മലപ്പുറം: കുറുവ പാങ്ങ് ചേണ്ടി കോട്ടക്കാരന്‍ ഹൗസില്‍ നവാസ്-ഹിറ ഹറീറ ദമ്പതിമാരുടെ ഒരുവയസ്സും രണ്ടുമാസവുമുള്ള മകന്‍ ഇസെന്‍ ഇര്‍ഹാന്‍ മരിച്ചത് മഞ്ഞപ്പിത്തത്തിനുള്ള ചികിത്സ വൈകിയതിനാലാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഡോ. രഹ്നാസിന്റെ നേതൃത്വത്തില്‍ ഞായറാഴ്ചയാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
ദിവസങ്ങള്‍ക്കുമുന്‍പേ കുഞ്ഞിന് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണു മരിച്ചത്. പഞ്ചായത്തധികൃതരെ അറിയിച്ച് ശനിയാഴ്ച കബറടക്കി. മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചതിനാലാണ് കുഞ്ഞ് മരിച്ചതെന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടം വേണ്ടിവന്നത്. മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. ശേഷം വീണ്ടും കബറടക്കി.
കുഞ്ഞിന് കടുത്ത മഞ്ഞപ്പിത്തമുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചികിത്സ നല്‍കിയിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ എന്തു മരുന്നാണു നല്‍കിയതെന്നുമൊക്കെ സാംപിളിന്റെ രാസപരിശോധനയ്ക്കുശേഷമേ അറിയാനാവൂ. കേസ് രജിസ്റ്റര്‍ചെയ്ത കാടാമ്പുഴ പോലീസ്സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കമറുദ്ദീന്‍ വള്ളിക്കാടന്‍ അടുത്തദിവസംതന്നെ മഞ്ചേരി ഫൊറന്‍സിക് വിഭാഗം തലവന്‍ ഡോ. ഹിതേഷ് ശങ്കറുമായി കൂടിക്കാഴ്ച നടത്തും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍കൂടി മനസ്സിലാക്കിയശേഷമാകും കേസിന്റെ തുടര്‍നടപടികളെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ അസ്വാഭാവികമരണത്തിനാണ് കാടാമ്പുഴ പോലീസ് കേസെടുത്തിട്ടുള്ളത്.
വീട്ടുപ്രസവത്തെ പ്രോത്സാഹിപ്പിക്കാന്‍ വീഡിയോകളും മറ്റും ചെയ്തിരുന്ന ഹിറ ഹറീറ രണ്ടു കുഞ്ഞുങ്ങളെയും പ്രസവിച്ചത് വീട്ടില്‍ത്തന്നെയാണ്. മാത്രമല്ല, പ്രതിരോധകുത്തിവെപ്പുകളൊന്നും കുട്ടികള്‍ക്ക് എടുത്തിട്ടുമില്ല. അക്യുപങ്ചര്‍ ചികിത്സ നടത്തുകയും ആധുനിക വൈദ്യത്തിനെതിരേ പ്രചാരണം നടത്തുകയും ചെയ്യുന്ന ഒട്ടേറെ വീഡിയോകള്‍ ഇവര്‍ പ്രചരിപ്പിച്ചിരുന്നുവെന്ന് ആരോപണമുണ്ട്. മോണ്ടിസോറി പാരന്റ് ട്രെയിനര്‍കൂടിയാണ് ഇവര്‍. അഞ്ചുവയസ്സുള്ള ഒരു മകള്‍കൂടിയുണ്ട്.
Content Highlights: A one-year-old baby died in Malappuram, Kerala due to delayed jaundice treatment
Published: 30 Jun 2025, 08:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented