
വെള്ളാങ്ങല്ലൂർ: എരുമത്തടം ഫ്രൻഡ്‌സ് ലെയ്‌നിൽ വീട്ടിലെ പാചകവാതക സിലിൻഡർ ചോർന്ന് തീപിടിച്ച് ദമ്പതിമാർക്ക് പൊള്ളലേറ്റു. തൃക്കോവിൽ വാരിയത്ത് രവീന്ദ്രനും (70) ഭാര്യ ജയശ്രീക്കുമാണ് (60) പൊള്ളലേറ്റത്. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലുള്ള ജയശ്രീയുടെ നില അതിഗുരുതരമാണ്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഇവർ രണ്ടുപേരും മാത്രമാണ് വീട്ടിൽ താമസം.
തിരുവുള്ളക്കാവിനടുത്തുള്ള ബന്ധുവീട്ടിൽ പിറന്നാൾ ആഘോഷത്തിനു പോയി വീട്ടിൽ തിരിച്ചെത്തിയശേഷമാണ് സംഭവം. സിലിൻഡറുകൾ രണ്ടും വീടിനു പുറത്താണ് സ്ഥാപിച്ചിരിക്കുന്നത്. വലിയ പൊട്ടിത്തെറിശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തുകയായിരുന്നു. വീടിനുള്ളിലാകെ തീ പടർന്നു. ഉപകരണങ്ങൾക്കും കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീടിനു മുൻവശത്ത് ഉള്ളിലേക്ക് അടയ്ക്കുന്ന സ്റ്റീൽവാതിൽ പുറത്തേക്ക് തള്ളിത്തുറന്ന നിലയിലാണ്. വാതിലിനു സമീപത്തെ ഭിത്തിക്കും വിള്ളലുണ്ട്. സിലിൻഡർ ചോർന്ന് പാചകവാതകം വീടാകെ പടരുകയും ദമ്പതിമാർ വീട്ടിലെത്തിയശേഷം സ്വിച്ചിട്ടപ്പോൾ തീ പിടിക്കുകയും ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
സമീപവാസികളാണ് ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇരിങ്ങാലക്കുടയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് വീട്ടിലെ തീയണച്ചത്. ഏറെ ദൂരത്തേക്കുവരെ വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. രവീന്ദ്രനെ പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുടയിൽനിന്ന് എസ്എച്ച്ഒ എം.എച്ച്. ഷാജന്റെ നേതൃത്വത്തിൽ പോലീസ്‌സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
Content Highlights: Gas leak triggers explosion,couple suffer serious burns in Thrissur
Published: 09 Jul 2025, 07:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented