ചെന്നൈ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. കൊച്ചി സ്വദേശിനി റബേക്ക ജോസഫ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പ്രത്യേക ഫോറസ്റ്റ് ബെഞ്ച് തള്ളിയത്. അരിക്കൊമ്പനെ കേരളത്തിന് കൈമാറേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തേ കോടതി ഹര്‍ജി പരിഗണിച്ച സമയത്തുതന്നെ പരാതിക്കാരിക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. ശ്രദ്ധനേടുന്നതിനു വേണ്ടിയുള്ള ഹര്‍ജിയാണെന്നും കോടതി കഴിഞ്ഞയാഴ്ച വിമര്‍ശിച്ചിരുന്നു.

To advertise here,

ഇടുക്കി ജില്ലയിലെ മതികെട്ടാന്‍ചോല ദേശീയോദ്യാനത്തിലേക്ക് അരിക്കൊമ്പനെ തുറന്നുവിടണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.  ഹര്‍ജി പ്രത്യേക ഫോറസ്റ്റ് ബെഞ്ചിന് കൈമാറി. ഈ ബെഞ്ചാണ് അരിക്കൊമ്പനെ കേരളത്തിലേക്ക് കൈമാറേണ്ടതില്ലെന്ന നിലപാടെടുത്തത്. അരിക്കൊമ്പന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വനംവകുപ്പിന് വൈദഗ്ധ്യമുണ്ടെന്നും കോടതി വ്യക്തമാക്കി. 

നിലവില്‍ തിരുനെല്‍വേലി മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വിലാണ് അരിക്കൊമ്പനുള്ളത്. ഇവിടെ അരിക്കൊമ്പന്‍ സുഖമായി കഴിയുകയാണെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വില്‍നിന്ന് അരിക്കൊമ്പനെ മാറ്റേണ്ടതില്ലെന്ന് നിലപാടിലേക്ക് കോടതിയെത്തിയത്. 

അതിനിടെ അരിക്കൊമ്പന്‍ കളക്കാട് മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വില്‍ സുഖമായി കഴിയുന്നുവെന്ന് തമിഴ്‌നാട് വനം വകുപ്പ്‌ അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ട്വീറ്റ് ചെയ്തു. അരിക്കൊമ്പന്റെ പുതിയ ചിത്രം സഹിതമാണ് ട്വീറ്റ്. പുതിയ ആവാസവ്യവസ്ഥയുമായി അരിക്കൊമ്പന്‍ ഇണങ്ങുന്നുണ്ട്. നല്ലപോലെ ഭക്ഷണം കഴിക്കുന്നുമുണ്ട്. റേഡിയോ കോളര്‍, ക്യാമറാ സംവിധാനങ്ങള്‍ ഉപയോഗിച്ച് അരിക്കൊമ്പനെ നിരന്തരമായി നിരീക്ഷിക്കുന്നുണ്ടെന്നും ഫീല്‍ഡ് ഡയറക്ടറെ ഉദ്ധരിച്ച് അവര്‍ വ്യക്തമാക്കി.