കൊച്ചി: കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികള്‍. 1425 മലയാളികള്‍ 700 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്നാണ് വിവരം. കോട്ടയം കുമരകം സ്വദേശിയായ യുവാവ് മാത്രം ഒരുകോടി പത്ത് ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി ഉന്നത പൊലീസുദ്യോഗസ്ഥരെ കാണുകയും പരാതി നല്‍കുകയുമായിരുന്നു.

To advertise here,

തട്ടിപ്പ് സംബന്ധിച്ച് നിലവില്‍ കേരളത്തില്‍ 10 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കബളിപ്പിച്ചെന്ന് തിരിച്ചറിഞ്ഞ പത്തുപേര്‍ക്കെതിരെയാണ് നിലവില്‍ കേസ് എടുത്തിട്ടുള്ളത്. കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നഴ്‌സുമാരായി നേരത്തെ ജോലി ചെയ്തിരുന്ന എഴൂനൂറോളം പേരും കുവൈത്തിലെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന മലയാളികളുമടക്കം തട്ടിപ്പ് നടത്തിയതായാണ് വിവരം.

അതേസമയം കോട്ടയം കുമരകം സ്വദേശിക്കെതിരേ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവം നടന്നത് വിദേശത്ത് ആയതുകൊണ്ട് തന്നെ മറ്റ് വിവരങ്ങള്‍ അന്വേഷിച്ച് വരുകയാണെന്ന് കുമരകം പോലീസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

2021 ഡിസംബര്‍ ഒമ്പതിനാണ് കോട്ടയം കുമരകം സ്വദേശി കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് വായ്പ എടുത്തത്. 33777 കുവൈത്ത് ദിനാര്‍ വായ്പ
എടുത്തിരുന്നു. എന്നാല്‍ പിന്നീട് വായ്പ തിരിച്ചടക്കാതെ പലിശയടക്കം 39566.390 കുവൈത്ത് ദിനാര്‍ ( ഒരു കോടി പത്ത് ലക്ഷത്തി എഴുപത്തി എണ്ണായിരത്തി അഞ്ഞൂറ്റി എണ്‍പത്തി ഒന്‍പത് രൂപ ഇരുപത് പൈസ) ബാങ്കിനെ കബളിപ്പിച്ച് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് പോലീസ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.

2020-22 കാലത്താണ് ബാങ്കില്‍ നിന്ന് ചെറിയ വായ്പകള്‍ എടുത്ത് തട്ടിപ്പ് ആരംഭിച്ചത്. ഈ തുക കൃത്യമായി അടച്ച് പിന്നീട് രണ്ട് കോടി രൂപ വരെ വലിയ വായ്പ
എടുത്തു. പിന്നീട് ഇവര്‍ കേരളത്തിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും കുടിയേറുകയായിരുന്നു. എന്നാല്‍ വായ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അന്വേഷണം ആരംഭിച്ചതും തട്ടിപ്പിനിരയായ വിവരം പുറത്തറിയുന്നതും. അതേസമയം തട്ടിപ്പ് നടത്തിയവര്‍ വഴി പഴുത് മനസിലാക്കി കൂടുതല്‍ മലയാളികള്‍ ബാങ്കിനെ പറ്റിച്ചുവെന്നാണ് ബാങ്ക് മനസിലാക്കുന്നത്. ഇതിന് പിന്നില്‍ ഏജന്റുമാരുടെ ഇടപെടല്‍ ഉണ്ടോയെന്നും ബാങ്ക് അധികൃതര്‍ സംശയിക്കുന്നു.  

കുവൈത്തിലെ ഗള്‍ഫ് ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജരാണ് കേരളത്തില്‍ പരാതി നല്‍കിയിരിക്കുന്നത്. നിലവില്‍ എറണാകുളം കോട്ടയം ജില്ലകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തട്ടിപ്പ് നടന്നത് കുവൈത്തിലാണെങ്കിലും വിദേശത്ത് തട്ടിപ്പ് നടത്തി മടങ്ങുന്നവര്‍ക്കെതിരെ ഇന്ത്യയില്‍ കേസെടുക്കാന്‍ നിയമപ്രകാരം കഴിയും. കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറി. ദക്ഷിണ മേഖലാ ഐ ജിയാണ് അന്വേഷണം നടത്തുന്നത്.