കൊച്ചി: അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ടമർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. മറ്റുള്ള പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി. വിചാരണ കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ച ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈനെയാണ് വെറുതെ വിട്ടത്.
മറ്റു പ്രതികളായ മരക്കാർ (2-ാം പ്രതി), ഷംസുദ്ദീൻ (3-ാം പ്രതി), രാധാകൃഷ്ണൻ (5-ാം പ്രതി), അബൂബക്കർ (6-ാം പ്രതി), സിദ്ധിഖ് (7-ാം പ്രതി), ഉബൈദ് (8-ാം പ്രതി), നജീബ് (9-ാം പ്രതി), ജൈജുമോൻ (10-ാം പ്രതി), സജീവ് (12-ാം പ്രതി), സതീഷ് (13-ാം പ്രതി), ഹരീഷ് (14-ാം പ്രതി), ബിജു (15-ാം പ്രതി) എന്നിവരെ ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവെച്ചു.
നാലാം പ്രതിയേയും 11-ാം പ്രതിയേയും വെറുതെവിട്ട വിചാരണ കോടതിയുടെ വിധിയും ഹൈക്കോടതി ശരിവെച്ചു. അതേസമയം പ്രതികൾക്കെതിരെ എസ്‌സി-എസ്ടി പീഡന നിരോധന ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന വിചാരണ കോടതിയുടെ കണ്ടെത്തൽ ഹൈക്കോടതി റദ്ദാക്കി. ഇതോടെ പ്രതികളുടെ ശിക്ഷ ഉയർത്തും.
കേസിലെ 16-ാം പ്രതിയായ കള്ളമല വിരുത്തിയിൽ മുനീറിന് ഐപിസി 352 വകുപ്പ് പ്രകാരം മാത്രമാണ് കോടതി ശിക്ഷിച്ചിരുന്നത്. ഇയാൾക്കെതിരെ എസ്എസി എസ്ടി വകുപ്പ് പ്രകാരമുള്ള കേസിലും ഇയാൾ കുറ്റക്കാരനാണെന്ന് ഹൈക്കോടതി കണ്ടെത്തി. ഇയാളുടെ ശിക്ഷ പുതുക്കും. നേരത്തെ മൂന്നുമാസം തടവും 500 രൂപ പിഴയും മാത്രമാണ് ഇയാൾക്ക് വിധിച്ചിരുന്നത്. റിമാൻഡ് കാലാവധി ശിക്ഷാ കാലാവധിയായി പരിഗണിച്ചതോടെ ഇയാൾ ജയിൽ മോചിതനായിരുന്നു.
ശിക്ഷിക്കപ്പെട്ട പ്രതികളും മധുവിന്റെ കുടുംബവും നൽകിയ അപ്പീലുകളാണ് കോടതി പരിഗണിച്ചത്. വിചാരണനടപടികൾക്കുശേഷമാണ് ഹൈക്കോടതി വിധിപറയുന്നത്. ജസ്റ്റിസുമാരായ രാജ വിജയരാഘവൻസ കെ.വി.ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പുതിയ വകുപ്പുകളിൽ കൂടി പ്രതികൾ കുറ്റക്കാരായതോടെ ശിക്ഷാവിധി ഉച്ചയ്ക്ക് 12:30ന് പ്രഖ്യാപിക്കും.
2018 ഫെബ്രുവരി 22-നാണ് മുക്കാലിയിൽ മധുവിനെ ഒരുസംഘം മോഷണക്കുറ്റമാരോപിച്ച് കൈകൾ ബന്ധിച്ച് മർദിച്ച് അവശനാക്കിയത്. പിന്നീട് അഗളി പോലീസിന് മധുവിനെ കൈമാറി. പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയിൽ മധു മരിച്ചു.
മധു വധക്കേസിലെ 16 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. വിചാരണയ്ക്കുശേഷം 2023 ഏപ്രിൽ അഞ്ചിനാണ് ശിക്ഷ വിധിച്ചത്. ഇതിൽ ഇപ്പോൾ ഒന്നാം പ്രതിയെ കൂടി വെറുതെവിട്ടതോടെ കുറ്റക്കാരായ പ്രതികളുടെ എണ്ണം 13 ആയി.
Content Highlights: The Kerala High Court delivers its 2026 verdict on the Madhu murder case, acquitting the first accused while upholding sentences for others. Read the full update.
Published: 25 May 2026, 10:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented