മലപ്പുറം: മലയാളം സര്‍വകലാശാലയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുത്തതില്‍ വന്‍അഴിമതിയെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. അഴിമതിക്ക്‌ നേതൃത്വം നല്‍കിയത് അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി. ജലീലാണെന്നും ഇക്കാര്യം ജലീല്‍ നിഷേധിക്കുന്നപക്ഷം ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിടുമെന്നും ഫിറോസ് പറഞ്ഞു. മന്ത്രി അബ്ദുറഹിമാന്റെ ബന്ധുക്കള്‍ ഉള്‍പ്പെടുള്ളവരില്‍നിന്നാണ് പലയിരട്ടി വില നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതെന്നും ഫിറോസ് ആരോപിച്ചു. ജലീലിന് കള്ളപ്പണം വെളുപ്പിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ നല്‍കിയതായും ഫിറോസ് കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

പി.കെ. ഫിറോസിന്റെ പ്രതികരണത്തില്‍നിന്ന് 

മലയാളം സര്‍വകലാശാലയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് 2019-ലാണ്. ആരുടെയൊക്കെ ഉടമസ്ഥതയിലാണ് ഈ ഭൂമി എന്ന് പരിശോധിക്കുമ്പോഴാണ് അഴിമതിയുടെ  ലക്ഷണങ്ങള്‍ കാണാന്‍ സാധിക്കുന്നത്. ഹബീബ് റഹ്‌മാന്‍, അബ്ദുള്‍ ജലീല്‍, ജംഷീദ് റഫീഖ്, മുഹമ്മദ് കാസിം, യാസിര്‍, അബ്ദുള്‍ സലാം, ഇന്‍ജാസ് മുനവര്‍, അബ്ദുള്‍ ഗഫൂര്‍ പന്നിക്കണ്ടത്തില്‍ തുടങ്ങിയവരുടെ പക്കല്‍ നിന്നാണ് ഭൂമി ഏറ്റെടുത്തത്. ഇതില്‍ മൂന്ന് പേര്‍ ന്യൂനപക്ഷവകുപ്പ് മന്ത്രി വി. അബ്ദു റഹ്‌മാന്റെ സഹോദരന്റെ മക്കളാണ്. രണ്ടുതവണ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി തിരൂരില്‍ മത്സരിച്ച വ്യക്തിയാണ് അബ്ദുള്‍ ഗഫൂര്‍ പന്നിക്കണ്ടത്തില്‍. ഇദ്ദേഹത്തിന്റെ സഹോദരങ്ങളാണ് ബാക്കിയുള്ളവര്‍. ഇവരുടെ കയ്യില്‍നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത്. 

പരിസ്ഥിതി ലോലപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന സ്ഥലമാണിതെന്ന് അന്നുതന്നെ യൂത്ത് ലീഗ് പറഞ്ഞിരുന്നു. അഴിമതിയുണ്ടെന്ന ആക്ഷേപം അന്നുതന്നെ യൂത്ത് ലീഗ് ഉയര്‍ത്തിയിരുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ഒഴിവാക്കിയാണ് ഭൂമി ഏറ്റെടുക്കുന്നതെന്നാണ്‌ അന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി. ജലീല്‍ പറഞ്ഞത്. എന്നാല്‍, ഈ ഭൂമിയിലെ ഭൂരിഭാഗവും പരിസ്ഥിതി ലോല പ്രദേശമാണെന്ന് ചെന്നൈയിലെ ഗ്രീന്‍ ട്രിബൂണല്‍ കണ്ടെത്തിയിരിക്കുകയാണ്. 

അന്നത്തെ ഭൂമി ന്യായവിലയുടെ പലയിരട്ടി തുക നല്‍കിയാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തിരിക്കുന്നതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍നിന്ന് വ്യക്തമാണ്. ഈ അഴിമതിക്ക്‌ നേതൃത്വം നല്‍കിയത് കെ.ടി. ജലീലാണ്. സര്‍ക്കാരിന് കൈമാറുന്നതിനായി ഭൂമി ഏറ്റെടുക്കലിന് തൊട്ടുമുന്‍പ് പ്രദേശത്തെ പല വ്യക്തികളില്‍നിന്ന് ചെറിയ വിലയ്ക്ക് വാങ്ങിയതാണ്. 2019-ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ തറക്കല്ലിടുകയും ചെയ്തു. പരിസ്ഥിതി അനുമതി ലഭിക്കാത്ത സ്ഥലമായതിനാല്‍ ഇവിടെ നിര്‍മാണപ്രവര്‍ത്തനം നടത്താന്‍ സാധിക്കില്ല. ഇപ്പോള്‍ സര്‍ക്കാര്‍ വേറെ ഭൂമി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 

സര്‍ക്കാര്‍ ചെലവഴിച്ച 17 കോടി 65 ലക്ഷം രൂപ കെ.ടി. ജലീലില്‍നിന്ന് ഈടാക്കണമെന്നാണ് യൂത്ത് ലീഗിന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ളത്. ഈ ഭൂമി ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഈ ഭൂമി വേണമെങ്കില്‍ ജലീല്‍ ഏറ്റെടുത്തോട്ടെ. നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. ജലീല്‍ ഇക്കാര്യങ്ങള്‍ നിഷേധിക്കുന്നപക്ഷം, ജലീല്‍ ഈ വിഷയത്തില്‍ ഇടപെട്ട രേഖകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തും. ഈ ഭൂമി ഏറ്റെടുക്കുന്നതിന് മുന്‍പ് തന്നെ ഉപയോഗശൂന്യമാണെന്ന് നിയോജകമണ്ഡലത്തിലെ അന്നത്തെ എംഎല്‍എ, അന്നത്തെ പ്രതിപക്ഷനേതാവ്, യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘടനകള്‍ എന്നിവര്‍ പറഞ്ഞിട്ടും മുഖവിലയ്‌ക്കെടുക്കാതെ  വികസനം മുടക്കുകയാമെന്നാണ് ജലീല്‍ പറഞ്ഞത്. കോവിഡിന്റെ മറവില്‍ നടത്തിയ പകല്‍ക്കൊള്ളയാണിത്.