തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരേ എടുത്ത കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കോടതി നിര്‍ദ്ദേശ പ്രകാരമാണ് യദുവിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.  

To advertise here,

കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്. അതേസമയം യദുവിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായത്. യദു ഇത്തരം ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നത് മാധ്യമശ്രദ്ധ നേടാനാണ്. യദുവിനെതിരേ നേമത്ത് സ്ത്രീയെ ഉപദ്രവിച്ചതടക്കം മൂന്നു കേസുകളുണ്ടെന്നും പ്രോസിക്യൂട്ടറായ മനു കല്ലമ്പള്ളി ആരോപിച്ചു. അതേസമയം അന്വേഷണ പുരോഗതിയില്‍ വിശ്വാസമുണ്ടെന്ന് യദുവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. 

കേസില്‍ 30ന് കോടതി വിധി പറയും. എന്നാല്‍ പോലീസ് സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബസില്‍ യാത്രക്കാരായിരുന്ന രണ്ടു പേരുടെ മൊഴിയെടുത്തു. മൂന്നു ദൃക്സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. കെഎസ്ആര്‍ടിസി ബസിന്റെ ട്രിപ്പ് ഷീറ്റ്, വെഹിക്കിള്‍ ലോഗ് ഷീറ്റ്, യദുവിന്റെ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ്, സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകള്‍ ശേഖരിച്ചു. കേസിലെ അന്വേഷണം ശരിയായ രീതിയിലാണെന്ന് പറഞ്ഞതിന് ശേഷമാണ് യദുവിനെതിരേ പ്രോസിക്യൂഷന്‍ ആരോപണമുയര്‍ത്തിയത്. 

ബസ് ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാണിച്ചതിന് മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവും ബന്ധുക്കളും 2024 ഏപ്രില്‍ 28ന് നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു തര്‍ക്കമുണ്ടായിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ  തനിക്ക് നേരെ ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയില്‍ യദുവിനെതിരെ കേസുമെടുത്തു. വാഹനം തടഞ്ഞുനിര്‍ത്തി തന്റെ ജോലി തടസപ്പെടുത്തിയെന്നതുള്‍പ്പെടെ കാട്ടി യദുവിന്റെ പരാതിയിലും കോടതി നിര്‍ദേശപ്രകാരം പിന്നീട് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു