മാനന്തവാടി: മൂന്നുദിവസമായി പഞ്ചാരക്കൊല്ലിയെ ഭീതിയിലാക്കിയ കടുവയുടെ വിശദാംശങ്ങളൊന്നും വനംവകുപ്പിന്റെ കൈവശമില്ല. കടുവകളുടെ കണക്കെടുപ്പില്‍ വനംവകുപ്പിന്റെ ക്യാമറയില്‍ ഇതുവരെ ഈ കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ല. കടുവ കന്നുകാലികളെ കൊന്ന വിഷയവും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. സാധാരണയായി വളര്‍ത്തുമൃഗങ്ങള്‍ക്കുനേരേ ആക്രമണമുണ്ടാവുമ്പോഴാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാറുള്ളത്. പഞ്ചാരക്കൊല്ലിയില്‍ അതുണ്ടായില്ല. രാധയ്ക്കുനേരേ ആക്രമണമുണ്ടായ ശേഷമാണ് പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

To advertise here,

കര്‍ണാടക, തമിഴ്നാട് വനവുമായി അതിരിടുന്ന പ്രദേശമാണ് വയനാട്. ഈ കാടുകളില്‍നിന്ന് ടെറിട്ടറി തേടിയെത്തിയ കടുവയാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നാണ് നിഗമനം. മറ്റു കടുവയുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ഇരതേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ പഞ്ചാരക്കൊല്ലിയിലെത്തിയതെന്നാണ് കരുതുന്നത്. പ്രദേശത്തെ വളര്‍ത്തുനായ്ക്കളെ കാണാതായ സംഭവം അടുത്തിടെയുണ്ടായിരുന്നു. പ്രതിരോധശക്തി കുറഞ്ഞ വളര്‍ത്തുമൃഗങ്ങളെയാണ് ഇരതേടാന്‍ കഴിയാത്ത കടുവകള്‍ ഭക്ഷണമാക്കാറുള്ളത്.

വയനാട്ടിലെ കാടുകളില്‍ മുന്‍പ് കാണാത്ത കടുവയായതിനാല്‍ വനംവകുപ്പ് കടുവയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കര്‍ണാടക, തമിഴ്നാട് വനപാലകരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ജില്ലയില്‍ അപ്രതീക്ഷിതമായെത്തിയ കടുവയുണ്ടാക്കിയ പ്രശ്‌നങ്ങള്‍ വനംവകുപ്പ് അധികൃതര്‍ ദേശീയ കടുവസംരക്ഷണ അതോറിറ്റിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു.

പൂതാടി മൂടക്കൊല്ലിയില്‍ മരോട്ടിപ്പറമ്പില്‍ പ്രജീഷ് (36), പുതുശ്ശേരി വെള്ളാരംകുന്ന് പള്ളിപ്പുറത്ത് തോമസ് (സാലു-50) എന്നിവരാണ് ഇതിനുതൊട്ടുമുന്‍പ് കടുവയുടെ ആക്രമണത്തില്‍ ജില്ലയില്‍ കൊല്ലപ്പെട്ടത്. പ്രജീഷിനെ 2023 ഡിസംബറിലും സാലുവിനെ ഇതേവര്‍ഷം ജനുവരിയിലുമാണ് കടുവ കൊന്നത്. സാലുവിന്റെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയ കടുവയും വയനാട് വന്യജീവിസങ്കേതത്തില്‍ മുന്‍പ് സാന്നിധ്യമില്ലാത്ത കടുവയായിരുന്നു. കര്‍ണാടക വനമേഖലയില്‍നിന്നിറങ്ങി ഇരിട്ടി ഉളിക്കല്‍, പായം ഗ്രാമപ്പഞ്ചായത്തുകളില്‍ സാന്നിധ്യമുണ്ടായിരുന്ന കടുവ വയനാട്ടിലെത്തിയതാണെന്നാണ് കരുതുന്നത്. പിന്നീട് ഈ കടുവയെ പടിഞ്ഞാറത്തറ നടേമ്മലില്‍നിന്ന് മയക്കുവെടിവെച്ചാണ് പിടിച്ചത്.