ആലപ്പുഴ: വി.എസ്. എന്ന രണ്ടക്ഷരത്തെ വിവാദത്തില്‍ കുരുക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്. കാപ്പിറ്റല്‍ പണിഷ്മെന്റ് വിവാദത്തിനിടെ സിപിഎം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച വി.എസ്. അച്യുതാനന്ദന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

വി.എസിന്റെ ചിതയെരിഞ്ഞു തീരുംമുന്‍പേ അദ്ദേഹത്തെ വിവാദത്തില്‍ കുരുക്കാനാണ് ചില മാധ്യമങ്ങള്‍ നേതൃത്വം നല്‍കുന്നത്. ദുഃഖാചരണം തീരാനുള്ള മര്യാദപോലും ഇക്കാര്യത്തില്‍ കാണിച്ചില്ല. വി.എസിനെ വിവാദത്തില്‍ കുരുക്കുന്നത് ക്രൂരമാണ്. ഈ ശൈലി മാധ്യമങ്ങള്‍ അവസാനിപ്പിക്കണം. കമ്യൂണിസ്റ്റ് നേതാവിനുചിതമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയയാളാണ് വി.എസെന്നും -സ്വരാജ് പറഞ്ഞു.

2012-ലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ യുവനേതാവ് വി.എസിന് കാപ്പിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്നു പറഞ്ഞതായി പിരപ്പന്‍കോട് മുരളി വെളിപ്പെടുത്തിയിരുന്നു. സ്വരാജിനെ ലക്ഷ്യമിട്ടാണ് ആരോപണമെന്നു സൂചനയുണ്ടായിരുന്നു. എന്നാല്‍, കഞ്ഞിക്കുഴിയിലെ ചടങ്ങില്‍ പതിനൊന്നു മിനിറ്റുമാത്രം പ്രസംഗിച്ച സ്വരാജ്, ഇതുമായി ബന്ധപ്പെട്ട് ഒന്നും പരാമര്‍ശിച്ചില്ല.