തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ പിതൃബിംബമാണെന്ന് സിപിഎം  ജനറൽ സെക്രട്ടറി എം.എ. ബേബി. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

കഴിഞ്ഞ പത്ത് വർഷമായി കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിലും അതിന് മുൻപ് ഒന്നര പതിറ്റാണ്ടിലേറെ പാർട്ടി സെക്രട്ടറിയെന്ന നിലയിലും പ്രവർത്തിച്ച പിണറായി വിജയൻ കേരളീയ സമൂഹത്തിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. അതുകൊണ്ടാണ് ഒരു ‘ഐക്കൺ’ എന്ന നിലയിൽ എൽഡിഎഫിന്റെ പ്രചാരണത്തിൽ അദ്ദേഹത്തിന്റെ ചിത്രം ഉയർന്നുവരുന്നതെന്നും എം.എ. ബേബി വിശദീകരിച്ചു.

സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം വർധിക്കുന്നത് ഗൗരവകരമാണെന്ന് എം.എ. ബേബി ചൂണ്ടിക്കാട്ടി. മുൻപെങ്ങുമില്ലാത്തവിധം വളരെ ദൃശ്യമായ രീതിയിലാണ് ബിജെപി ഇത്തവണ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ മുന്നോട്ടുവന്നിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ജനസംഘമോ ബിജെപിയോ ഇത്രത്തോളം സജീവമായ ഒരു സാഹചര്യം മുൻപ് ഉണ്ടായിട്ടില്ല. ബിജെപിക്ക് സംസ്ഥാനത്ത് ചില മണ്ഡലങ്ങളിൽ വിജയിക്കാൻ കഴിഞ്ഞേക്കുമെന്ന തരത്തിലുള്ള ഒരു പ്രതീതി സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. പണക്കൊഴുപ്പും മാധ്യമങ്ങളുടെ സഹായവും ചില ഇടപാടുകളും വഴിയാണ് ബിജെപി വളരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥിത്വം മാത്രം നോക്കി ചുവടുമാറുന്ന പ്രവണത രാഷ്ട്രീയത്തിൽ വർധിച്ചുവരികയാണ്. ഒരു സാധാരണ പാർട്ടി അംഗം പാർട്ടി വിട്ടുപോകുന്നത് പോലും പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും ആളുകളെ അകറ്റുകയല്ല, മറിച്ച് പാർട്ടിയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വലിയ മുന്നേറ്റം നടത്തുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. വികസനവും ജനക്ഷേമവും സാമൂഹിക സമാധാനവും മുൻനിർത്തി കേരളത്തിലെ വോട്ടർമാർ ഇത്തവണ ചരിത്രം കുറിക്കുമെന്നും എൽഡിഎഫിന് തുടർഭരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

നൂറോ അതിനപ്പുറമോ സീറ്റുകൾ നേടി എൽഡിഎഫ് ചരിത്രപരമായ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. വോട്ടർമാർ എൽഡിഎഫിന് അനുകൂലമായി വിധിയെഴുതുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുന്നണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.