മലപ്പുറം: തുടർഭരണത്തിനായി എൽ.ഡി.എഫും തിരിച്ചുവിനായി യു.ഡി.എഫും കളത്തിലിറങ്ങുമ്പോൾ മലപ്പുറം എങ്ങോട്ടുചായും? പൊതുവിൽ യു.ഡി.എഫിനോട് ചേർന്നുനിൽക്കുന്ന ജില്ലയാണെങ്കിലും ഇടതുമുന്നണിക്കും ഇവിടെ വലിയ സ്വപ്നങ്ങളുണ്ട്.
സംസ്ഥാനത്ത് തുടർഭരണം ഉറപ്പിക്കാൻ നിലവിലെ മൂന്ന് സീറ്റുകളെങ്കിലും നിലനിർത്തുകയാണ് ചുരുങ്ങിയ ലക്ഷ്യം. അതേസമയം, ഐക്യമുന്നണിയെ ഭരണത്തിലേറ്റാൻ 16 സീറ്റുകളോടെ നൂറുമേനിയാണ് യു.ഡി.എഫ്. ലക്ഷ്യമിടുന്നത്.
യു.ഡി.എഫ് 13; എൽ.ഡി.എഫ്. മൂന്ന്
ജില്ലയിലെ 16 മണ്ഡലങ്ങളിൽ 13 എണ്ണവും നിലവിൽ യു.ഡി.എഫിനൊപ്പമാണ്. കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, തിരൂർ, കോട്ടയ്ക്കൽ എന്നിവിടങ്ങളിൽ മുസ്‌ലിംലീഗാണ് ജയിച്ചത്. നിലമ്പൂരിലും വണ്ടൂരിലും കോൺഗ്രസും.
പൊന്നാനി, തവനൂർ, താനൂർ മണ്ഡലങ്ങളാണ് സി.പി.എമ്മിന്റെ സിറ്റിങ് സീറ്റുകൾ. പൊന്നാനിയിൽ പാർട്ടി ചിഹ്നത്തിലും തവനൂരിലും താനൂരിലും സ്വതന്ത്രരിലൂടെയുമാണ് തുടർച്ചയായി ജയിച്ചത്.
രണ്ടിടത്ത് ഭൂരിപക്ഷം ആയിരത്തിൽ താഴെ
ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ ആയിരത്തിൽ താഴെയാണ് 2021-ലെ ഭൂരിപക്ഷം. പെരിന്തൽമണ്ണയിൽ മുസ്‌ലിംലീഗിലെ നജീബ് കാന്തപുരം 38 വോട്ടിനും താനൂരിൽ സി.പി.എം. സ്വതന്ത്രനായി വി. അബ്ദുറഹ്‌മാൻ 985 വോട്ടിനുമാണ് ജയിച്ചുകയറിയത്.
തവനൂരിൽ കെ.ടി. ജലീലിന് 2,564 വോട്ടായിരുന്നു ഭൂരിപക്ഷം. മങ്കട, തിരൂരങ്ങാടി, തിരൂർ മണ്ഡലങ്ങളിലും 10,000 -ന് താഴെയാണ് ഭൂരിപക്ഷം.
മലപ്പുറത്തും വേങ്ങരയിലും 30,000-ത്തിന് മുകളിൽ
മലപ്പുറത്ത് പി. ഉബൈദുള്ളയാണ് കഴിഞ്ഞതവണ ഏറ്റവുമധികം ഭൂരിപക്ഷം നേടിയത്; 35,208 വോട്ടുകൾ. 30,522 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാമതുമെത്തി. ഏറനാട്ടിൽ പി.കെ. ബഷീർ 22,546 വോട്ടും ഭൂരിപക്ഷം നേടി.
തദ്ദേശഫലം പ്രതിഫലിക്കുമോ?
കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോ എന്നാണ് ഇരുമുന്നണികളും ആകാംക്ഷയോടെ നോക്കുന്നത്. അതേ രാഷ്ട്രീയ തീരുമാനത്തോടെയാണ് വോട്ടർമാർ ബൂത്തിലേക്ക് പോകുന്നതെങ്കിൽ യു.ഡി.എഫിന് കാര്യങ്ങൾ എളുപ്പമാകും. അന്ന് പൊന്നാനി മണ്ഡലത്തിൽ മാത്രമാണ് എൽ.ഡി.എഫിന് ലീഡ് നേടാൻ കഴിഞ്ഞത്. അതും 1,278 വോട്ടിന്റേത് മാത്രം.
ഇടതുമുന്നണിക്കു സ്ഥാനാർഥികളായി
മലപ്പുറം: തിരഞ്ഞെടുപ്പ് പ്രഖ്യാപനംവന്ന് നിമിഷങ്ങൾക്കം ജില്ലയിലെ 11 മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് സ്ഥാനാർഥികളായി. 16 നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. മത്സരിക്കുന്ന മൂന്നിടത്തും സി.പി.ഐ. ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ സി.പി.എം. എട്ടിടങ്ങളിലാണ് പ്രഖ്യാപനം നടത്തിയത്.
മങ്കട, നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ, വേങ്ങര, താനൂർ, തവനൂർ, പൊന്നാനി എന്നിവിടങ്ങളിലാണ് സി.പി.എം. സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇതിൽ നാലുപേർ സ്വതന്ത്രരായാണ് മത്സരിക്കുന്നത്.
സംസ്ഥാനത്ത് ആറിടങ്ങളിൽ സി.പി.എം. സ്വതന്ത്രരെ പരീക്ഷിക്കുമ്പോൾ നാലുപേരും ജില്ലയിലാണെന്നതാണ് ശ്രദ്ധേയം.
താനൂരിൽ വി. അബ്ദുറഹിമാൻ, തവനൂരിൽ കെ.ടി. ജലീൽ, നിലമ്പൂരിൽ യു. ഷറഫലി, വേങ്ങരയിൽ കെ. സബാഹ് എന്നിവർ സി.പി.എം. സ്വതന്ത്രരായി ജനവിധിതേടും. മഞ്ചേരിയിൽ ജനവിധിതേടുന്ന വി.എം. മുസ്തഫ സി.പി.ഐ.യുടെ സ്വതന്ത്രനാണ്. പ്രഖ്യാപനം നടന്ന 11-ൽ അഞ്ചുപേരും സ്വതന്ത്രരാണ്.
സ്ഥാനാർഥികളെ കാത്ത് അഞ്ച് മണ്ഡലങ്ങൾ
മലപ്പുറം, വള്ളിക്കുന്ന്, കോട്ടയ്ക്കൽ, തിരൂർ, കൊണ്ടോട്ടി എന്നീ അഞ്ച് മണ്ഡലങ്ങളിലാണ് ഇടതുപക്ഷ സ്ഥാനാർഥികളെ ഇനി പ്രഖ്യാപിക്കാനുള്ളത്. ഇതിൽ മലപ്പുറം എൻ.സി.പി.എസിനും വള്ളിക്കുന്ന് ഐ.എൻ.എല്ലിനുമാണ്. കോട്ടയ്ക്കൽ, തിരൂർ, കൊണ്ടോട്ടി എന്നിവിടങ്ങളിൽ സി.പി.എമ്മാണ് പോരിനിറങ്ങുക.
ഇവിടങ്ങളിൽ സ്വന്ത്രരായിരിക്കുമെന്നും അവരെ ഉടനെ തീരുമാനിക്കുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു. അഞ്ചിടത്താണ് സി.പി.എം. ഇനി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളത്. അതിൽ മൂന്നും മലപ്പുറത്താണ്.
11 പേരെ പ്രഖ്യാപിച്ചെങ്കിലും ഇതിൽ വനിതകളാരും ഉൾപ്പെട്ടിട്ടില്ല. അടുത്ത പ്രഖ്യാപനങ്ങൾ വരുമ്പോൾ വനിതകൾ ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.
സിറ്റിങ് എം.എൽ.എ.മാർ
താനൂരിൽ മത്സരിക്കുന്ന മന്ത്രി വി. അബ്ദുറഹ്‌മാനും തവനൂരിൽ പോരിനിറങ്ങുന്ന മന്ത്രി കെ.ടി. ജലീലുമാണ് പ്രഖ്യാപനംവന്ന പട്ടികയിലുള്ള സിറ്റിങ് എം.എൽ.എ.മാർ. 2021-ൽ നിലമ്പൂരിൽ വിജയിച്ച ഇടതുസ്വതന്ത്രൻ പി.വി. അൻവർ മുന്നണിയുമായുള്ള ബന്ധം വിട്ടശേഷം മൂന്നു എം.എൽ.എ.മാരാണ് എൽ.ഡി.എഫിന് ജില്ലയിലുള്ളത്.
ഇതിൽ പൊന്നാനിയിലെ സിറ്റിങ് എം.എൽ.എ. കെ. നന്ദകുമാറിനുപകരം പി.എസ്.സി. മുൻ ചെയർമാൻ അഡ്വ. കെ.കെ. സക്കീറിനാണ് നറുക്കുവീണത്.
പുതുമുഖങ്ങൾ
പുതുമുഖങ്ങളുടെ ഘോഷയാത്രയാണ് ഇടതുമുന്നണി നടത്തിയത്. പ്രഖ്യാപിച്ച 11 ഇടങ്ങളിൽ എട്ടുപേരും പുതുമുഖങ്ങളാണ്.
സി.പി.എമ്മിലെ എം.പി. അലവി, യു. ഷറഫലി, കെ.കെ. ദാമോദരൻ, വി.പി. മുഹമ്മദ് ഹനീഫ, എം.കെ. സക്കീർ എന്നിവർ ആദ്യമായാണ് നിയമസഭയിലേക്ക് ജനവിധിതേടുന്നത്. സി.പി.ഐ.യിലെ മൂന്നുപേരും പുതുമുഖങ്ങളാണ്.
ജില്ലയിൽ 36.15 ലക്ഷം വോട്ടർമാർ
മലപ്പുറം: ഫെബ്രുവരി 21-ന് പ്രസിദ്ധീകരിച്ച തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ അന്തിമപ്പട്ടികയിൽ ജില്ലയിൽ 36,15,970 വോട്ടർമാരാണുള്ളത്. ഇതിൽ 18,10,627 പേർ പുരുഷന്മാരും 18,05,303 പേർ സ്ത്രീകളുമാണ്. 40 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്.
തിരൂർ മണ്ഡലത്തിലാണ് കൂടുതൽ വോട്ടർമാർ; 2,52,575 പേർ. കുറവ് ഏറനാട് മണ്ഡലത്തിലും. അവിടെ 1,99,217 വോട്ടർമാരാണുള്ളത്. പുതിയ പട്ടികയിൽ 1,07,290 കന്നിവോട്ടർമാരുണ്ട്. 18-നും 19-നുമിടയിൽ പ്രായമുള്ളവരാണവർ. 85 വയസ്സിനുമുകളിൽ 14,243 പേരുമുണ്ട്. അന്തിമപ്പട്ടിക പ്രകാരം ജില്ലയിൽ 39,501 പ്രവാസി വോട്ടർമാരുമുണ്ട്.
വിസിൽ മുഴങ്ങി; കളം ഒരുങ്ങി
വേങ്ങര
:2011-ൽ നിലവിൽ വന്ന മണ്ഡലത്തിൽ യു.ഡി.എഫ്. മാത്രമാണ് ജയിച്ചിട്ടുള്ളത്. 2017-ലെ ഉപതിരഞ്ഞെടുപ്പിൽ ഒഴികെ 30,000-ന് മുകളിലാണ് യു.ഡി.എഫിന്റെ ഭൂരിപക്ഷം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ പി. ജിജിയെ 30,596 വോട്ടിനാണ് കുഞ്ഞാലിക്കുട്ടി തോൽപ്പിച്ചത്. 2011-ൽ 38,237 വോട്ടിന് ഐ.എൻ.എലിലെ കെ.പി. ഇസ്‌മായിലിനെ തോൽപ്പിച്ചാണ് കുഞ്ഞാലിക്കുട്ടി മണ്ഡലത്തിലെ ആദ്യ എം.എൽ.എ.യായത്. 2016-ൽ സി.പി.എം. ഏറ്റെടുത്ത സീറ്റിൽ മത്സരിച്ച പി.പി. ബഷീറിനെ 38,057 വോട്ടിനും തോൽപ്പിച്ചു. ഇ. അഹമ്മദ് അന്തരിച്ചതിനെത്തുടർന്ന് ലോക്‌സഭയിലേക്കു മത്സരിക്കാൻ തൊട്ടടുത്ത വർഷം അദ്ദേഹം എം.എൽ.എ. പദവി രാജിവെച്ചു. ഉപതിരഞ്ഞെടുപ്പിൽ അഡ്വ. കെ.എൻ.എ. ഖാദറിന് 23,310 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായത്. 2021-ൽ സ്വതന്ത്രനായി മത്സരിച്ച സബാഹ് കുണ്ടുപുഴയ്ക്കലിന് 11,255 വോട്ട് കിട്ടിയിരുന്നു.
മലപ്പുറം
:കേരളപ്പിറവിക്കൊപ്പം രൂപവത്കരിച്ച മണ്ഡലം. ജില്ലാ ആസ്ഥാനത്തെ മണ്ഡലത്തിൽ നാളിതുവരെ മുസ്‍ലിം ലീഗ് സ്ഥാനാർഥികൾ മാത്രമാണു ജയിച്ചിട്ടുള്ളത്. 2011-മുതൽ പി. ഉബൈദുള്ളയാണ് എം.എൽ.എ.. സി.എച്ച്. മുഹമ്മദ്‌കോയ, പി.കെ. കുഞ്ഞാലിക്കുട്ടി, യു.എ. ബീരാൻ, എം.കെ. മുനീർ തുടങ്ങിയ പ്രമുഖരെ ജയിപ്പിച്ച മണ്ഡലം. 2011-ലെ കന്നിയങ്കത്തിൽ സംസ്ഥാനത്തെ അന്നത്തെ ഏറ്റവുംകൂടിയ ഭൂരിപക്ഷമായ 44,508 വോട്ടിനാണ് ഉബൈദുള്ള ജയിച്ചത്. എൽ.ഡി.എഫ്. സ്ഥാനാർഥി ജെ.ഡി.എസിലെ മഠത്തിൽ സാദിഖലിയായിരുന്നു മുഖ്യ എതിരാളി. 2016-ൽ സി.പി.എം. നേതാവ് അഡ്വ. കെ.പി. സുമതിയെ 35,672 വോട്ടിനും പരാജയപ്പെടുത്തി. സംസ്ഥാനത്ത് എൽ.ഡി.എഫ്. തരംഗമുണ്ടായ 2021-ൽ 35,208 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉബൈദുള്ള പെരുമ കാത്തത്. എതിരാളി സി.പി.എമ്മിലെ പാലോളി അബ്ദുറഹ്‌മാന് 35.82 ശതമാനം വോട്ട് മാത്രമാണു കിട്ടിയത്.
വണ്ടൂർ
:1977-ൽ രൂപവത്കരിച്ചതുമുതൽ പട്ടികജാതി സംവരണ മണ്ഡലം. യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ മണ്ഡലത്തിൽ കോൺഗ്രസാണ് മത്സരിക്കുന്നത്. ഇതുവരെ നടന്ന തിരഞ്ഞെടുപ്പിൽ ഒരുതവണ മാത്രമാണ് സി.പി.എം. ജയിച്ചത്. തുടർച്ചയായി മൂന്നുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസിലെ പന്തളം സുധാകരനെ എൻ. കണ്ണനാണ് തോൽപ്പിച്ചത്. 2001-മുതൽ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് എ.പി. അനിൽകുമാറാണ് എം.എൽ.എ.. 2021-ൽ സി.പി.എം. സ്ഥാനാർഥി പി. മിഥുനയെ 15,563 വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2016-ൽ സി.പി.എമ്മിലെ കെ. നിശാന്തിനെ 23,864 വോട്ടിനും 2011-ൽ സി.പി.എമ്മിലെ വി. രമേശനെ 28,919 വോട്ടിനും അദ്ദേഹം അടിയറവുപറയിച്ചു.
താനൂർ
:മന്ത്രി വി. അബ്ദുറഹ്‌മാന്റെ മണ്ഡലം. 1967-ൽ രൂപവത്കരിച്ചതുമുതൽ ലീഗ് കോട്ടയായിരുന്ന മണ്ഡലത്തിൽ 2016-മുതൽ എൽ.ഡി.എഫ്. സ്വതന്ത്രൻ വി. അബ്ദുറഹ്‌മാനാണ് ജയിക്കുന്നത്. മുൻ കോൺഗ്രസ് നേതാവായിരുന്ന അബ്ദുറഹ്‌മാൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.കെ. ഫിറോസിനെ 985 വോട്ടിനാണ് തോൽപ്പിച്ചത്. 2016-ൽ സിറ്റിങ് എം.എൽ.എ.യായ അബ്ദുറഹ്‌മാൻ രണ്ടത്താണിയെ 11,051 വോട്ടിനാണ് തറപറ്റിച്ചത്. മണ്ഡലത്തിൽ ലീഗിലെ അവസാന എം.എൽ.എ.യായ അബ്ദുറഹ്‌മാൻ രണ്ടത്താണി 2011-ൽ 9433 വോട്ടിനായിരുന്നു ജയിച്ചത്. ജില്ലയിൽ ബി.ജെ.പി. നഗരസഭാ പ്രതിപക്ഷസ്ഥാനത്തുള്ള ഏക തദ്ദേശസ്ഥാപനമായ താനൂർ നഗരസഭയും മണ്ഡലത്തിലാണ്.
കോട്ടയ്ക്കൽ
:2011-ൽ രൂപവത്കരിച്ചതുമുതൽ മുസ്‍ലിം ലീഗിനെ മാത്രം ജയിപ്പിച്ച മണ്ഡലം. ലീഗിലെ സൗമ്യമുഖം പ്രൊഫ. കെ.കെ. ആബിദ്ഹുസൈൻ തങ്ങളാണ് എം.എൽ.എ.. 2011-ൽ ആദ്യ തിരഞ്ഞെടുപ്പിൽ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി 7782 വോട്ടിന് എൻ.സി.പി.യിലെ സി.പി.കെ. ഗുരുക്കളെ പരാജയപ്പെടുത്തി. 2016-ൽ എൻ.സി.പി.യിലെ എൻ.എ. മുഹമ്മദ്കുട്ടിയെ 15,042 വോട്ടിനും തോൽപ്പിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിക്കാനെത്തിയ ആബിദ്ഹുസൈൻ തങ്ങളുടെ എതിരാളിയും എൻ.എ. മുഹമ്മദ് കുട്ടിയായിരുന്നു. 16,588 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആബിദ്ഹുസൈൻ തങ്ങൾ നിയമസഭയിലെത്തിയത്.
കൊണ്ടോട്ടി
: തിരഞ്ഞെടുപ്പുകളിൽ ലീഗിനെ മാത്രം പിന്തുണച്ച മണ്ഡലം. കൊണ്ടോട്ടി നഗരസഭയും വാഴക്കാട്, ചെറുകാവ്, പുളിക്കൽ, മുതുവല്ലൂർ, ചീക്കോട് പഞ്ചായത്തുകളും യു.ഡി.എഫും വാഴയൂർ പഞ്ചായത്ത് എൽ.ഡി.എഫും ഭരിക്കുന്നു. സി.എച്ച്. മുഹമ്മദ് കോയ, സീതി ഹാജി തുടങ്ങിയ പ്രമുഖരെ നിയമസഭയിലെത്തിച്ച മണ്ഡലം. 2006-ലും 2011-ലും മുസ്‌ലിം ലീഗിലെ കെ. മുഹമ്മദുണ്ണി ഹാജിയാണ് ജയിച്ചത്. 2016-ൽ പുതുമുഖമായി ടി.വി. ഇബ്രാഹിമിന് അവസരംനൽകി. കെ.പി. ബീരാൻകുട്ടിയെ 10,654 വോട്ടിനാണ് അന്ന് ടി.വി. ഇബ്രാഹിം തോൽപ്പിച്ചത്. 2021-ൽ കെ.പി. സുലൈമാൻ ഹാജിക്കെതിരേ 17,666 വോട്ടിനും അദ്ദേഹം ജയിച്ചുകയറി.
പെരിന്തൽമണ്ണ
: 2021-ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവുംകുറഞ്ഞ ഭൂരിപക്ഷത്തിൽ യു.ഡി.എഫ്. ജയിച്ച മണ്ഡലം. 38 വോട്ടിന് ലീഗിലെ നജീബ് കാന്തപുരം എൽ.ഡി.എഫിലെ കെ.പി.എ. മുസ്തഫയെയാണ് തോൽപ്പിച്ചത്. 1957-ൽ രൂപവത്കരിച്ച മണ്ഡലത്തിൽ ആദ്യത്തെ നാലുതവണ എൽ.ഡി.എഫ്. ജയിച്ചു. പിന്നീട് രണ്ടുതവണ ലീഗിലെ കെ.കെ.എസ്. തങ്ങളെയും നാലകത്ത് സൂപ്പിയെയും നിയമസഭയിലെത്തിച്ചു. 2006-ൽ സി.പി.എമ്മിലെ വി. ശശികുമാർ അട്ടിമറിജയം നേടി. സി.പി.എമ്മിൽനിന്ന് ലീഗിലെത്തിയ മഞ്ഞളാംകുഴി അലി 2011-ലും 2016-ലും വി. ശശികുമാറിനെ പരാജയപ്പെടുത്തുകയുംചെയ്തു. 579 വോട്ടിനായിരുന്നു ശശികുമാറിന്റെ അവസാന തോൽവി.
പൊന്നാനി
: ജില്ലയിൽ സി.പി.എമ്മിന് ഉറച്ച ജയപ്രതീക്ഷയുള്ള മണ്ഡലം. 1957-ലാണ് ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. ഇരുമുന്നണികളിലുമായി എം.പി. ഗംഗാധരൻ, പി.ടി. മോഹനകൃഷ്ണൻ, ഇ.കെ. ഇമ്പിച്ചിബാവ, പാലോളി മുഹമ്മദ്കുട്ടി, പി. ശ്രീരാമകൃഷ്ണൻ തുടങ്ങിയ പ്രമുഖരെ നിയമസഭയിലെത്തിച്ചിട്ടുണ്ട്. തീരദേശമണ്ഡലത്തിൽ കഴിഞ്ഞതവണ മുതിർന്ന സി.പി.എം. നേതാവ് പി. നന്ദകുമാറാണ് ജയിച്ചത്. കോൺഗ്രസിലെ അഡ്വ. എ.എം. രോഹിതിനെ 17,043 വോട്ടിനാണ് തോൽപ്പിച്ചത്. 2011, 2016 തിരഞ്ഞെടുപ്പുകളിൽ പി. ശ്രീരാമകൃഷ്ണൻ കോൺഗ്രസിലെ പി.ടി. അജയ് മോഹനെ പരാജയപ്പെടുത്തിയിട്ടുണ്ട്. ആദ്യതവണ 4101 വോട്ടിനും രണ്ടാമത് 15,640 വോട്ടിനുമായിരുന്നു ശ്രീരാമകൃഷ്ണന്റെ ജയം.
വള്ളിക്കുന്ന്
: രൂപവത്കരിച്ചതിനുശേഷമുള്ള മൂന്ന് തിരഞ്ഞെടുപ്പിലും ലീഗ് സ്ഥാനാർഥികളെ പതിനായിരത്തിനുമുകളിൽ ഭൂരിപക്ഷത്തിനു ജയിപ്പിച്ച മണ്ഡലം. അഡ്വ. കെ.എൻ.എ. ഖാദറിലൂടെയാണ് ജയത്തിനു തുടക്കമിട്ടത്. 18,122 വോട്ടിന് എൽ.ഡി.എഫിലെ കെ.വി. ശങ്കരനാരായണനെയാണ് അന്ന് തോൽപ്പിച്ചത്. 2016-ലും 2021-ലും മുസ്‍ലിം ലീഗ് ജില്ലാ ജനറൽസെക്രട്ടറിയായ പി. അബ്ദുൽഹമീദിനെ മണ്ഡലം ജയിപ്പിച്ചു. ആദ്യ തിരഞ്ഞെടുപ്പിൽ 12,610 വോട്ടിനും രണ്ടാമത് 14,115 വോട്ടിനുമാണ് അബ്ദുൽഹമീദ് ജയിച്ചുകയറിയത്.
മങ്കട
: 1957-മുതൽ 1996 വരെ ലീഗിന്റെ ഉറച്ചകോട്ടയായ മണ്ഡലം. അതിനു വിള്ളൽവീഴ്‌ത്തി 2001-ലും 2006-ലും മഞ്ഞളാംകുഴി അലി എൽ.ഡി.എഫിനുവേണ്ടി വിജയക്കൊടിനാട്ടി. പിന്നീട് രണ്ടുതവണ ടി.എ. അഹമ്മദ്‌കബീറിലൂടെ ലീഗ് മണ്ഡലം തിരിച്ചുപിടിച്ചു. പാർട്ടി മാറി ലീഗിലെത്തിയ മഞ്ഞളാംകുഴി അലിയാണ് നിലവിൽ എം.എൽ.എ.. 6246 വോട്ടിന് എൽ.ഡി.എഫിലെ ടി.കെ. റഷീദലിയെയാണ് അലി തോൽപ്പിച്ചത്. കെ.പി.എ. മജീദിനെ തുടർച്ചയായി അഞ്ചുതവണ നിയമസഭയിലെത്തിച്ചതും മങ്കടയാണ്.
തവനൂർ
: സ്വതന്ത്രപരീക്ഷണത്തിലൂടെ വീണ്ടും ജയിച്ചുകയറാമെന്ന് എൽ.ഡി.എഫ്. കരുതുന്ന മണ്ഡലം. 2011-ൽ രൂപവത്കരിച്ചതുമുതൽ സി.പി.എം. സ്വതന്ത്രനായ കെ.ടി. ജലീലാണ് എം.എൽ.എ.. കെ. കേളപ്പന്റെ പോരാട്ടവീര്യമറിഞ്ഞ മണ്ണിൽ 6854 വോട്ടിന് കോൺഗ്രസ് നേതാവ് വി.വി. പ്രകാശിനെ തോൽപ്പിച്ചായിരുന്നു ജലീലിന്റെ തുടക്കം. 2016-ൽ അദ്ദേഹം ഭൂരിപക്ഷം ഉയർത്തി 17,064 വോട്ടാക്കി മാറ്റി. കോൺഗ്രസിന്റെ പി. ഇഫ്ത്തിക്കറുദ്ദീനായിരുന്നു എതിരാളി. കഴിഞ്ഞതവണ വാശിയേറിയ പോരാട്ടത്തിൽ 2564 വോട്ടിന് ഫിറോസ് കുന്നുംപറമ്പിലിനെയാണ് തോൽപ്പിച്ചത്.
മഞ്ചേരി
: മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായിരുന്ന സി.എച്ച്. മുഹമ്മദ്‌കോയ മുതൽ മുൻ വിദ്യാഭ്യാസമന്ത്രിമാരായ പി.പി. ഉമ്മർകോയ, പി.കെ. അബ്ദുറബ്ബ് തുടങ്ങിയവർ ജയിച്ചുകയറിയ മണ്ഡലം. 1957-ലും 1960-ലും നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പി.പി. ഉമ്മർകോയ ജയിച്ചു. 1967-ൽ ലീഗിലെ എം. ചടയനിലൂടെയാണ് മണ്ഡലം ലീഗിനൊപ്പമാകുന്നത്. 2016-ൽ എം. ഉമ്മർ സി.പി.ഐ. സ്ഥാനാർഥി അഡ്വ.കെ. മോഹൻദാസിനെ 19,616 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോൽപ്പിച്ചു. 2021-ലെ തിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ അഡ്വ. യു.എ. ലത്തീഫ് 14,573 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.ഐയിലെ നാസർ ഡിബോണയെ തോൽപ്പിച്ച് എം.എൽ.എ.യായി.
തിരൂരങ്ങാടി
: 1957-ൽ രൂപവത്കരണംതൊട്ട് മുസ്‌ലിം ലീഗിന്റെ ശക്തമായ കോട്ടയായ മണ്ഡലം. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വൻഭൂരിപക്ഷത്തിൽ യു.ഡി.എഫാണ് ഭരിക്കുന്നത്. 1995-ലെ ഉപതിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രിയായ എ.കെ. ആന്റണിയെ ജയിപ്പിച്ച മണ്ഡലംകൂടിയാണിത്. കെ. അവുക്കാദർകുട്ടി നഹ, കെ. കുട്ടി അഹമ്മദ്കുട്ടി, പി.കെ. അബ്ദുറബ്ബ് എന്നിവരെയും ജയിപ്പിച്ചിട്ടുണ്ട്. 2021-ൽ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി ആയിരുന്ന കെ.പി.എ. മജീദ് 9578 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥി നിയാസ് പുളിക്കലകത്തിനെ തോൽപ്പിച്ചത്.
ഏറനാട്
: ജില്ലയുടെ ഫുട്‌ബോൾ പെരുമയ്ക്ക് പേരുകേട്ട അരീക്കോട് ഉൾപ്പെടുന്ന മണ്ഡലം. 2011-ൽ രൂപവത്കരിച്ച മണ്ഡലത്തിൽ മുസ്‍ലിം ലീഗിലെ പി.കെ. ബഷീറാണ് എം.എൽ.എ.. മൂന്നുതവണയും ഭൂരിപക്ഷം ഉയർത്തിയാണ് ബഷീർ ജയിച്ചുകയറിയത്. ആദ്യതവണ മുൻ എൽ.ഡി.എഫ്. എം.എൽഎ. കൂടിയായ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിനെ 11,246 വോട്ടിനാണ് ബഷീർ തോൽപ്പിച്ചത്. 2016-ലും 21-ലും സി.പി.ഐ. സ്ഥാനാർഥി കെ.ടി. അബ്ദുറഹ്‌മാനായിരുന്നു എതിരാളി. ആദ്യതവണ 12,893 വോട്ടിന്റെയും കഴിഞ്ഞതവണ 22,546 വോട്ടിന്റെയും ഭൂരിപക്ഷത്തിലാണ് ബഷീർ ജയിച്ചത്.
തിരൂർ
: സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ വോട്ടർമാരുള്ള മണ്ഡലം. 1957-ൽ രൂപവത്കരിച്ചതുമുതൽ മുസ്‍ലിം ലീഗ് മാത്രം ജയിക്കുന്ന മണ്ഡലത്തിൽ 2006-ൽ മാത്രം എൽ.ഡി.എഫ്. ജയിച്ചു. പി.പി. അബ്ദുള്ളക്കുട്ടിയായിരുന്നു ലീഗിന്റെ അപ്രമാദിത്വം തകർത്തത്. തുടർച്ചായ മൂന്നുതവണ എം.എൽ.എ.യായ ഇ.ടി. മുഹമ്മദ് ബഷീറിനെയായിരുന്നു തോൽപ്പിച്ചത്. തുഞ്ചൻ സ്‌മരണകളുറങ്ങുന്ന മണ്ണിൽ 2011, 2016 വർഷങ്ങളിൽ സി. മമ്മൂട്ടി എം.എൽ.എ.യായി. 2021-ൽ ആദ്യ അവസരത്തിൽ കുറുക്കോളി മൊയ്തീൻ 7214 വോട്ടിന് ജയിച്ചുകയറി. സി.പി.എമ്മിലെ ഗഫൂർ പി. ലില്ലിസായിരുന്നു എതിരാളി.
നിലമ്പൂർ
: രാഷ്‌ട്രീയ കോളിളക്കങ്ങൾ ഒരുപാടുണ്ടായ മലയോര മണ്ഡലം. വെടിയേറ്റുമരിച്ച കുഞ്ഞാലി എം.എൽ.എയുടെ ചരിത്രമുള്ള മണ്ഡലം കൂടുതൽകാലം യു.ഡി.എഫാണ് ഭരിച്ചത്. മണ്ഡലം 2016-ൽ പി.വി. അൻവറിലൂടെയാണ് എൽ.ഡി.എഫ്. സ്വന്തമാക്കുന്നത്. എൽ.ഡി.എഫ്. സ്വതന്ത്രനായി 11,504 വോട്ടിനായിരുന്നു ജയം. 2021-ൽ ഡി.സി.സി. പ്രസിഡന്റായ വി.വി. പ്രകാശിനെ 2700 വോട്ടിന് പരാജയപ്പെടുത്തി രണ്ടാമതും അൻവർ നിയമസഭയിലെത്തി. പിന്നീട് സി.പി.എമ്മുമായി തെറ്റിപ്പിരിഞ്ഞ്് അൻവർ എം.എൽ.എ. സ്ഥാനം രാജിവെച്ചു. ഇതേത്തുടർന്ന് 2025 ജൂൺ 19-ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് ജയിച്ചു. തിരഞ്ഞെടുപ്പിൽ 11,077 വോട്ടിനാണ് സി.പി.എമ്മിലെ എം. സ്വരാജിനെ തോൽപ്പിച്ചത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും പ്രചാരണപ്രവർത്തനങ്ങൾ ഊർജിതമായി. യു.ഡി.എഫിന് മേൽക്കോയ്‌മയുള്ള ജില്ലയിൽ 2021-ലെ തിരഞ്ഞെടുപ്പിൽ 12 ഇടത്ത് യു.ഡി.എഫും നാലിടത്ത് എൽ.ഡി.എഫുമാണ് ജയിച്ചത്. മലപ്പുറം, വേങ്ങര, കോട്ടയ്ക്കൽ, മങ്കട, പെരിന്തൽമണ്ണ, മഞ്ചേരി, വണ്ടൂർ, തിരൂരങ്ങാടി, വള്ളിക്കുന്ന്, കൊണ്ടോട്ടി, ഏറനാട്, തിരൂർ എന്നിവിടങ്ങളിലാണ് യു.ഡി.എഫ് എം.എൽ.എ.മാരുണ്ടായത്. പൊന്നാനി, നിലമ്പൂർ, തവനൂർ, താനൂർ എന്നിവിടങ്ങളിൽ എൽ.ഡി.എഫും ജയിച്ചു. ഇതിൽ നിലമ്പൂർ എം.എൽ.എ. പി.വി. അൻവർ രാജിവെച്ചതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് ജയിച്ചതിനാൽ യു.ഡി.എഫിന് 13 എം.എൽ.എ.മാരായി
Content Highlights: Malappuram Polls: Can LDF Overturn the UDF Dominance?
Published: 16 Mar 2026, 07:31 am IST
Related Topics
Kerala Assembly Election 2026
Ponnani Assembly Constituency
Wandoor Assembly Constituency
Vallikunnu Assembly Constituency
Tirurangadi Assembly Constituency
Tanur Assembly Constituency
Tirur Assembly Constituency
Eranad Assembly Constituency
Vengara Assembly Constituency
Mankada Assembly Constituency
Malappuram Assembly Constituency
Kondotty Assembly Constituency
Kottakkal Assembly Constituency
Perinthalmanna Assembly Constituency
Thavanur Assembly Constituency
Malappuram
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented