ളിമാടുകുന്ന് വരെയുള്ള മൂന്നുകിലോമീറ്റര്‍ ഭാഗത്തെ നിര്‍മാണപ്രവൃത്തികള്‍ക്ക് എന്‍എച്ച്എഐയുടെ അനുമതി ആവശ്യമായിരുന്നു.

അനുമതി വൈകിയതോടെ, സംസ്ഥാനസര്‍ക്കാര്‍ ആദ്യഘട്ടമെന്നനിലയില്‍ മാനാഞ്ചിറ-മലാപ്പറമ്പ് ഭാഗത്തെ വികസനത്തിനുമാത്രം തുടക്കമിടുകയും ചെയ്തു. ഇതിനെതിരേ ജനങ്ങളില്‍നിന്ന് വലിയ രീതിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

ദേശീയപാതാ അതോറിറ്റിയുടെ അനുമതി വൈകുന്ന വിഷയം പാര്‍ലമെന്റിലെ നിതിന്‍ ഗഡ്കരിയുടെ ഓഫീസിലെത്തി എം.കെ. രാഘവന്‍ എംപി ചര്‍ച്ചചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് എന്‍ഒസി ഉടന്‍ നല്‍കാന്‍ എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി അടിയന്തരനിര്‍ദേശം നല്‍കുകയായിരുന്നെന്ന് എം.പി. പറഞ്ഞു.

അനുമതിലഭിച്ചാല്‍ നിലവിലുള്ള പദ്ധതിക്കൊപ്പം ഈ ഭാഗത്തെ റോഡ് വികസനവും പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന വാദം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു.

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പൂര്‍ത്തിയാക്കുന്നതിനുള്ള ഇടപെടല്‍ സംസ്ഥാനസര്‍ക്കാര്‍ നേരത്തേതന്നെ ആരംഭിച്ചതാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ആദ്യഘട്ടത്തില്‍ ദേശീയപാതാ അതോറ്റി ഇതിനുള്ള അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി കേന്ദ്രമന്ത്രിയുമായി ചര്‍ച്ചനടത്തി. അന്ന് ഇതിന് അനുമതിനല്‍കുന്ന കാര്യത്തില്‍ അനുകൂലമായ സമീപനമാണ് കേന്ദ്രമന്ത്രി സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര ഉദ്യോഗസ്ഥരുമായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥരും നിരന്തരം ആശയവിനിമയം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.