മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയെങ്കിലും  ആശങ്കയുള്ള മറ്റ് സ്ഥലങ്ങളില്‍ ദൗത്യം തുടരുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. നരഭോജിക്കടുവയെ കണ്ടെത്താന്‍ ദൗത്യം നടത്തിയ എല്ലാ ഉദ്യോഗസ്ഥരേയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

To advertise here,

കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി പഞ്ചാരക്കൊല്ലിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ ഇന്നുപുലര്‍ച്ചെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് നിയോഗിച്ച സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ടീം ആണ് കടുവയെ കണ്ടെത്തിയത്. അങ്ങേയറ്റം ആശ്വാസം നിറഞ്ഞ വിവരമാണിത്. ഇതിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. പഞ്ചാരക്കൊല്ലിയിലെ ജനങ്ങള്‍ക്ക് സമാധാനമായി ഉറങ്ങാന്‍ കഴിയട്ടേയെന്ന് ആശംസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 

ഈ ദൗത്യം തുടരും. ഇവിടെവെച്ച് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. വയനാട്ടിലെ രണ്ടോ മൂന്നോ സ്ഥലങ്ങളില്‍ കടുവയെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെയെല്ലാം തിരച്ചില്‍ നടത്താനായി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിന് ഇന്നും നാളെയുമായി സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.